കൊപ്രവില ഉയരും, സ്വ​ർ​ണ​ത്തി​നു തി​ള​ക്കം
Sunday, August 13, 2017 10:56 AM IST
വിപണി വിശേഷം /കെ.ബി. ഉദയഭാനു

ചി​ങ്ങം അ​ടു​ത്ത​തോ​ടെ നാ​ളി​കേ​ര ക​ർ​ഷ​ക​ർ വ​ൻ ആ​വേ​ശ​ത്തി​ൽ, ഓ​ണ​വേ​ള​യി​ൽ കൊ​പ്ര​യ്ക്ക് ഉ​യ​ർ​ന്ന വി​ല പ്ര​തീ​ക്ഷി​ക്കാം. ലാ​റ്റ​ക്സി​ന്‍റെ ല​ഭ്യ​ത ഉ​യ​ർ​ന്നു, ഓ​ണാ​വ​ശ്യ​ങ്ങ​ൾ മു​ൻനി​ർ​ത്തി ക​ർ​ഷ​ക​ർ ഷീ​റ്റ് വി​ൽ​പ്പ​ന​യ്ക്ക് ഇ​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ൽ. അ​ര​ ല​ക്ഷ​ത്തി​ലേ​ക്ക് കു​രു​മു​ള​ക് തി​രി​ച്ചെ​ത്തി. വി​വാ​ഹസീ​സ​ണ്‍ പ​ടി​വാ​തിൽക്ക​ൽ എ​ത്തി​യ​തോ​ടെ സ്വ​ർ​ണ​ത്തി​ന്‍റെ തി​ള​ക്കം വ​ർ​ധി​ച്ചു.

നാളികേരം

ചി​ങ്ങം അ​ടു​ത്ത​തോ​ടെ നാ​ളി​കേ​ര ഉ​ത്പാ​ദ​ക​രും വി​പ​ണി​യും വ​ൻ പ്ര​തീ​ക്ഷ​യി​ലാ​ണ്. ഓ​ണ വി​ൽ​പ്പ​ന മു​ന്നി​ൽക്കണ്ട് മി​ല്ലു​കാ​ർ കൊ​പ്ര സം​ഭ​രി​ക്കാ​ൻ ഉ​ത്സാ​ഹി​ച്ച​ത് ഉ​ത്പന്ന വി​ല ഉ​യ​ർ​ത്തി. ദ​ക്ഷി​ണേ​ന്ത്യ​ൻ വി​പ​ണി​ക​ളി​ൽ കൊ​പ്ര​യു​ടെ ല​ഭ്യ​ത ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ​ത് മി​ല്ലു​കാ​രെ സ​മ്മ​ർദത്തി​ലാ​ക്കി. ഓ​ണവേ​ള​യി​ലെ വെ​ളി​ച്ചെ​ണ്ണ വി​ൽ​പ്പ​ന മു​ൻനി​ർ​ത്തി മി​ല്ലു​കാ​ർ വ​ൻ വി​ല​യ്ക്കും കൊ​പ്ര എ​ടു​ത്തു.

കോ​ഴി​ക്കോ​ട് കൊ​പ്ര വി​ല ക്വി​ന്‍റ​ലി​ന് 10,500 രൂ​പ വ​രെ ക​യ​റി. കൊ​ച്ചി​യി​ൽ കൊ​പ്ര 9640-10,150 രൂ​പ​യി​ലാ​ണ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കൊ​പ്രവി​ല 5870-5900 രൂ​പ മാ​ത്ര​മാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ വി​ല​യി​ലു​ണ്ടാ​യ കു​തി​ച്ചുചാ​ട്ടം ഉ​ത്പാ​ദ​ക​രി​ൽ ആ​വേ​ശം ജ​നി​പ്പി​ച്ചു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ നാ​ളി​കേ​ര വി​ള​വെ​ടു​പ്പു പു​രോ​ഗ​മി​ക്കു​ന്നു. കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ 14,400 രൂ​പ​യി​ലെ​ത്തി. ഓ​ണ​വേ​ള​യി​ൽ പ്ര​ദേ​ശി​ക ത​ല​ത്തി​ൽ വെ​ളി​ച്ചെ​ണ്ണ​യ്ക്ക് ആ​വ​ശ്യമു​യ​രും. വ​ൻ​കി​ട മി​ല്ലു​ക​ൾ എ​ണ്ണ​യ്ക്ക് ഉ​യ​ർ​ന്ന വി​ല ഉ​റ​പ്പ് വ​രു​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

