ചെല്‍സി യുണൈറ്റഡിനെ പറത്തി
Tuesday, April 2, 2013 10:36 PM IST
ലണ്ടന്‍: സ്വന്തം തട്ടകത്തില്‍ പരമ്പരാഗത വൈരികളായ മാഞ്ചസ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി, എഫ്എ കപ്പിന്റെ സെമിയില്‍ കടന്നു. രണ്ടാം പകുതിയില്‍ സെനഗല്‍ താരം ഡെംബ ബാ നേടിയ ഗോളിലാണ് ചെല്‍സി വിജയിച്ചത്. കഴിഞ്ഞ എട്ടു സീസണുകളെടുത്താല്‍ ഇത് ആറാം തവണയാണ് ചെല്‍സി അവസാന നാലില്‍ കടക്കുന്നത്. ഏപ്രില്‍ 14ന് വെംബ്ളിയില്‍ നടക്കുന്ന സെമിയില്‍ ചെല്‍സി, മാഞ്ചസ്റര്‍ സിറ്റിയെ നേരിടും. മാഞ്ചസ്റര്‍ യുണൈറ്റഡിനാകട്ടെ, കഴിഞ്ഞ ഒമ്പതു വര്‍ഷമായി എഫ്എ കപ്പ് കിട്ടാക്കനിയാണ്. ഈ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍നിന്ന് നേരത്തെ പുറത്തായ യുണൈറ്റഡിന് ആകെ ആശ്വാസം ഈ വര്‍ഷത്തെ ലീഗ് കിരീടം സ്വന്തമാക്കാനാകുമെന്നതാണ്. സ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരം അത്യന്തം ആവേശകരമായിരുന്നു. തുടക്കത്തിലേ മുന്‍തൂക്കം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിരുന്നു. എന്നാല്‍, പീറ്റര്‍ ച്െക്കിന്റെ ഉജ്വല സേവുകള്‍ ചെല്‍സിയെ കാത്തു. രണ്ടാം പകുതിയില്‍ യുവാന്‍ മാട്ടയുടെ പാസില്‍ ഡെംബ ഗോള്‍ നേടിയതോടെ ചുവന്ന ചെകുത്താന്മാര്‍ വിറച്ചു. തിരിച്ചടിക്കാനുള്ള തീരുമാനത്തോടെ മുന്നേറിയ യുണൈറ്റഡിന് 61-ാം മിനിറ്റില്‍ മികച്ച അവസരം ലഭിച്ചു. ഹാവിയര്‍ ഫെര്‍ണാണ്ടസിന്റെ ഉജ്വല ഷോട്ട് ബദ്ധപ്പെട്ട് പീറ്റര്‍ ചെക്ക് തട്ടയകറ്റിയതോടെ പ്രതീക്ഷ മങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.