ഓട്ടോസ്പോട്ട് / ഐബി
കുഞ്ഞനെങ്കിലും വശീകരിക്കുന്ന സൗന്ദര്യം, അതാണ് ഹ്യുണ്ടായിയുടെ കുഞ്ഞൻ കാർ ഇയോണ്‍. ചെറുകാർ വിപണിക്ക് ഇന്ത്യയിലെ വലിയ സാധ്യത മുന്നിൽക്കണ്ട് നിരത്തിലെത്തിയ മോഡൽ. ചെറുകാർ വിപണിയിലേക്ക് അടുത്തിടെ പുതിയ കുഞ്ഞന്മാർ എത്തിയത് വെല്ലുവിളിയുയർത്തുന്നുണ്ടെങ്കിലും മികച്ച മുന്നേറ്റം ഇയോണ്‍ കാഴ്ചവയ്ക്കുന്നുണ്ട്. നാലു വേരിയന്റുകളിൽ പുറത്തിറങ്ങുന്ന ഇയോണ്‍ രണ്ടും മൂന്നും വേരിയന്റിൽ മൂന്നു സ്പെഷൽ ഫീച്ചറുകൾ അവതരിപ്പിച്ച് സ്പോർട്സ് എഡിഷൻ മോഡലും അടുത്തിടെ വിപണിയിലെത്തിച്ചു.
പുറംമോടി: ചെറുകാറുകളിൽ ഏറ്റവും മികച്ച ഡിസൈനിംഗാണ് ഇയോണിന്റേതെന്ന് നിസംശയം പറയാം. ഹ്യുണ്ടായിയുടെ കൊറിയയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റിൽ വിരിഞ്ഞിറങ്ങിയ ഇയോണിന്റെ ഡിസൈൻ ഹൈദരാബാദിലെ ആർ ആൻഡ് ഡി സെന്ററിലാണ് വളർച്ചയെത്തിയത്. അതുകൊണ്ടുതന്നെ മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഡിസൈനിംഗിലെ ഭംഗി എടുത്തുപറയാനുണ്ട്.
എ പില്ലറിലേക്ക് നീണ്ടുകിടക്കുന്ന ഹെഡ്ലാന്പുകൾ മുൻഭാഗത്തിന് അഴകേകുന്നു. ഒപ്പം ഗ്രില്ലിന്റെ വലുപ്പം കുറച്ച് ഹ്യുണ്ടായി എബ്ലം കൂടുതൽ ശ്രദ്ധിക്കുംവിധത്തിൽ ഉറപ്പിച്ചിരിക്കുന്നു. ഗ്രില്ലിലെ വലുപ്പക്കുറവ് എയർ ഡാമിന് വലുപ്പം നല്കി നികത്തിയിട്ടുണ്ട്. ടോപ് എൻഡ് വേരിയന്റായ സ്പോർട്സിനു മാത്രമാണ് മുന്നിൽ ഫോഗ് ലാന്പുള്ളത്.
ഹെഡ്ലാന്പിൽനിന്ന് നീളുന്ന ബോഡി ലൈനുകൾ ടെയിൽ ലാന്പിലാണ് അവസാനിക്കുന്നത്. ഡോറിനു താഴ്ഭാഗത്തും ബീഡിംഗിനു പകരം കർവ്ഡ് ഷേപ് ചേർത്തിട്ടുണ്ട്. റിയർ വ്യൂ മിററിൽ വേരിയന്റ് അനുസരിച്ച് മാറ്റമുണ്ട്. മീഡിയം വേരിയന്റുകളിൽ ഇടതുവശത്തെ മിറർ ഓപ്ഷണലാണ്.
അർധചന്ദ്രന്റെ രൂപത്തിലുള്ള ടെയിൽ ലാന്പുകൾ വാഹനത്തിന്റെ പിൻസൗന്ദര്യം വർധിപ്പിക്കുന്നു. ബംപർ പുറത്തേക്ക് അല്പം തള്ളി നിൽക്കുന്ന വിധത്തിലായതിനാൽ മസ്കുലാർ രൂപം എടുത്തുകാണിക്കുന്നുണ്ട്. വാഹനത്തിന് കുറച്ചുകൂടി വലുപ്പം തോന്നിക്കാൻ ഈ ഘടന സഹായിക്കുന്നു.
ടയർ: മാഗ്ന, സ്പോർട്സ് (ടോപ് എൻഡ്) വേരിയന്റിൽ 13 ഇഞ്ച് ട്യൂബ്ലെസ് ടയറുകളും ഡിലൈറ്റ്, എറ വേരിയന്റുകളിൽ 12 ഇഞ്ച് ടയറുകളും.
