ക്രിക്കറ്റ് കോഴ: പ്രമുഖരുടെ പ്രതികരണങ്ങള്‍
Friday, May 17, 2013 12:00 AM IST
ഒത്തുകളിച്ചെന്നു വിശ്വസിക്കുന്നില്ല: സോണി

കൊച്ചി: ശ്രീശാന്ത് ഒത്തുകളിച്ചുവെന്നു വിശ്വസിക്കുന്നില്ലെന്നു കേരള രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ പറഞ്ഞു. ശ്രീശാന്ത് കേരളത്തില്‍ ക്രിക്കറ്റ് വളര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ കേരള ക്രിക്കറ്റിനു തിരിച്ചടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുടുക്കിയെന്നു സംശയം: ഡോ.അജിത് കുമാര്‍

കൊച്ചി: തന്റെ അറിവില്‍പ്പെട്ടിടത്തോളം പണത്തിനു വേണ്ടി ഒത്തുകളിക്കുന്നയാളാണു ശ്രീശാന്തെന്നു കരുതുന്നില്ലെന്നു കെസിഎ മുന്‍ സെക്രട്ടറി ഡോ.അജിത്കുമാര്‍. അദ്ദേഹത്തെ ഏതെങ്കിലും വിധത്തില്‍ കുടുക്കില്‍പെടുത്തിയിരിക്കാന്‍ സാധ്യതയുണ്ട്.

ശ്രീശാന്തിനു ഗോഡ്ഫാദര്‍മാരില്ല. അടുത്തു വരുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടായിരുന്നു. അത് അട്ടിമറിക്കുകയായിരുന്നു ചിലരുടെ ലക്ഷ്യമെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്‍. ശ്രീനിവാസന്‍ (ബിസിസിഐ പ്രസിഡന്റ്)

ഒന്നോ രണ്േടാ ചീഞ്ഞ മുട്ടകള്‍ മത്സരത്തെ ബാധിക്കില്ല. അതിന് അനുവദിക്കുകയുമില്ല. അത്തരക്കാര്‍ക്കു കനത്ത ശിക്ഷതന്നെ നല്‍കും. ഒരു സംശയവും വേണ്ട. അവര്‍ക്കു ലഭിക്കുന്ന ശിക്ഷ മറ്റുള്ളവര്‍ക്ക് ഒരു പാഠമായിരിക്കും. അവരെ സസ്പെന്‍ഡു ചെയ്തു കഴിഞ്ഞു.

സൌരവ് ഗാംഗുലി

ഞാന്‍, തെണ്ടുല്‍ക്കര്‍, ദ്രാവിഡ്, സെവാഗ്, ലക്ഷ്മണ്‍, കുംബ്ളെ എന്നിവരോടൊപ്പം കളിച്ചിട്ടുണ്ട്. ഇവരുടെ നേരെ കൈ ചൂണ്ടാന്‍ പോലും ആരും ധൈര്യപ്പെട്ടിട്ടില്ല. ഞങ്ങള്‍ കളിച്ചതു ക്രിക്കറ്റായിരുന്നു.


സുനില്‍ ഗാവസ്കര്‍

ട്വന്റി 20യില്‍ അപ്രതീക്ഷിതമായത് പ്രതീക്ഷിക്കാം. പക്ഷേ, ഇതു ശരിക്കും ഞെട്ടിച്ചു കളഞ്ഞു. ഐപിഎല്‍ പ്രതിഭ തെളിയിക്കാന്‍ നല്ല അവസരമായിരുന്നു കളിക്കാര്‍ക്കു നല്‍കിയത്. ഈ വാര്‍ത്ത തീര്‍ത്തും നിരാശപ്പെടുത്തി.

ലളിത് മോഡി

ഐപിഎലിന്റെ സൌന്ദര്യം നശിച്ചു തുടങ്ങിയിരിക്കുന്നു. വാതുവയ്പ് അതാണു കാണിക്കുന്നത്. ഇനി രക്ഷപ്പെടുക എളുപ്പമല്ല. ഇത് ഞാന്‍ പ്രതീക്ഷിച്ചിരുന്ന കാര്യമാണ്.


രാജ് കുന്ദ്ര

വാതുവയ്പില്‍ പങ്കെടുത്തവര്‍ സത്യസന്ധതയില്ലാത്തവരാണ്. ഒരിക്കലും ടീമിന് വാതുവയ്പു നടത്താനാവില്ല. നടത്താനാവുന്നത് സത്യസന്ധരല്ലാത്ത കളിക്കാര്‍ക്കു മാത്രമാണ്.

രാഹുല്‍ ദ്രാവിഡ്

ശരിക്കും മുഴുവന്‍ ടീമും തകര്‍ന്നു പോയി ഈ വാര്‍ത്ത കേട്ടപ്പോള്‍. എന്നെ സംബന്ധിച്ച് ടീമിനെ മുഴുവന്‍ ഉത്തേജിപ്പിക്കുക എന്ന വലിയ ദൌത്യമാണു മുന്നിലുള്ളത്. അതുമാത്രമാണ് ഇപ്പോഴത്തെ എന്റെ ലക്ഷ്യം. മറ്റൊന്നിനെക്കുറിച്ചും ഞാനിപ്പോള്‍ ചിന്തിക്കുന്നില്ല. പ്രതികരിക്കുന്നുമില്ല.

ശശിതരൂര്‍

ഐപിഎല്‍ വാതുവെയ്പു കേസില്‍ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെട്ടുവെന്ന വാര്‍ത്ത ഏറെ നിരാശാജനകമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ശ്രീശാന്ത് കുറ്റക്കാരനാണോ എന്നു തീരുമാനിക്കേണ്ടതു കോടതിയാണ്. കോടതിയുടെ അന്തിമവിധി വന്നശേഷം മാത്രമേ തെറ്റുകാരനാണോയെന്നു പറയാന്‍ കഴിയൂ. ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ ശ്രീശാന്ത് എന്നും മികച്ച പ്രകടനമാണു കാഴ്ചവച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.