കുട്ടിപ്പൂരം ഏഴാം പതിപ്പ്
കുട്ടിപ്പൂരം ഏഴാം പതിപ്പ്
Tuesday, April 15, 2014 10:45 PM IST
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിലെ പണക്കൊഴുപ്പിന്റെ ആവിഷ്കാരം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഏഴാം പതിപ്പിന് നാളെ യുഎഇയില്‍ തുടക്കം. അബുദാബിയില്‍ നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ നിലവിലെ ചാ മ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് 2012ലെ ചാമ്പ്യന്മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അബുദാബി ഷേക്ക് സായദ് സ്റേഡിയത്തില്‍ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. സോണി സിക്സ്, മാക്സ് ചാനലുകളില്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യും.

ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രണ്ടു ഘട്ടങ്ങളിലായാണ് ഈ സീസണില്‍ ഐപിഎല്‍ നടക്കുന്നത്. ഏപ്രില്‍ 30 വരെയുള്ള 20 മത്സരങ്ങള്‍ യുഎഇയിലും ബാക്കിയുള്ള മത്സരങ്ങള്‍ മേയ് രണ്ടു മുതല്‍ ഇന്ത്യയിലും നടക്കും. ജൂണ്‍ ഒന്നിന് മുംബൈ വാങ്കഡെ സ്റേഡിയത്തിലാണ് ഫൈനല്‍. എട്ടു ടീമുകള്‍ മത്സരിക്കുന്ന ഐപിഎല്‍ ഏഴാം സീസണില്‍ 60 മത്സരങ്ങളാണുള്ളത്. കഴിഞ്ഞ തവണ ഒമ്പതു ടീമുകള്‍ മത്സരിച്ചെങ്കിലും പൂന വാരിയേഴ്സ് പിന്മാറിയ പശ്ചാത്തലത്തില്‍ ഇത്തവണ എട്ടു ടീമുകളായി കുറഞ്ഞു. എല്ലാ ടീമുകളും പരസ്പരം രണ്ടു തവണ വീതം മത്സരിക്കും. പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ എലിമിനേഷന്‍ കം ക്വാളിഫിക്കേഷന്‍ റൌണ്ടിലേക്കു മുന്നേറും.

ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകള്‍ പരസ്പരം മത്സരിച്ച് വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്കു കയറുമ്പോള്‍ പരാജയപ്പെടുന്ന ടീം മൂന്നും നാലും സ്ഥാനങ്ങളിലുള്ള ടീമുകള്‍ തമ്മിലുള്ള മത്സരവിജയിയെ നേരിടും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലേക്കു യോഗ്യത നേടും.

ഐപിഎലിന്റെ ചുമതലയുള്ള ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സുനില്‍ ഗാവസ്കറുടെ മേല്‍നോട്ടത്തിലാണ് ഇത്തവണ ഐപിഎല്‍ നടക്കുന്നത്. ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സിഇഒ ഗുരുനാഥ് മെയ്യപ്പനെതിരേ വാതുവയ്പ് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ശ്രീനിവാസനോടു മാറിനില്‍ക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. സുപ്രീം കോടതിയാണ് ഗാവസ്കറെ പ്രസിഡന്റായി നിയമിച്ചത്. രഞ്ജീബ് ബിശ്വാസിനെയായിരുന്നു ബിസിസിഐ ഐപിഎല്‍ ചെയര്‍മാനായി നിയമിച്ചത്.

പുതിയ പരിശീലകര്‍

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് രൂപവും ഭാവവും മാറിവരുമ്പോള്‍ പുതിയ പരിശീലകനും അവര്‍ക്കൊപ്പമുണ്ടാകും, അത് മറ്റാരുമല്ല, മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗാരി കിര്‍സ്റനാണ്. വസിം അക്രമിനെ ബൌളിംഗ് കോച്ചാക്കി; മുഖ്യപരിശീലകനാക്കി ഡബ്ള്യൂ.വി. രാമനെ നിയമിച്ചു. ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനു മുഖ്യ പരിശീലകനായി അലന്‍ ഡൊണാള്‍ഡെത്തുമ്പോള്‍ ഡാനിയേല്‍ വെട്ടോറിയും കൂട്ടിനുണ്ട്. സഞ്ജയ്ബംഗാറാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകന്‍ ഡാരന്‍ലേമാന്‍ വിരമിച്ച ഒഴിവിലാണിത്. രാജസ്ഥാന്‍ ടീമിന്റെ ചീഫ് മെന്ററായി മുന്‍ താരം രാഹുല്‍ ദ്രാവിഡിനെയും നിയമിച്ചു.


