നികുതിലോകം / ബേബിജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
വാറ്റ് രജിസ്ട്രേഷനിൽനിന്നും ചരക്കുസേവനനികുതി(ജിഎസ്ടി)യിലേക്ക് എല്ലാ നികുതിദായകരും മാറേണ്ടതാണ്. ഇലക്ട്രോണിക് മാർഗത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുള്ളു. സേവനനികുതിക്കും സെൻട്രൽഎക്സൈസിനും ആഡംബരനികുതിക്കും എല്ലാം ഒറ്റ രജിസ്ട്രേഷൻ മാത്രമാണ് ആവശ്യമായത്. അതായത് വാറ്റിൽനിന്നും മൈഗ്രേറ്റ്ചെയ്തവർ പ്രത്യേകമായി അപേക്ഷനൽകേണ്ടതില്ല.
എന്നാൽ വാറ്റ് ബാധകമല്ലാത്ത നികുതിദായകർക്ക് അതാത് നികുതിയുടെ വെബ്സൈറ്റിൽനിന്നും മൈഗ്രേഷൻ നടത്താവുന്നതാണ്. മൈഗ്രേഷനുള്ള സ്റ്റെപ്പുകൾ താഴെ യഥാക്രമം വിവരിക്കുന്നു.
വാറ്റ് രജിസ്ട്രേഷൻ എടുത്തിട്ടുള്ള എല്ലാ നികുതിദായകർക്കും കെവാറ്റ് സൈറ്റിൽ പ്രവേശിച്ചുകഴിയുന്പോൾതന്നെ ഒരു താത്കാലിക യൂസർ ഐഡിയും പാസ്വേഡും ലഭിക്കും അത് ലഭിച്ചാലുടനെതന്നെ ജിഎസ്ടിഎൻ പോർട്ടൽ തുറക്കാവുന്നതാണ്.
പോർട്ടലിൽ എല്ലാ സ്റ്റെപ്പുകളും വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.
നികുതിദായകൻ ന്യൂ യൂസർ ലോഗിനിൽ ക്ലിക് ചെയ്യുക. അപ്പോൾ ഒരു ഡിക്ലറേഷൻ ഫോം ആണ് ലഭിക്കുക. അതിനുശേഷം നിർദ്ദിഷ്ട കോളത്തിൽ താത്കാലികമായി ലഭിച്ച യൂസർഐഡിയും പാസ്വേഡും പൂരിപ്പിക്കുക. പിന്നീട് തെളിഞ്ഞുവരുന്ന കോളത്തിൽ സൂചിപ്പിച്ചിരിക്കുന്ന അക്കങ്ങൾ/അക്ഷരങ്ങൾ അതേപടി നിർദ്ദേശിച്ചിരിക്കുന്ന കോളത്തിൽ പകർത്തുക.
ജിഎസ്ടി രജിസ്ട്രേഷൻ എടുക്കുന്ന എല്ലാ നികുതിദായകർക്കും സ്വന്തമായി ഒരു ഇ-മെയിൽ അഡ്രസും ഒരു മൊബൈൽ ഫോണും ആവശ്യമാണ്. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന നടപടികൾക്കുശേഷം സ്വന്തം ഇ-മെയിൽ ഐഡിയും മൊബൈൽഫോണ് നമ്പരും യഥാക്രമം നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന കോളത്തിൽ എഴുതുക. പ്രസ്തുത മൊബൈൽ നമ്പരും ഇ-മെയിൽ ഐഡിയും 1/04/2017 വരെ മാറ്റമില്ലാതെ സൂക്ഷിക്കണം. ഈ സമയം മൊബൈലിലേക്കും ഇ-മെയിൽ അഡ്രസിലേക്കും ഒരു ഒടിപി (താത്കാലിക പസ്വേഡ്) ലഭിക്കും. അവ യഥാക്രമം അതിനുള്ള കോളങ്ങളിൽ എഴുതുക. ഏതെങ്കിലും കാരണവശാൽ (താമസം മൂലം) ഒടിപി കാലഹരണപ്പെട്ടുവെങ്കിൽ റീസെന്റ് എന്ന കോളത്തിൽ ക്ലിക് ചെയ്താൽ പുതിയത് ലഭിക്കും.
