ഗെയ്ല്‍ വെടിക്കെട്ടില്‍ ബാംഗളൂരിന് വമ്പന്‍ ജയം
ബാംഗളൂര്‍: പൊടിമഴയ്ക്കുശേഷം ഒരു റണ്‍ പേമാരി, മിന്നലിനും ഇടിമുഴക്കത്തിനും പകരം ആ പേമാരിക്ക് അകമ്പടി സേവിച്ചത് ബൌണ്ടറികളും സിക്സറുകളും. കാറ്റിന്റെ ഇരമ്പലിനു പകരം ചിന്നസ്വാമി സ്റേഡിയത്തില്‍ കേട്ടത് ഗെയ്ലിരമ്പം. സ്ഫോടനാത്മക ബാറ്റിംഗുമായി ക്രിസ് ഗെയ്ല്‍ മൈതാനം അടക്കിവാണപ്പോള്‍ ആരാധകര്‍ അദ്ഭുതപ്പെട്ടു. 30 പന്തില്‍ നിന്ന് 11 സിക്സും എട്ടു ഫോറും അടക്കം ഏറ്റവും വേഗമേറിയ സെഞ്ചുറി, നേരിട്ട 53-ാം പന്തില്‍ 150, അപ്പോഴേക്കും സ്റേഡിയത്തിലേക്ക് നിലംതൊടാതെ പന്തു പറന്നത് 16 പ്രാവശ്യം. ഒടുവില്‍ 66 പന്തില്‍ നിന്ന് 17 സിക്സും 13 ഫോറുമടക്കം 175 റണ്‍സെടുത്ത് അപരാജിതനായി ഗെയ്ല്‍ ക്രീസ് വിടുമ്പോള്‍ സര്‍വരും അന്തംവിട്ടു. എന്തൊരു ഇന്നിംഗ്സ് എന്ന് അദ്ഭുതംകൂറി. ആ ഗെയ്ലിരമ്പത്തില്‍ വീണുടഞ്ഞത് അരഡസനിലധികം റിക്കാര്‍ഡുകള്‍. ഒടുവില്‍ ഗന്‍ഗം സ്റൈല്‍ ഡാന്‍സ് കളിച്ച് രണ്ടു വിക്കറ്റും പിഴുത് ഗെയ്ല്‍ കളിയുടെ താരമായി. ഒപ്പം 130 റണ്‍സിന്റെ റിക്കാര്‍ഡ് വിജയം ബാംഗളൂരിനും. സ്കോര്‍: ബാംഗളൂര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 263, പൂന 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 133.

ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍, ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി, ഏറ്റവും വേഗത്തില്‍ സെഞ്ചുറി, ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട്, ഏറ്റവും വേഗത്തില്‍ 100 റണ്‍സിലെത്തിയ ടീം, ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍, ഒരു ഇന്നിംഗ്സില്‍ ഏറ്റവും അധികം സിക്സും ഫോറും, ഈ സീസണിലെ ഏറ്റവും നീളമേറിയ സിക്സ് എന്നിങ്ങനെ നീളുന്നു ഇന്നലെ ചിന്നസ്വാമി സ്റേഡിയത്തില്‍ പിറന്ന റിക്കാര്‍ഡുകളുടെ ലിസ്റ്. ഇതിന്റെയൊക്കെ ക്രെഡിറ്റ് ക്രിസ് ഗെയ്ല്‍ എന്ന അതികായനു സ്വന്തം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബാംഗളൂരിനായി ഗെയ്ല്‍ തുടക്കം മുതല്‍ ആക്രമിച്ചു. ഇന്നിംഗ്സിന്റെ ആരംഭത്തില്‍ പെയ്ത ചെറിയ മഴയ്ക്കുശേഷം പിന്നീട് അരങ്ങേറിയതെല്ലാം അദ്ഭുതാവഹം. ബൌളര്‍ ആരെന്നോ, പന്ത് പിച്ചുചെയ്യുന്നത് എവിടെയെന്നോ കണക്കാക്കാതെ ഗെയ്ല്‍ ക്രീസില്‍ നിറഞ്ഞു. ഗെയ്ലിന്റെ ആക്രമണത്തില്‍ സഹികെട്ടപ്പോള്‍ മിച്ചല്‍ മാര്‍ഷും ഈശ്വര്‍ പാണ്ഡെയും മുര്‍താസും ഒക്കെ വൈഡും പോലും എറിഞ്ഞുപോയെന്നതാണ് സത്യം.

