നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത സ്ഥാപനങ്ങളും ശന്പളവരുമാനക്കാർ, വാടകവരുമാനക്കാർ, ഓഡിറ്റ് ആവശ്യമില്ലാത്ത പങ്കുവ്യാപാര സ്ഥാപനങ്ങളുടെ പങ്കുകാർ മുതലായവരുടെ 2016-17 സാന്പത്തികവർഷത്തെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടിയിരുന്ന അവസാന തീയതി ഓഗസ്റ്റ് അഞ്ചായിരുന്നു. നിർദിഷ്ട തീയതിക്കുള്ളിൽ റിട്ടേണുകൾ സമർപ്പിക്കാൻ സാധിച്ചില്ലെങ്കിലും ബിലേറ്റഡ് ആയി ഫയൽ ചെയ്യാവുന്നതാണ്. നിർദിഷ്ട തീയതിക്കുശേഷം ഫയൽ ചെയ്യുന്ന റിട്ടേണുകൾ ബിലേറ്റഡ് റിട്ടേണുകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2016-17 സാന്പത്തികവർഷത്തെ ആദായനികുതി റിട്ടേണുകൾ 2018 മാർച്ച് 31 വരെ നികുതിദായകന് ഫയൽ ചെയ്യാൻ അവകാശമുണ്ട്. കഴിഞ്ഞ വർഷം വരെ ഒരു വർഷംകൂടി അധികമായി ലഭിച്ചിരുന്നത് 2017 ഏപ്രിൽ മുതൽ നിർത്തലാക്കി.
2016 നവംബർ ഒൻപതിനു ശേഷവും ഡിസംബർ 31നു മുന്‍പും ബാങ്കിൽ കാഷായി രണ്ടു ലക്ഷം രൂപയോ അതിലധികമോ വരുന്ന തുക നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത നിക്ഷേപത്തിന്റെ വിവരങ്ങൾ എല്ലാ നികുതിദായകരും റിട്ടേണിൽ ചേർക്കേണ്ടതാണ്. എല്ലാ നികുതി റിട്ടേണ്‍ ഫോമുകളിലും ഇതുൾപ്പെടുത്തിയിട്ടുണ്ട്.
റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനു താമസം വന്നാൽ
നിർദ്ദിഷ്ട തീയതിക്കു മുന്‍പ് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ നികുതി ഉദ്യോഗസ്ഥന് പ്രസ്തുത നിയമത്തിലെ 271 എഫ് വകുപ്പനുസരിച്ച് 5,000 രൂപയുടെ പിഴ ചുമത്താവുന്നതാണ്. എന്നാൽ, ഇത് ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിൽപ്പെട്ടതാകയാൽ താമസിച്ച് ഫയൽ ചെയ്യുന്ന എല്ലാ കേസുകളിലും പിഴ ചുമത്തണമെന്നു നിർബന്ധമില്ല. റിട്ടേണ്‍ താമസിച്ചു എന്നു കരുതി നികുതിത്തുകയോടൊപ്പം പിഴ അടയ്ക്കേണ്ടതില്ല.
ആദായനികുതി വകുപ്പിൽനിന്നു നോട്ടീസ് ലഭിച്ചാൽ മാത്രം ഇതേപ്പറ്റി ചിന്തിച്ചാൽ മതി.
എന്നാൽ, വരുന്ന വർഷം മുതൽ സ്ഥിതി ഇതല്ല. റിട്ടേണ്‍ സമർപ്പണത്തിനു താമസം നേരിട്ടാൽ പിഴയ്ക്കു പകരം ഫീസായി ലെവി അടയ്ക്കേണ്ടതായി വരും. അഞ്ചു ലക്ഷം രൂപയിൽ താഴെ വരുമാനം വെളിപ്പെടുത്തുന്ന റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു താമസം നേരിട്ടാൽ 234 എഫ് വകുപ്പനുസരിച്ച് 1000 രൂപയുടെ ലെവി ഈടാക്കുന്നതാണ്. ഈ തുക ഫീസായിട്ട് ലെവി ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അഞ്ചു ലക്ഷം രൂപയ്ക്കു മുകളിൽ വരുമാനം വെളിപ്പെടുത്തുന്ന റിട്ടേണുകൾ നിർദിഷ്ട തീയതിക്കു ശേഷം ഡിസംബർ 31നു മുന്‍പു സമർപ്പിക്കുകയാണെങ്കിൽ 5,000 രൂപയുടെ ലെവിയും ഡിസംബർ 31നു ശേഷവും മാർച്ച് 31നു മുന്‍പുമാണ് ഫയൽ ചെയ്യുന്നത് എങ്കിൽ 10,000 രൂപയുടെ ലെവിയും ആദായനികുതി നിയമം വകുപ്പ് 234 എഫ് അനുസരിച്ച് ഈടാക്കുന്നതാണ്. മാർച്ച് 31നു ശേഷം പ്രസ്തുത വർഷത്തെ റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധാരണഗതിയിൽ സാധിക്കില്ല. ഇത് ലെവി ആയി ചുമത്തുന്നതിനാൽ ഉദ്യോഗസ്ഥന്റെ വിവേചനാധികാരത്തിൽപ്പെടുന്നതല്ല. ലെവി നിർബന്ധമായിരിക്കും.
എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ, ആദായനികുതി റിട്ടേണുകൾ മനഃപൂർവം ഫയൽ ചെയ്യാത്തതാണെങ്കിൽ 25 ലക്ഷം രൂപയിൽ താഴെയാണ് നികുതിത്തുക വരുന്നതെങ്കിൽ ആദായനികുതി ഉദ്യോഗസ്ഥന്, 276 സിസി വകുപ്പനുസരിച്ച് മൂന്നു മാസം മുതൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കുന്ന ശിക്ഷാനടപടികൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ, നികുതിത്തുക 25 ലക്ഷം രൂപയിൽ കൂടുതലാണ് എങ്കിൽ മനഃപൂർവം ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാതിരിക്കുന്നതിന് ആറു മാസം മുതൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന നടപടികൾ എടുക്കാവുന്നതാണ്. നികുതിത്തുകയോടൊപ്പം പലിശയും നല്‍കേണ്ടതായിവരും.
റിട്ടേണുകളുടെ പുനഃസമർപ്പണം
2015-16 സാന്പത്തികവർഷം വരെ ഫയൽ ചെയ്തിരുന്ന ബിലേറ്റഡ് റിട്ടേണുകളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവയുടെ പുനഃസമർപ്പണം സാധ്യമായിരുന്നില്ല. പ്രസ്തുത തെറ്റുകൾ നികുതി ഉദ്യോഗസ്ഥൻ കണ്ടുപിടിച്ചു കഴിഞ്ഞാൽ തെറ്റായ റിട്ടേണ്‍ ഫയൽ ചെയ്തതിനു നികുതിദായകന്റെ മേൽ ശിക്ഷാനടപടികൾ സ്വീകരിക്കുമായിരുന്നു. എന്നാൽ, 2016-17 സാന്പത്തികവർഷം മുതൽ താമസിച്ചു ഫയൽ ചെയ്യുന്ന റിട്ടേണുകളും ആവശ്യമെങ്കിൽ പ്രസ്തുത അസസ്മെന്റ് വർഷം കഴിയുന്നതിനു മുന്‍പ് അല്ലെങ്കിൽ അസസ്മെന്റ് പൂർത്തിയാവും മുന്‍പും (ഇവയിൽ ഏതാണോ ആദ്യം വരുന്നത്) പുനഃസമർപ്പണം ചെയ്യാവുന്നതാണ്.
നികുതി റീഫണ്ടിന്റെ പലിശ നഷ്ടപ്പെടും
യഥാർഥ നികുതിയേക്കാൾ കൂടുതലായ തുക മുൻകൂർ നികുതിയായോ മറ്റോ അടച്ചിട്ടുണ്ടെങ്കിൽ കൂടുതലുള്ള തുകയ്ക്ക് ആറു ശതമാനം നിരക്കിൽ പലിശയ്ക്ക് അർഹതയുണ്ട്. എന്നാൽ, റിട്ടേണ്‍ താമസിച്ച് സമർപ്പിച്ചാൽ പ്രസ്തുത പലിശ നഷ്ടപ്പെടും. പ്രസ്തുത പലിശ ഏപ്രിൽ ഒന്നാം തീയതി മുതൽ റീഫണ്ട് ഓർഡറിന്റെ തീയതി വരെയുള്ള കാലയളവിലേക്കാണ് ലഭിക്കേണ്ടത്. എന്നാൽ, താമസിച്ചാണ് റിട്ടേണ്‍ ഫയൽ ചെയ്യുന്നതെങ്കിൽ ഫയൽ ചെയ്ത മാസം മുതൽ റീഫണ്ട് ഉത്തരവിന്റെ കാലയളവിലേക്കുള്ള പലിശ മാത്രമേ ലഭിക്കുകയുള്ളൂ.
നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കാരിഫോർവേഡ് ചെയ്യാൻ സാധിക്കില്ല
നിർദിഷ്ട തീയതിക്കു ശേഷമാണ് നിങ്ങൾ റിട്ടേണ്‍ ഫയൽ ചെയ്യുന്നതെങ്കിൽ ബിസിനസിൽനിന്ന് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത നഷ്ടം അടുത്ത വർഷത്തേക്ക് കാരിഫോർവേഡ് ചെയ്യാൻ സാധിക്കില്ല. എന്നാൽ, ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള നഷ്ടം ഇതിൽപ്പെടില്ല.
താമസിച്ചാണ് റിട്ടേണ്‍ ഫയൽ ചെയ്യുന്നതെങ്കിലും ഹൗസ് പ്രോപ്പർട്ടിയിലുണ്ടായ നഷ്ടം അടുത്ത വർഷത്തേക്ക് കാരിഫോർവേഡ് ചെയ്തുകൊണ്ടുപോയി അടുത്ത വർഷം ഉണ്ടാകുന്ന ലാഭത്തിൽനിന്ന് ഇത് സെറ്റ് ഓഫ് ചെയ്ത് കൊടുക്കാൻ സാധിക്കും.
എന്നാൽ, ബിസിനസിൽ ഉണ്ടാകുന്ന നഷ്ടം, ഉൗഹക്കച്ചവടത്തിലെ നഷ്ടം, മൂലധനനഷ്ടം, മറ്റുവിധത്തിലുള്ള നഷ്ടങ്ങൾ എന്നിവ റിട്ടേണുകൾ താമസിച്ച് ഫയൽ ചെയ്യുന്ന അവസരങ്ങളിൽ കാരിഫോർവേഡ് ചെയ്ത് അടുത്ത വർഷത്തേക്ക് കൊണ്ടുപോകാൻ സാധിക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.