ഓരോ നികുതിദായകനും ഒരു യൂസർഐഡിയും, പാസ്വേഡും സ്വന്തമായി തീരുമാനിച്ചിരിക്കണം. യൂസർ ഐഡിയിൽ ചുരുങ്ങിയത് എട്ടും പരമാവധി 15ഉം കാരക്ടേഴ്സ് ഉണ്ടായിരിക്കണം. തുടക്കം ഒരു ഇംഗ്ലീഷ് അക്ഷരം വേണം. പിന്നീട് ഇടകലർന്ന് അക്കങ്ങളും സ്പെഷൽ കാരക്ടേഴ്സും ഉപയോഗിക്കണം. അതുപോലെതന്നെ പാസ്വേഡും തെരഞ്ഞെടുക്കുമ്പോൾ അക്ഷരങ്ങളും അക്കങ്ങളും ചെറിയ ഇംഗ്ലീഷ് അക്ഷരവും സ്പെഷൽ കാരക്ടേഴ്സും (..-, എന്നിവ) ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഇവ യഥാക്രമം കോളങ്ങളിൽ പൂരിപ്പിക്കുക. അടുത്തതായുള്ളത് അഞ്ചു സെക്യൂരിറ്റി ചോദ്യങ്ങളാണ്. ഏതെങ്കിലും കാരണവശാൽ നികുതിദായകൻ പാസ്വേഡ് മറന്നുപോയാൽ സിസ്റ്റത്തിൽനിന്നുതന്നെ ലഭിക്കുന്നതിനായിട്ടാണിത്. അവ ഇതാണ്.
* പ്രൊപ്രൈറ്ററി ബിസിനസ് ആണെങ്കിൽ ഉടമസ്ഥന്റെ ജനനത്തീയതി അല്ലെങ്കിൽ ബിസിനസ് തുടങ്ങിയ വർഷം.
*പ്രൊപ്രൈറ്ററാണെങ്കിൽ അമ്മയുടെ പേര് അല്ലെങ്കിൽ ഉത്തരവാദപ്പെട്ട അധികാരിയുടെ അമ്മയുടെ പേര്.
* നിങ്ങളുടെ പ്രധാനപ്പെട്ട ഉത്പന്നത്തിന്റെ അല്ലെങ്കിൽ സേവനത്തിന്റെ പേര്.
*നിങ്ങളുടെ ആദ്യത്തെ ജോലിക്കാരന്റെ പേര്.
* പ്രൊപ്രൈറ്ററി ആണെങ്കിൽ ഉടമസ്ഥന്റെ പേഴ്സണൽ മൊബൈൽനമ്പർ അല്ലെങ്കിൽ ഉത്തരവാദപ്പെട്ട അധികാരിയുടെ മൊബൈൽനമ്പർ:-
ഇതിനുശേഷം സ്വന്തം യൂസർ ഐഡിയും പാസ്വേഡും യഥാക്രമം കോളങ്ങളിൽ എഴുതി ലോഗിൻ ചെയ്യുക.
പിന്നീടു നിങ്ങളുടെ ബിസിനസിന്റെ പേരും പാൻ നമ്പരും യഥാക്രമം കോളങ്ങളിൽ എഴുതുക. ട്രേഡ് നെയിം, കോണ്സ്റ്റിറ്റ്യൂഷൻ, ബിസിനസിന്റെ സ്ഥലം, ജില്ല, മുതലായവ യഥാക്രമം പൂരിപ്പിക്കുക. ഇതിനുശേഷം നിലവിലുള്ള രജിസ്ട്രേഷൻ നന്പരും വിവരങ്ങളും തീയതിയും യഥാക്രമം കോളങ്ങളിൽ പൂരിപ്പിക്കുക. ഇവിടെ എല്ലാ രജിസ്ട്രേഷൻ വിവരങ്ങളും(സേവനനികുതി, ആഡംബരനികുതി, സെൻട്രൽഎക്സൈസ് മുതലായവ നല്കണം. ഇതിനുശേഷം കോണ്സ്റ്റിറ്റ്യൂഷന്റെ തെളിവ് (പാർട്ട്ണർഷിപ് ഡീഡ് മുതലായവ)പിഡിഎഫ് ഫോർമാറ്റിലാക്കിയോ, ജെപിഇജി ഫോർമാറ്റിലാക്കിയോ അപ്ലോഡ് ചെയ്യുക. ഫയൽസൈസ് ഒരു എംബിയിൽ കൂടരുത്.
അടുത്തതായി പ്രൊമോട്ടേഴ്സിന്റെയും പാർട്ട്ണർമാരുടെയും വിവരങ്ങൾ സമർപ്പിക്കലാണ്. പേര്, അച്ഛന്റെ പേര്, ജനനത്തീയതി, മൊബൈൽനമ്പർ, ഇ-മെയിൽ അഡ്രസ്, ജില്ല, സംസ്ഥാനം, പിൻകോഡ് മുതലായവ അതാതു കോളങ്ങളിൽ പൂരിപ്പിക്കുക. ഇതോടൊപ്പം ഇവരുടെ ഫോട്ടോ ജെപിഇജി ഫോർമാറ്റിലാക്കി അപ്ലോഡ് ചെയ്യണം. ഫയൽസൈസ് 100 എംബിയിൽ കൂടരുത്.
