മുംബൈ: പതിനേഴുപ്രാവശ്യം ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയ റോജര്‍ ഫെഡററുടെ ആരാധകനായ സച്ചിന് തെണ്ടുല്‍ക്കര്‍ ടെന്നീസ് ടീമിനെ സ്വന്തമാക്കി. ഫുട്ബോള്‍ ലീഗില്‍ കൊച്ചി ടീമിനെ സ്വന്തമാക്കിയതിനു പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാജ്യാന്തര ടെന്നീസ് പ്രീമിയര്‍ ലീഗില്‍ മുംബൈ ടീമിനെ വാങ്ങിയത്. ഇന്ത്യയില്‍ നിന്ന് രാജ്യാന്തര ടെന്നീസ് പ്രീമിയര്‍ ലീഗില്‍ ഉള്ള ഏക ടീമാണ് മുംബൈ. മുംബൈക്കു പുറമേ സിംഗപൂര്‍, ബാങ്കോക്ക്, ദുബായ് എന്നിവയാണ് പ്രഥമ രാജ്യാന്തര പ്രീമിയര്‍ ലീഗ് ടെന്നീസിലുള്ളത്. നവംബര്‍ 28ന് സിംഗപ്പൂരിലാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുക. ഡിസംബര്‍ 14ന് മുംബൈയിലാണ് അവസാന മത്സരം.
പിവിപി ഗ്രൂപ്പുമായി ചേര്‍ന്നാണ് സച്ചിന് ടെന്നീസ് ടീമിനെയും സ്വന്തമാക്കിയിരിക്കുന്നത്. പിവിപിക്കൊപ്പമാണ് സച്ചിന് സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കൊച്ചി ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയത്. ലോക ഒന്നാം നമ്പര്‍ സിംഗിള്‍സ് താരം സ്പെയിനിന്റെ റാഫേല്‍ നദാല്‍, മുന്‍ സൂപ്പര്‍ താരം പീറ്റ് സാംപ്രസ് എന്നിവര്‍ മുംബൈ ടീമില്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സച്ചിന്റെ ടീമില്‍ നദാലെത്തുന്നതോടെ മുംബൈ താര സമ്പന്നമാകും.
നദാലിനു പുറമേ വനിതാ വിഭാഗം ലോക ഒന്നാം നമ്പര്‍ താരമായ അമേരിക്കയുടെ സെറീന വില്യംസും പ്രീമിയര്‍ ലീഗ് ടെന്നീസില്‍ കളിക്കും. ഇവര്‍ക്കു പിന്നാലെ ടെന്നീസ് ലോകത്തിലെ ഗ്ളാമര്‍ താരങ്ങളായ നൊവാക് ജോക്കോവിച്ച്, ആന്‍ഡി മുറെ, ഹെവിറ്റ്, കരോളിന് വോസ്നിയാകി, വിക്ടോറിയ അസരെങ്ക, അന്ന ഇവാനോവിച് തുടങ്ങിയവരും വിവിധ ടീമുകളില്‍ കളിക്കും. ഇന്ത്യന്‍ ഗ്ളാമര്‍ താരം സാനിയ മിര്‍സ മുംബൈ ടീമിനൊപ്പമാണ്. മുന്‍ ഗ്രാന്‍ഡ് സ്ലാം ജേതാക്കളായ പീറ്റ് സംപ്രാസ്, കാര്‍ലോസ് മോയ, ആന്ദ്രേ ആഗസി, മാര്‍ട്ടീന ഹിന്‍ഗിസ്, ഗൊരാന്‍ ഇവാനിസേവിച്ച് എന്നിവരും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.
ടീം സിംഗപൂര്‍: ആന്ദ്രേ ആഗസി, ലെയ്ട്ടണ്‍ ഹെവിറ്റ്, നിക് ക്രിഗിയോസ്, പാട്രിക് റാഫ്റ്റര്‍, തോമസ് ബെര്‍ഡിച്ച്, ബ്രുണോ സുവാരസ്, സെറീന വില്യംസ്, ഡാനിയേല ഹന്ചുകോവ.
ടീം ബാങ്കോക്: ആന്‍ഡി മുറെ, വില്‍ഫ്രഡ് സോംഗ, കാര്‍ലോസ് മോയ, ഡാനിയേല്‍ നെസ്റര്‍, വിക്ടോറിയ അസരെങ്ക, ഫ്ളിപ്കെന്‍സ്, റഡ്വാന്‍സ്ക, ഡൊമിനിക് തീം.
ടീം മുംബൈ: റാഫേല്‍ നദാല്‍, മൊഫില്സ്, പീറ്റ് സാംപ്രസ്, രോഹന് ബൊപ്പണ്ണ, ഫാബ്രിക് സന്ടൊറൊ, സാനിയ മിര്‍സ, അന്ന ഇവാനോവിച്.
ടീം ദുബായ്: നൊവാക് ജോക്കോവിച്ച്, നെനാദ് സിമോന്‍ജിക്, ജാങ്കൊ ടിപ്സ്റേവിക്, ഗൊരാന്‍ ഇവാനിസേവിച്ച്, മലെക് ജസിറി, കരോളിന് വോസ്നിയാകി, മാര്‍ട്ടീന ഹിന്‍ഗിസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.