ഫെഡറേഷന്‍ കപ്പ് അത്ലറ്റിക് മീറ്റ്: മെര്‍ളിന്‍ വേഗറാണി
സി.കെ. രാജേഷ്കുമാര്‍

പട്യാല: ഇന്ത്യന്‍ അത്ലറ്റിക്സിന്റെ കളിയരങ്ങില്‍ കേരളം പുതിയ സീസണ്‍ തുടങ്ങി. 17-ാമത് ഫെഡറേഷന്‍ കപ്പ് അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ തുടക്കം പതിഞ്ഞ താളത്തിലായി. ആദ്യദിനം കേരളത്തിന് ഒരു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണു നേടാനായത്. പട്യാലയുടെ സന്ധ്യയില്‍ മെര്‍ളിന്‍ കെ. തോമസ് വേഗറാണിയായി. പോള്‍വോള്‍ട്ടിലാണ് കേരളത്തിന്റെ രണ്ടാമത്തെ മെഡല്‍. സംസ്ഥാന റിക്കാര്‍ഡിനുടമയായ കെ.സി. ഡിജ വെങ്കല മെഡല്‍ നേടി. വനിതകളുടെ ഹൈജംപില്‍ കേരളം വെള്ളിയും വെങ്കലവും സ്വന്തമാക്കി. എന്‍.കെ. സിജി രണ്ടാമതെത്തിയപ്പോള്‍ എന്‍.ഡി. ടിന്റു മൂന്നാമതെത്തി.

ലോകചാമ്പ്യന്‍ഷിപ്പിനു യോഗ്യതതേടി മത്സരിച്ച ഒളിമ്പ്യന്‍ രഞ്ജിത്ത് മഹേശ്വരിക്ക് വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഒന്നാം സ്ഥാനം പഞ്ചാബിന്റെ അര്‍പ്പീന്ദര്‍ സിംഗിനാണ്. 16.84 മീറ്റര്‍ കണ്െടത്തിയ അര്‍പ്പീന്ദറിന് ഒരു സെന്റീമീറ്ററിന്റെ വ്യത്യാസത്തിലാണ് ലോകചാമ്പ്യന്‍ഷിപ്പ് യോഗ്യത നഷ്ടമായത്. 16.65 മീറ്ററാണ് രഞ്ജിത്ത് കണ്െടത്തിയ ദൂരം. അതേസമയം, പി.യു. ചിത്രയ്ക്കും എം.ഡി. താരയ്ക്കും മെഡല്‍ ലഭിച്ചില്ല. മറ്റുസംസ്ഥാനങ്ങള്‍ക്കുവേണ്ടി മത്സരിച്ച മലയാളികളില്‍ മിക്കവരും മെഡല്‍ സ്വന്തമാക്കി. ആദ്യദിനം അവസാനിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഒഎന്‍ജിസി 52 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 26 പോയിന്റുള്ള കേരളം രണ്ടാം സ്ഥാനത്തും.

മെര്‍ളിന്‍ ആധിപത്യം

മികച്ച ലീഡോടെയാണ് മെര്‍ളിന്‍ വേഗപ്പോരില്‍ ജേതാവായത്. 11.75 മിനിറ്റില്‍ മെര്‍ളിന്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കി. മെര്‍ളിന്റെ മികച്ച വ്യക്തിഗത സമയമാണിത്. ഇരിട്ടി ഉളിക്കല്‍ പുളിച്ചമാക്കത്തൊട്ടിയില്‍ കുര്യന്‍ ജോസഫിന്റെയും എല്‍സിയുടെയും മകളാണ് റെയില്‍വേ ഉദ്യോഗസ്ഥയായ മെര്‍ളിന്‍. ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയിലും മെര്‍ളിന്‍ സ്വര്‍ണം നേടിയിരുന്നു. സംസ്ഥാന സീനിയര്‍ മീറ്റില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ മെര്‍ളിന്‍ ഇവിടെ 200 മീറ്ററിലും 100 മീറ്റര്‍ റിലേയിലും മത്സരിക്കുന്നുണ്ട്. രണ്ടാം സ്ഥാനം ഒറീസയുടെ ഷബാന നന്ദയും(10.61) മൂന്നാം സ്ഥാനം പശ്ചിമബംഗാളിന്റെ ആശ റോയിക്കു(10.63)മാണ്.