ഉൾവശം: ഉൾവശത്തെ ആഡംബരത്തിന് ഹ്യുണ്ടായി ഒരു കുറവും വരുത്തിയിട്ടില്ല. ചെറുകാറാണെങ്കിൽകൂടി നിലവാരമുള്ള മെറ്റീരിയലാണ് ഉള്ളിൽ ഉപയോഗിച്ചിരിക്കുന്നത്. ഡുവൽ ടോണ്‍ ഡാഷ് ബോർഡ്, ഹൈറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ (ടോപ് എൻഡിന്), നിലവാരമുള്ള എസി, യുഎസ്ബി-ഓക്സിലറി കണക്ടിവിറ്റിയുള്ള എംപി3-റേഡിയോ സിസ്റ്റം തുടങ്ങിയവയാണ് സെന്റർ കണ്‍സോളിലെ പ്രധാന ഘടകങ്ങൾ.
അതിവേഗം കാബിനെ തണുപ്പിക്കാൻ എസിക്കു കഴിയുന്നുണ്ട്. കൂടാതെ മുന്നിൽ പവർ വിൻഡോ, പിന്നിൽ റോട്ടറി വിൻഡോ, ഡോറുകളിൽ ആം റെസ്റ്റ്, ബോട്ടിലുകൾ വയ്ക്കാൻ നിരവധി സ്റ്റോറേജ് സ്പേസുകൾ തുടങ്ങിയവയുമുണ്ട്.
സുരക്ഷ: ടോപ് വേരിയന്റുകളിൽ ഡ്രൈവർ സൈഡിൽ എയർബാഗ്.
സ്റ്റോറേജ്: 215 ലിറ്റർ ബൂട്ട് സ്പേസ്. പിൻസീറ്റ് മടക്കിയാൽ സ്പേസ് കൂട്ടാം.
എൻജിൻ: 814 സിസി 5 സ്പീഡ് മാന്വൽ ഗിയർബോക്സ് എസ്ഒഎച്ച്സി മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ 56 പിഎസ് പവറിൽ 76 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ഐ10ൽ ഉപയോഗിച്ചിരിക്കുന്ന അതേ എൻജിനാണ് ഇയോണിലുമുള്ളത്. മൈലേജ് ഉയർത്താനായി ഒരു സിലിണ്ടർ കുറച്ചതാണ്.
മൈലേജ്: 21.1 kmpl
വില: സ്പെഷൽ എഡിഷൻ
എറ+ : 3,82,486 രൂപ
മാഗ്ന+ : 4,07,836 രൂപ
ഡ്രൈവിംഗ്: മികച്ച യാത്രാസുഖം നല്‍കുന്നുണ്ടെങ്കിലും 1, 3, 5 ഗിയർ സ്ലോട്ടുകൾ അല്പം അടുത്തടുത്തായതിനാൽ ഗിയർ ഷിഫ്റ്റിംഗിന് അല്പം തടസമുണ്ടാക്കുന്നുണ്ട്. മൂന്നു സിലിണ്ടറേ ഉള്ളൂവെങ്കിലും വാഹനത്തിന് വിറയലോ എൻജിൻ ശബ്ദമോ കാര്യമായി ഉണ്ടാകുന്നില്ല.
ടെസ്റ്റ് ഡ്രൈവ്
പോപ്പുലർ ഹ്യുണ്ടായി കോട്ടയം മൊബൈൽ: 8138946470
സ്പോർട്സും സ്പോർട്സ് എഡിഷനും
രണ്ടും രണ്ടാണ്. ഇയോണിന്റെ ടോപ് എൻഡ് വേരിയന്റാണ് സ്പോർട്സ് (sportz). അതേസമയം, സ്പോർട്സ് എഡിഷൻ എന്നത് മാഗ്ന പ്ലസിലും എറ പ്ലസിലും മൂന്ന് അഡീഷണൽ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച് സ്പോർട്ടി ഭാവം നല്കിയിരിക്കുന്നതാണ്. ഇത് സ്പെഷൽ എഡിഷനാണ്. പോളാർ വൈറ്റ് നിറത്തിൽ മാത്രമേ ഈ സ്പെഷൽ എഡിഷൻ ലഭിക്കൂ.
സ്പോർട്സ് എഡിഷൻ
സൈഡ് ബോഡി മോൾഡിംഗിൽ ഗ്രാഫിക്സ്, റൂഫ് റെയിൽ, 6.2 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണ് സ്പോർട്സ് എഡിഷനിൽ അധികമായുള്ളത്. വശങ്ങളിലെ ഗ്രാഫിക്സ് ഭംഗിയാകുന്നുണ്ടെങ്കിലും റബർ ബീഡിംഗ് ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഡോറുകൾക്ക് സംരംക്ഷണമാകുമായിരുന്നു. ടച്ച് സ്ക്രീനെ ഫോണുമായി ബന്ധിപ്പിച്ചാൽ വിവിധോദ്ദേശ്യങ്ങൾക്ക് ഉപയോഗിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.