30 പന്തില്‍ സെഞ്ചുറി; ഓടിയെടുത്തത് വെറും നാലു റണ്‍സ്

30 പന്തില്‍ സെഞ്ചുറി നേടി ഏറ്റവും വേഗമേറിയ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഗെയ്ല്‍ ഓടിയെടുത്തത് വെറും നാലു റണ്‍സ്. 96 ല്‍ നിന്ന് സിക്സര്‍ പറത്തി 102 ലേക്കെത്തിയാണ് ഗെയ്ല്‍ സെഞ്ചുറി തികച്ചത്. 11 സിക്സും എട്ടു ഫോറും സെഞ്ചുറിയിലേക്കുള്ള വഴിയില്‍ ഗെയ്ലിന്റെ ബാറ്റില്‍ നിന്നൊഴുകി, അതായത് സിക്സും ഫോറും മാത്രമായി പിറന്നത് 98 റണ്‍സ്. ലോകത്തിലെതന്നെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റിക്കാര്‍ഡാണ് ഗെയ്ല്‍ സ്വന്തമാക്കിയത്, ഒപ്പം ഐപിഎലിലെയും. മുംബൈ ഇന്ത്യന്‍സിനെതിരേ കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ യൂസഫ് പഠാന്‍ 2011-12 സീസണില്‍ 37 പന്തില്‍ നിന്നു നേടിയ സെഞ്ചുറിയാണ് ഇതോടെ പഴങ്കഥയായത്. ട്വന്റി-20 യിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന ആഡ്രു സൈമണ്ട്സിന്റെ റിക്കാര്‍ഡും ഗെയ്ല്‍ മറികടന്നു. 2004 ല്‍ കെന്റിനുവേണ്ടി മിഡില്‍സെക്സിനെതിരേ സൈമണ്ട്സ് 34 പന്തില്‍ നേടിയ സെഞ്ചുറിയായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.

ഗെയ്ല്‍ തകര്‍ത്താടിയപ്പോള്‍ പൂന ബൌളര്‍മാര്‍ക്കു മറുപടിയില്ലാതായി. ആരോണ്‍ ഫിഞ്ച് തന്റെ ആദ്യ ഓവറില്‍ വഴങ്ങിയത് 29 റണ്‍സ്. മിച്ചല്‍ മാര്‍ഷ് നല്കിയത് 28, ഈശ്വര്‍ പാണ്ഡെ 21, എന്നിങ്ങനെയായിരുന്നു ഗെയ്ല്‍ താണ്ഡവത്തില്‍ പൂന ബൌളര്‍മാര്‍ക്കു ലഭിച്ച ശിക്ഷ. ഗെയ്ലിനു കൂട്ടായി ദില്‍ഷന്‍ (33) ഒരറ്റത്തു നിന്നു. 7.5 ഓവറില്‍ ബാംഗളൂര്‍ 100 റണ്‍സിലെത്തി. ഐപിഎലില്‍ ഒരു ടീമിന്റെ ഏറ്റവും വേഗമേറിയ 100 റണ്‍സായിരുന്നു അത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 167 റണ്‍സ് പടുത്തുയര്‍ത്തി. 2012 ല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ഡെയ്ന്‍ സ്മിത്തും പുറത്താകാതെ നേടിയ 163 റണ്‍സെന്ന ഓപ്പണിംഗ് വിക്കറ്റ് റിക്കാര്‍ഡാണ് ഇതോടെ തകര്‍ന്നത്. ഒപ്പം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടുമായി അത്. മുംബൈക്കെതിരേ ഡല്‍ഹിക്കുവേണ്ടി ഞായറാഴ്ച സെവാഗ് - ജയവര്‍ധന കൂട്ടുകെട്ട് നേടിയ 151 റണ്‍സായിരുന്നു ഇതുവരെയുള്ള മികച്ച ഓപ്പണിംഗ് പ്രകടനം. 2008 ല്‍ കോല്‍ക്കത്തയ്ക്കുവേണ്ടി ബ്രണ്ടന്‍ മക്കല്ലം പുറത്താകാതെ നേടിയ 158 റണ്‍സെന്ന ഉയര്‍ന്ന സ്കോറും ഗെയ്ലിന്റെ പ്രകടനത്തില്‍ പിന്നിലായി. 265.15 സ്ട്രൈക്ക്റേറ്റിലായിരുന്നു ഗെയ്ല്‍ 175 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്.


അവസാന ഓവറുകളില്‍ എബിഡിവില്യേഴ്സ് നടത്തിയ കടന്നാക്രമണം കൂടിയായപ്പോള്‍ ബാംഗളൂരിന്റെ സ്കോര്‍ 263 ല്‍ എത്തി. എട്ടു പന്തില്‍ മൂന്നു സിക്സും മൂന്നു ഫോറും അടക്കം 387.50 സ്ട്രൈക്ക്റേറ്റില്‍ 31 റണ്‍സാണ് ഡിവില്യേഴ്സ് അടിച്ചുകൂട്ടിയത്. 2010 ല്‍ ചെന്നൈ രാജസ്ഥാന്‍ റോയല്‍സിനെതിരേ നേടിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് എന്ന റിക്കാര്‍ഡ് സ്കോറാണ് ബാംഗളൂര്‍ മറികടന്നത്.