റബർ

റ​ബ​ർ ഉ​ത്പാ​ദ​നം ഇ​വി​ടെ മു​ൻ മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഉ​യ​ർ​ന്നു​വെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ വ്യ​വ​സാ​യി​ക​ൾ വി​ല ഉ​യ​ർ​ത്താ​തെ ഷീ​റ്റ് സം​ഭ​രി​ക്കു​ക​യാ​ണ്. മു​ഖ്യ വി​പ​ണി​ക​ളി​ൽ അ​ടു​ത്തു ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ ഷീ​റ്റു വ​ര​വ് ശ​ക്തി​യാ​ർ​ജി​ക്കും. തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ റ​ബ​ർ ടാ​പ്പി​ംഗ് രം​ഗം സ​ജീ​വ​മാ​ക്കി​യ​തി​നാ​ൽ ലാ​റ്റ​ക്സ് വ​ര​വ് ഉ​യ​ർ​ന്നു.

വ്യ​വ​സാ​യി​ക​ളു​ടെ ഗോ​ഡൗ​ണു​ക​ളി​ൽ ലാ​റ്റ​ക്സ് സ്റ്റോ​ക്ക് നാ​മ​മാ​ത്ര​മാ​യി​രു​ന്നി​ട്ടും അ​വ​ർ നി​ര​ക്ക് 500 രൂ​പ കു​റ​ച്ച് 8000 ന് ​ശേ​ഖ​രി​ച്ചു. ട​യ​ർ ക​ന്പ​നി​ക​ൾ നാ​ലാം ഗ്രേ​ഡി​ന് 200 രൂ​പ കു​റ​ച്ച് 12,900 രൂ​പ​യാ​ക്കി. അ​ന്താ​രാ​ഷ‌്ട്ര വി​പ​ണി​യി​ൽ റ​ബ​റി​ന് ഉ​ത്പാ​ദ​ന രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കൊത്തു മു​ന്നേ​റാ​നാ​യി​ല്ല. ടോ​ക്കോം എ​ക്സ്ചേ​ഞ്ചി​ൽ കി​ലോ 200 യെ​ന്നി​ൽനി​ന്ന് 215 വ​രെ ക​യ​റി​യ റ​ബ​ർ 224 യെ​ന്നി​ലേ​ക്കുയരാനുള്ള ശ്ര​മ​ത്തി​ലാ​ണ്.

ഏലം

കാ​ത്തി​രി​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ ഏ​ല​ത്തോട്ട​ങ്ങ​ളി​ൽ മ​ഴ ല​ഭ്യ​മാ​യ​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കം വൈ​കാ​തെ ഏ​ല​ക്ക വി​ള​വെ​ടു​പ്പ് തു​ട​ങ്ങാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. വാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ കി​ലോ 1378 രൂ​പ വ​രെ ഇ​ടി​ഞ്ഞ് മി​ക​ച്ച​യി​നം ഏ​ല​ക്ക പി​ന്നീ​ട് 1517 ലേ​ക്കു തി​രി​ച്ചു ക​യ​റി. ശ​രാ​ശ​രി ഇ​ന​ങ്ങ​ൾ കി​ലോ 1000 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ്. ഉ​ത്സ​വ​കാ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​ഭ്യ​ന്ത​ര വ്യാ​പാ​രി​ക​ൾ ഏ​ല​ക്ക സം​ഭ​രി​ച്ചു. പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ പു​തി​യ ഏ​ല​ക്ക വ​ര​വി​നാ​യി ഉ​റ്റുനോ​ക്കു​ന്നു.