വിലയേറിയ താരങ്ങള്‍

ഫെബ്രുവരി 13നു നടന്ന ഐപിഎല്‍ ലേലം 50 വിദേശ താരങ്ങളുള്‍പ്പെടെ 154 പേരെയാണ് വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്. യുവ് രാജ് സിംഗാണ് ഈ സീസണിലെ ഏറ്റവും കൂടുതല്‍ ലേലത്തുക ലഭിച്ച താരം. ബാംഗളൂര്‍ റോയല്‍

ചലഞ്ചേഴ്സ് 14 കോടിക്കാണ് യുവിയെ വാങ്ങിയത്. ദിനേഷ് കാര്‍ത്തികിനെ 12.5 കോടി രൂപയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. വിദേശതാരങ്ങളില്‍ കൂടുതല്‍ തുകയ്ക്ക് പോയത് കെവിന്‍ പീറ്റേഴ്സനാണ്. 12.5 കോടി രൂപയ്ക്ക് ഡല്‍ഡി ഡെയര്‍ഡെവിള്‍സാണ് കെപിയെ സ്വന്തമാക്കിയത്.

മുംബൈ- കോല്‍ക്കത്ത പോരാട്ടം തകര്‍ക്കും

ഇന്നു നടക്കുന്ന ഉദ്ഘാടനമത്സരം കലക്കുമെന്നുറപ്പ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഐപിഎലില്‍നിന്ന് വിരമിച്ചശേഷം മുംബൈ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. വിരമിച്ചെങ്കിലും ടീമിന്റെ ഐക്കണ്‍ താരമായി സച്ചിന്‍ കൂടെയുണ്ടാകും. ഇതുവരെയുള്ള ഐപിഎല്‍ സീസണുകളില്‍ എല്ലാറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത ടീമാണ് മുംബൈ. ആദ്യ സീസണില്‍ അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ടാം സീസണില്‍ എട്ടാമതെത്താനേ സാധിച്ചുള്ളൂ. 2010ല്‍ ഫൈനലില്‍ കയറിയ അവര്‍ 2011ല്‍ മൂന്നാം സ്ഥാനം നേടി. 2012ല്‍ നാലാമതെത്തിയ ടീം 2013ല്‍ ചാമ്പ്യന്മാരായി. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കാര്യമെടുത്താല്‍ 2012ല്‍ ജേതാക്കളായതൊഴിച്ചാല്‍ വലിയ നേട്ടങ്ങളൊന്നും അവര്‍ക്കില്ല. 2011ല്‍ നാലാം സ്ഥാനത്തെത്തിയിരുന്നു.

രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ നിരവധി മികച്ച താരങ്ങളുണ്ട്. ലോകകപ്പിന്റെ താരമായി മാറിയ ലസിത് മലിംഗ, കെയ്റോണ്‍ പൊളാര്‍ഡ്, കോറി ആന്‍ഡേഴ്സണ്‍ എന്നീ വിദേശതാരങ്ങള്‍ കരുത്താകും.

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകന്‍ ഗൌതം ഗംഭീര്‍ നയിക്കുന്ന കോല്‍ക്കത്ത 2012 ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ്. സുനില്‍ നരെയ്ന്റെ നേതൃത്വത്തിലുള്ള ബൌളിംഗ് അവരുടെ കരുത്താണ്. ഏറ്റവും മികച്ച ബൌളിംഗ് കരുത്താണ് കോല്‍ക്കത്തയുടെ ശക്തി. മോര്‍ണി മോര്‍ക്കല്‍, ഉമേഷ് യാദവ്, വിനയ്കുമാര്‍, ആന്ദ്രെ റസല്‍ തുടങ്ങിയവരെല്ലാവരും കോല്‍ക്കത്തയ്ക്കൊപ്പമാണ്. ബംഗ്ളാദേശ് ഓള്‍ റൌണ്ടര്‍ ഷക്കീബ് അല്‍ഹസനും യൂസഫ് പഠാനും ജാക്ക് കാലിസുമൊക്കെയുള്ള ടീം വിജയപ്രതീക്ഷയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.