മീറ്റിലെ വേഗമേറിയ ഓട്ടക്കാരനായി ഒഎന്‍ജിസിയുടെ സിദ്ധാന്ദ് തിങ്കാലാല തെരഞ്ഞെടുക്കപ്പെട്ടു. ഛത്തിസ്ഗഡിനുവേണ്ടി മത്സരിച്ച മലയാളി താരം ഷമീര്‍മോനെ(10.61) രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് സിദ്ധാന്ത് നൂറു മീറ്ററില്‍ സ്വര്‍ണമണിഞ്ഞ് വേഗക്കാരനായത്. സമയം-10.55 സെക്കന്‍ഡ്. ആന്ധ്രപ്രദേശിന്റെ മണികണ്ഠനാണ്(10.63) വെങ്കലം. കേരളത്തിനു വേണ്ടി മത്സരിക്കാന്‍ എന്‍ട്രി കിട്ടാത്തതിനാലാണ് താന്‍ ഛത്തിസ്ഗഡിനു മത്സരിച്ചതെന്ന് ഷമീര്‍മോന്‍ പറഞ്ഞു. സീസണിലെ ഷമീര്‍മോന്റെ മികച്ച സമയമാണിത്.


തുടക്കം നിരാശയോടെ

മീറ്റിന്റെ തുടക്കം കേരളത്തിനു സമ്മാനിച്ചത് നിരാശ. വനിതകളുടെ 10,000 മീറ്ററില്‍ മത്സരിച്ച എം.ഡി. താരയ്ക്ക് ഏഴാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. സമയം- 37:24.51. എന്നാല്‍, സംസ്ഥാന മീറ്റില്‍ താരയുടെ സമയത്തേക്കാള്‍ മികച്ച സമയമായിരുന്നു ഇത്. ഈയിനത്തില്‍ ഒഎന്‍ജിസിക്കുവേണ്ടി മത്സരിക്കുന്ന കവിത റാവത്ത് സ്വര്‍ണം നേടി. സമയം-35:30.21. മഹാരാഷ്ട്രയുടെ ലളിത ബബ്ബാറിനാണു(35:35.08.) വെള്ളി. 17-ാമത് ഫെഡറേഷന്‍ കപ്പ് അത്ലറ്റിക് മീറ്റിന്റെ ആദ്യ സ്വര്‍ണം ഉത്തരാഖണ്ഡിനാണ്. ഇന്നലെ രാവിലെ നടന്ന പുരുഷന്മാരുടെ 5,000 മീറ്ററില്‍ നിതേന്ദര്‍ സിംഗ് സ്വര്‍ണം നേടി. സമയം 13:55.28. മികച്ച നിലവാരം പുലര്‍ത്തിയ വനിതകളുടെ പോള്‍വോള്‍ട്ടില്‍ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു. സംസ്ഥാന റിക്കാര്‍ഡിനുടമയായ കെ.സി. ഡിജയുടെയും തമിഴ്നാടിന്റെ താരവും ഒളിമ്പ്യന്‍ രഞ്ജിത്ത് മഹേശ്വരിയുടെ ഭാര്യയുമായ വി.എസ്. സുരേഖയുടെയും വെല്ലുവിളി അതിജീവിച്ച് ഒഎന്‍ജിസിയുടെ ഖ്യാതി എസ് വഖാരിയ (4 മീറ്റര്‍) മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടി. എംബിബിഎസ് പൂര്‍ത്തിയാക്കിയ ഖ്യാതി ഭാവി ഇന്ത്യയുടെ പ്രതീക്ഷയാണ്. ഡിജയും സുരേഖയും 3.70 മീറ്റര്‍ വീതം ഉയരം കണ്െടത്തി. മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയാണ് സംസ്ഥാന റിക്കാര്‍ഡിനുടമയായ ഡിജ.

ഹൈജംപില്‍ മിന്നും പോരാട്ടം

ദേശീയ റിക്കാര്‍ഡിനുടമയായ സഹനകുമാരിയോട് വീറോടെ പൊരുതിയാണ് കേരളത്തിന്റെ എന്‍.കെ. സിജി വെള്ളിയും എന്‍.ഡി ടിന്റു വെങ്കലവും സ്വന്തമാക്കിയത്. സഹനകുമാരി 1.84 മീറ്റര്‍ ചാടിയ സഹനകുമാരി സ്വര്‍ണം നേടിയപ്പോള്‍ സിജി 1.75 മീറ്ററും ടിന്റു 1.70 മീറ്ററും കണ്െടത്തി. 1500 മീറ്ററില്‍ ഒഎന്‍ജിസിക്കുവേണ്ടി ഇറങ്ങിയ സിനിമോള്‍ പൌലോസ് വെള്ളി നേടി. സമയം- 4:31.53. സ്വര്‍ണം ജാര്‍ഖണ്ഡിന്റെ ജുമ ഖാട്ടൂവിനും(4:31.01) മൂന്നാം സ്ഥാനം ആസാമിന്റെ പ്രതിമ ടാഡുവിനു(4:31.60)വിനുമാണ്. അതേസമയം, ഈയിനത്തില്‍ മത്സരിച്ച കേരളത്തിന്റെ പ്രതീക്ഷയായിരുന്ന പി.യു. ചിത്രയ്ക്ക് ആറാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.