കുരുമുളക്

ഹൈ​റേ​ഞ്ച് കു​രു​മു​ള​ക് വി​ല അ​ര​ ല​ക്ഷം രൂ​പ​യി​ലേക്കുയ​ർ​ന്നു. ഇ​റ​ക്കു​മ​തി മൂലം നേ​ര​ത്തെ ആ​ടിയുല​ഞ്ഞ വി​പ​ണി ത​ള​ർ​ച്ച​യി​ൽനി​ന്ന് മി​ക​വി​ലേ​ക്ക് തി​രി​ഞ്ഞി​ട്ടും കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽനി​ന്നു​ള്ള കു​രു​മു​ള​കുവ​ര​വ് കു​റ​വാ​ണ്. ഇ​റ​ക്കു​മ​തിമു​ള​ക് പ്ര​ദേ​ശി​ക ത​ല​ത്തി​ൽ വി​റ്റ​ഴി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. ഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​ക് 50,000 രൂ​പ​യി​ലാ​ണ്. വി​ദേ​ശവ്യാ​പാ​ര രം​ഗ​ത്തെ ത​ള​ർ​ച്ച വി​ട്ടു​മാ​റി​യി​ല്ല. യു​റോ​പ്യ​ൻ ക​യ​റ്റു​മ​തി​ക്ക് ട​ണ്ണി​ന് 8050 ഡോ​ള​റും യു ​എ​സ് ഷി​പ്പ്മെ​ന്‍റി​ന് 8300 ഡോ​ള​റു​മാ​ണ് ഇ​ന്ത്യ​ൻ നി​ര​ക്ക്.

ചു​ക്ക്

ചു​ക്കി​ന് ആ​ഭ്യ​ന്ത​ര ഡി​മാ​ൻഡ്. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ ഉ​ത്ത​രേ​ന്ത്യ​യി​ൽ ചു​ക്കി​ന് ആ​വ​ശ്യം വ​ർ​ധി​ച്ചു. ആ​ഭ്യ​ന്ത​ര ഡി​മാ​ൻഡിൽ തു​ട​ർ​ച്ച​യാ​യ മൂന്നാം വാ​ര​വും ചു​ക്ക് മി​ക​വു കാ​ണി​ച്ചു. ചു​ക്കി​ന് വി​ദേ​ശ ഓ​ർ​ഡ​റു​ക​ളെ​ത്തു​മെ​ന്ന ക​ണ​ക്കുകൂ​ട്ടി​ലാ​ണ് ക​യ​റ്റു​മ​തിസ​മൂ​ഹം. വി​വി​ധ​യി​നം ചു​ക്ക് 10,500-12,500 രൂ​പ​യി​ലാ​ണ്.

ജാതിക്ക

ജാ​തി​ക്ക, ജാ​തി​പ​ത്രി വി​ല​ക​ളി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല. വ്യ​വ​സാ​യി​ക​ൾ നി​ര​ക്കുയ​ർ​ത്താ​തെ ച​ര​ക്ക് സം​ഭ​രി​ക്കു​ക​യാ​ണ്.

അ​ട​യ്ക്ക

പാ​ൻ മാ​സാ​ല വ്യ​വ​സാ​യി​ക​ൾ രം​ഗ​ത്തു​ണ്ടെ​ങ്കി​ലും അ​ട​യ്ക്ക വി​ല 19,000-20,000 രൂ​പ​യി​ലാ​ണ്.

സ്വർണം

ചി​ങ്ങ​ത്തി​ലെ വി​വാ​ഹസീ​സ​ണി​നു മു​ന്നോ​ടി​യാ​യി ആ​ഭ​ര​ണ വി​പ​ണി​ക​ളി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്ത് പ​വ​ന്‍റെ വി​ല 21,120 രൂ​പ​യി​ൽ നി​ന്ന് 21,760 വ​രെ ഉ​യ​ർ​ന്നു. ഒ​രു​ഗ്രാ​മി​ന്‍റെ വി​ല 2720 രൂ​പ.

ആ​ഗോ​ള വി​പ​ണി​യി​ൽ സ്വ​ർ​ണ​ത്തി​ലെ നി​ക്ഷേ​പതാ​ത്പര്യം വ​ർ​ധി​ച്ചു. യു ​എ​സ്-​കൊ​റി​യ സൈ​നിക നീ​ക്ക​ങ്ങ​ൾ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക ജ​നി​പ്പി​ച്ചു. ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണവി​ല ട്രോ​യ് ഒൗ​ണ്‍സി​ന് 1256 ഡോ​ള​റി​ൽനി​ന്ന് സ്വ​ർ​ണം 1292 വ​രെ മു​ന്നേ​റി.