ചരക്കുസേവനനികുതിയുടെ രേഖകൾ സമർപ്പിക്കുന്നതിന് ഒരു അധികാരിയെ ചുമതലപ്പെടുത്തേണ്ടതുണ്ട്. കമ്പനി ആണെങ്കിൽ ഒരു റെസല്യൂഷനും പാർട്ട്ണർഷിപ്പ് സ്ഥാപനം ആണെങ്കിൽ അധികാരപ്പെടുത്തുന്ന സർട്ടിഫിക്കേറ്റും ആവശ്യമാണ്.
ഈ അധികാരിയുടെ പേരും അച്ഛന്റെപേരും ജനനത്തീയതിയും മൊബൈൽനമ്പരും ഈ-മെയിൽ അഡ്രസും താമസസ്ഥലത്തെ അഡ്രസും പൂർണമായും അതാത് കോളങ്ങളിൽ പൂരിപ്പിച്ചതിനുശേഷം റെസല്യൂഷൻ അല്ലെങ്കിൽ അധികാരപ്പെടുത്തപ്പെട്ട സർട്ടിഫിക്കേറ്റ് സ്കാൻ ചെയ്ത് ജെപിഇജി ഫോർമാറ്റിലാക്കി അപ്ലോഡ് ചെയ്യുക. ഇത് ഒരു എംബിയിൽ കൂടരുത്. ഇതോടൊപ്പം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ ഫോട്ടോയും സ്കാൻചെയ്ത് ജെപിഇജി ഫോർമാറ്റിലാക്കി അപ്ലോഡ് ചെയ്യുക.
അടുത്തനടപടി ആയി പ്രധാനപ്പെട്ട വ്യാപാരസ്ഥലത്തിന്റെ വിശദവിവരങ്ങൾ നൽകണം. ഇതോടൊപ്പം ഓഫീസിലെ ഇ-മെയിൽ അഡ്രസും മൊബൈൽനമ്പരും ഓഫീസിലെ ടെലഫോണ്നമ്പരും സമർപ്പിക്കണം. ഓഫീസിന്റെ അഡ്രസിന്റെ ഏതെങ്കിലും തെളിവുകൾകൂടി അപ്ലോഡ് ചെയ്യുക. സ്ഥലം സ്വന്തമാണോ, വാടകയ്ക്കാണോ എന്നും ഇതിൽ സൂചിപ്പിച്ചിരിക്കണം. ഇതോടൊപ്പം ബിസിനസിന്റെ രീതി സെലെക്ട് ചെയ്യണം. പ്രധാനസ്ഥലം കൂടാതെ വേറെ ബിസിനസ് സ്ഥലം ഉണ്ടെങ്കിൽ അതിന്റെയും പൂർണവിവരങ്ങളും സമർപ്പിക്കുക. നിങ്ങൾ സപ്ലൈ ചെയ്യുന്ന ചരക്കുകളുടെ വിവരങ്ങൾ ഇതോടൊപ്പം പൂരിപ്പിക്കണം.
അടുത്തസ്റ്റെപ്പായി ബാങ്ക് അക്കൗണ്ടുകളുടെ പൂർണ്ണവിവരങ്ങൾ (ഐഎഫ്എസ്സി കോഡ് ഉൾപ്പെടെ) യഥാക്രമം സമർപ്പിക്കുക. ഇതോടൊപ്പം ബാങ്കിന്റെ പാസ്ബുക്കിന്റെ ആദ്യത്തെ പേജ് തെളിവായി അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഇത് പിഡിഎഫ് ഫോർമാറ്റിലോ ജെപിഇജി ഫോർമാറ്റിലോ സമർപ്പിക്കണം. ഒരു എംബിയിൽ കൂടരുത്.
ഇതിന് ശേഷം ഡിക്ലറേഷൻ ഡിജിറ്റൽ ഒപ്പോടുകൂടി സമർപ്പിക്കുക. ഇതോടുകൂടി മൈഗ്രേഷനുള്ള നടപടികൾ പൂർത്തിയാവും. 15 മിനിറ്റിനകം രജിസ്ട്രേഷൻ നടത്തിയതിന്റെ അക്നോളജ്മെന്റ് സിസ്റ്റത്തിൽനിന്നു ലഭിക്കും.
നിങ്ങൾക്ക് ലഭിക്കുന്ന ആപ്ലിക്കേഷൻ റഫറൻസ് നമ്പർ സൂക്ഷിച്ചുവയ്ക്കേണ്ടതും എല്ലാ എഴുത്തുകളിലും രേഖകളിലും സമർപ്പിക്കേണ്ടതുമാണ്. സമർപ്പിക്കപ്പെട്ട വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിലോ ആവശ്യമായരേഖകൾ അപ്ലോഡ് ചെയ്യാതിരിക്കുകയോ ഉണ്ടായാൽ രജിസ്ട്രേഷൻ കാൻസൽ ചെയ്യപ്പെടുന്നതായിരിക്കും. വാറ്റിൽനിന്ന് മൈഗ്രേഷനുള്ള സമയം തന്നിരിക്കുന്നത് ഈ മാസം 21 വരെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.