നോട്ട് റദ്ദാക്കൽ: വാഹനമേഖല പ്രതിസന്ധിയിൽ
നോട്ട് റദ്ദാക്കൽ: വാഹനമേഖല പ്രതിസന്ധിയിൽ
Friday, December 9, 2016 2:02 PM IST
ന്യൂഡൽഹി: കള്ളപ്പണം തടയുന്നതിനായി കേന്ദ്ര സർക്കാർ 1000 രൂപ, 500 രൂപ നോട്ടുകൾ റദ്ദാക്കിയത് വാഹനമേഖലയെയും പ്രതിസന്ധിയിലാക്കി. ഉത്സവസീസണിന്റെ പകിട്ടിൽ മികച്ച നേട്ടമാണ് പിന്നിട്ട മാസങ്ങളിൽ വാഹന മേഖല കൈവരിച്ചത്. എന്നാൽ, നോട്ട് റദ്ദാക്കലിനെത്തുടർന്ന് നവംബർ മാസം മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

നവംബർ മാസം വാഹനവിപണിയിൽ 5.48 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 43 മാസത്തെ ഏറ്റവും കുറഞ്ഞ വിൽപ്പനയാണ് ഇത്. കഴിഞ്ഞ നവംബറിൽ 16,54,407 വാഹനങ്ങൾ പുറത്തിറങ്ങിയിരുന്നെങ്കിൽ ഈ വർഷം അത് 15,63,665 ആയി കുറഞ്ഞിരുന്നു.

നോട്ട് റദ്ദാക്കൽ പ്രധാനമായും ബാധിച്ചത് സാധാരണക്കാരെയാണ്. കാരണം, ചെറുകിടക്കാർ വാങ്ങുന്ന ടൂവീലർ ത്രീ വീലർ വിപണികളിലാണു കനത്ത ഇടിവ് ഉണ്ടായിരിക്കുന്നത്.

സാധാരണ ആളുകൾ യാത്രയ്ക്കായി ആശ്രയിക്കുന്ന സ്കൂട്ടറിന്റെ വില്പന 1.85 ശതമാനം കുറഞ്ഞപ്പോൾ മോട്ടോർ സൈക്കിൾ വിപണിയിൽ 10.21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നോട്ട് റദ്ദാക്കൽ നടപടി ഏറ്റവും പ്രതിസന്ധിയിലാക്കിയത് ത്രീ വീലർ മേഖലയെ ആണ്. വിപണി 10 മുതൽ 12 ശതമാനം വരെ നേട്ടം പ്രതീക്ഷിച്ചിരുന്ന സ്‌ഥാനത്താണ് നോട്ട് പ്രതിസന്ധിയെത്തുടർന്ന് 25.90 ശതമാനം ഇടിവ് ഉണ്ടായിരിക്കുന്നത്.


ചരക്ക് ഗതാഗതം, ഖനനം തുടങ്ങിയ മേഖലകളിൽ നോട്ട് റദ്ദാക്കൽ ഉണ്ടാക്കിയ പ്രതിസന്ധി കൊമേഴ്സ്യൽ വാഹനങ്ങളുടെ വില്പനയെയും തളർത്തി. ഹെവി കൊമേഴ്സ്യൽ വാഹനങ്ങളുടെ വില്പനയിൽ 11.58 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.

മീഡിയം ഹെവി പാസഞ്ചർ വാഹനങ്ങളുടെ വില്പനയിൽ 13.13 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്.

ഇത്തരത്തിൽ സാധരണക്കാരനുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ട വാഹനമേഖല ആകെ തളർച്ചയാണ് നവംബർ മാസത്തിലുണ്ടായിരിക്കുന്നത്.

മുൻ മാസങ്ങളിലെ വില്പനയുമായി തുലനം ചെയ്യുമ്പോൾ നേരിയ നേരിയ ക്ഷീണം സംഭവിച്ചിട്ടുണ്ടെങ്കിലും എസ്യുവി, പാസഞ്ചർ കാറുകൾ എന്നിവയുടെ വിൽപ്പന നേട്ടത്തിലാണ്.

പാസഞ്ചർ കാറുകളുടെ വില്പനയിൽ .29 ശതമാനത്തിന്റെ കുറഞ്ഞ വളർച്ചയുണ്ടായപ്പോൾ എസ്യുവിയുടെ വിൽപ്പനയിൽ 10.07 ശതമാനം വളർച്ചാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തിലെ ഏറ്റവും കുറഞ്ഞ വില്പനയാണ് ഇത്.

ഇരുചക്ര വാഹനങ്ങളുടെ വിപണിയിടിഞ്ഞത് വാഹനവിപണിയുടെ ഇപ്പോഴത്തെ അവസ്‌ഥയെ വെളിവാക്കുന്നുണ്ടെന്നും ജനുവരി ആദ്യവാരത്തോടെ വിപണി വീണ്ടും സജീവമാകുമെന്നും സിയാം ഡയറക്ടർ വിഷ്ണു മധൂർ പ്രത്യാശ പ്രകടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.