റണ്‍മല കടക്കാന്‍ ക്രീസിലെത്തിയ പൂനയ്ക്ക് നിലംതൊടാനായില്ല. അവിടെയും ഗെയ്ലിന്റെ ആക്രമണമായിരുന്നു പൂനയെ കാത്തിരുന്നത്. 20-ാം ഓവര്‍ എറിയാനെത്തിയ ഗെയ്ല്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി. വിക്കറ്റ് വീഴ്ത്തിയ ഗെയ്ല്‍ ഗന്‍ഗം സ്റ്റൈലില്‍ നൃത്തമാടിയാണ് ആഘോഷിച്ചത്. 31 പന്തില്‍ 41 റണ്‍സെടുത്ത സ്റീവന്‍ സ്മിത്താണ് പൂന നിരയിലെ ടോപ് സ്കോറര്‍. ബാംഗളൂരിനുവേണ്ടി രവി രാംപാലും ഉനത്ഖഡും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒടുവില്‍ 130 റണ്‍സിന്റെ കൂറ്റന്‍ വിജയത്തോടെ റോയല്‍ ചലഞ്ചേഴ്സ് മൈതാനംവിട്ടു.

സ്കോര്‍ബോര്‍ഡ്

ബാംഗളൂര്‍ ബാറ്റിംഗ്: ക്രിസ് ഗെയ്ല്‍ നോട്ടൌട്ട് 175, ദില്‍ഷന്‍ സി മുര്‍താസ ബി ലൂക്ക് വൈറ്റ് 33, കോഹ്ലി റണ്ണൌട്ട് 11, ഡിവില്യേഴ്സ് സി മന്‍ഹസ് ബി മിച്ചല്‍ മാര്‍ഷ് 31, സൌരഭ് തിവാരി സി മിച്ചല്‍ മാര്‍ഷ് ബി ദിന്‍ഡ 2, രവി രാംപാല്‍ സി മിച്ചല്‍ മാര്‍ഷ് ബി ദിന്‍ഡ 0, എക്സ്ട്രാസ് 11, ആകെ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 263.

ബൌളിംഗ്: ഭുവനേശ്വര്‍ കുമാര്‍ 4-0-23-0, ഈശ്വര്‍ പാണ്ഡെ 2-0-33-0, അശോക് ദിന്‍ഡ 4-0-48-2, മിച്ചല്‍ മാര്‍ഷ് 3-0-56-1, അലി മുര്‍താസ 2-0-45-0, ആരോണ്‍ ഫിഞ്ച് 1-0-29-0, ലൂക്ക് വൈറ്റ് 4-0-26-1.

പൂന ബാറ്റിംഗ്: റോബിന്‍ ഉത്തപ്പ സി ആര്‍.പി. സിംഗ് ബി മുരളി കാര്‍ത്തിക് 0, ആരോണ്‍ ഫിഞ്ച് സി മുരളി കാര്‍ത്തിക് ബി രാംപാല്‍ 18, യുവ്രാജ് സി കോഹ്ലി ഉനത്ഖഡ് 16, ലൂക്ക് വൈറ്റ് സി ഡിവില്യേഴ്സ് ബി ഉനത്ഖഡ് 7, സ്റീവന്‍ സ്മിത്ത് സി ദില്‍ഷന്‍ ബി രാംപാല്‍ 41, മിച്ചല്‍ മാര്‍ഷ് ബി വിനയ്കുമാര്‍ 25, മന്‍ഹസ് നോട്ടൌട്ട് 11, ഭുവനേശ്വര്‍ കുമാര്‍ സി അകുണ്‍ കാര്‍ത്തിക് ബി ആര്‍.പി. സിംഗ് 6, മുര്‍താസ് സ്റംപ്ഡ് ബി ഗെയ്ല്‍ 5, ഈശ്വര്‍ പാണ്ഡെ ബി ഗെയ്ല്‍ 0, അശോക് ദിന്‍ഡ 1, എക്ട്രാസ് 3, ആകെ 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 133.

ബൌളിംഗ്: മുരളി കാര്‍ത്തിക് 3-0-25-1, ആര്‍.പി. സിംഗ് 4-0-20-1, രവി രാംപാല്‍ 4-0-21-2, ഉനത്ഖഡ് 4-0-38-2, വിനയ്കുമാര്‍ 4-0-24-1, ക്രിസ് ഗെയ്ല്‍ 1-0-5-2.