കള്ളപ്പണം ഇല്ലാതാക്കൽ തന്ത്രം തെറ്റി
കള്ളപ്പണം ഇല്ലാതാക്കൽ തന്ത്രം തെറ്റി
Tuesday, December 6, 2016 1:30 PM IST
കറൻസി പിൻവലിക്കൽ വൻ പരാജയമായി മാറുകയാണോ എന്നു പരക്കെ സംശയം ഉയരുന്നു. ഡിസംബർ മൂന്നു ശനി വരെ പിൻവലിച്ച കറൻസികളിൽ 12.6 ലക്ഷം കോടി രൂപയ്ക്കുള്ളതു ബാങ്കുകളിൽ എത്തി. പിൻവലിച്ച കറൻസികൾ ആകെ 15.44 ലക്ഷം കോടി രൂപയുടേതായിരുന്നു. ബാങ്കിലടയ്ക്കാൻ 27 ദിവസം ബാക്കിനിൽക്കെ എത്തിയ തുക മൊത്തം റദ്ദാക്കപ്പെട്ടതിന്റെ 81.6 ശതമാനം.

നവംബർ എട്ടിനാണ് 500 രൂപ, 1000 രൂപ കറൻസികൾ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്. നവംബർ 10 മുതൽ ഇവ ബാങ്കുകളിൽ മാറിയെടുക്കാനും സ്വന്തം അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അവസരം നല്കി. പുറമേ വിവിധ സംസ്‌ഥാനങ്ങളും തദ്ദേശഭരണ സ്‌ഥാപനങ്ങളും നികുതിക്കും നികുതി കുടിശികയ്ക്കും റദ്ദായ നോട്ടുകൾ സ്വീകരിച്ചു. പെട്രോൾ ബങ്കുകൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും അവ സ്വീകരിച്ചു. ഇങ്ങനെയെല്ലാം സ്വീകരിച്ച പണം ബാങ്കിംഗ് സംവിധാനത്തിൽ എത്തി.

മേയ് 27 വരെ ബാങ്കുകളിൽ എത്തിയ തുകയുടെ കണക്കാണ് സർക്കാർ പുറത്തു വിട്ടിട്ടുള്ളത്. അത് 8.48 ലക്ഷം കോടി രൂപയുടേതാണ്. പിന്നീടു സർക്കാർ കണക്കു പുറത്തു വിട്ടിട്ടില്ല. 12.6 ലക്ഷം കോടി രൂപ എന്നതു ധനകാര്യ വാർത്തകളിൽ സ്പെഷലൈസ് ചെയ്യുന്ന ബ്ലൂംബർഗ് എന്ന വാർത്താ ഏജൻസി പേരു വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് പുറത്തുവിട്ടതാണ്. സിഎൻഎൻ ന്യൂസ് 18 ചാനലും ഇതേ തുക പുറത്തുവിട്ടു.


കറൻസി പിൻവലിച്ചപ്പോൾ പ്രധാനമന്ത്രി പറഞ്ഞതു കള്ളപ്പണവും കള്ളനോട്ടും അഴിമതിയും ഭീകരതയും അവസാനിപ്പിക്കാനുള്ള നടപടിയാണിത് എന്നായിരുന്നു. ആ ദിവസങ്ങളിൽ സർക്കാർ വക്‌താക്കൾ അനൗപചാരികമായി പറഞ്ഞതു മൂന്നു ലക്ഷം കോടി മുതൽ അഞ്ചു ലക്ഷം കോടി വരെ രൂപയ്ക്കുള്ള കറൻസി മടങ്ങി എത്തില്ലെന്നാണ്. ജിഡിപിയുടെ 20 ശതമാനം മുതൽ 30 ശതമാനം വരെ കള്ളപ്പണം ഉണ്ടെന്ന നിഗമനത്തിലാണ് ആ തുക പറഞ്ഞത്.

എന്നാൽ, ഇതിനകം 12.6 ലക്ഷം കോടി വന്ന നിലയ്ക്ക് 30–ാം തീയതിയോടെ 15 ലക്ഷം കോടി രൂപയ്ക്കടുത്തുള്ള കറൻസി എത്തുമെന്നാണു പൊതു വിലയിരുത്തൽ. അതായതു പൂഴ്ത്തിവച്ച കള്ളപ്പണം വളരെ ചെറിയ തുക മാത്രമായിരിക്കാം. അല്ലെങ്കിൽ ഉണ്ടായിരുന്ന കള്ളപ്പണമത്രയും വെളുപ്പിക്കാൻ സാധിച്ചു.

ഒന്നുകിൽ സർക്കാർ കണക്കാക്കിയത്ര വലുതായിരുന്നില്ല കള്ളപ്പണം, അല്ലെങ്കിൽ അത് അനായാസം വെളുപ്പിക്കാൻ വഴിയുണ്ടായി. രണ്ടായാലും ഗവൺമെന്റിനു പരാജയം. ഒന്നുകിൽ കണക്കു തെറ്റി, അല്ലെങ്കിൽ തന്ത്രം പിഴച്ചു.

ജനങ്ങൾ ഈ ദിവസങ്ങളിൽ അനുഭവിച്ചതും ഇനി തുടർന്നും അനുഭവിക്കാനിരിക്കുന്നതുമായ ദുരിതങ്ങൾ ഈ കണക്കിലെ തെറ്റിന്റെയോ തന്ത്രത്തിലെ പിഴവിന്റെയോ ഫലം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കുണ്ടാകുന്ന തിരിച്ചടിയും അതു വഴിയുള്ള വരുമാന–തൊഴിൽ നഷ്ടങ്ങളും അങ്ങനെതന്നെ.

റ്റി.സി. മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.