പലിശ കുറയുമെന്നു പരക്കെ പ്രതീക്ഷ
പലിശ കുറയുമെന്നു പരക്കെ പ്രതീക്ഷ
Tuesday, December 6, 2016 1:30 PM IST
മുംബൈ: കറൻസി പിൻവലിക്കലിനു ശേഷമുള്ള ആദ്യ പണനയ അവലോകനം റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം 2.30നു നയം പ്രഖ്യാപിക്കും.

എല്ലാവരും പ്രതീക്ഷിക്കുന്നത് കാൽ ശതമാനം കണ്ടു റീപോ നിരക്ക് കുറയ്ക്കുമെന്നാണ്. ബാങ്കുകൾക്കുള്ള ഹ്രസ്വകാല അടിയന്തര വായ്പയുടെ നിരക്കായ റീപോ 6.25 ശതമാനത്തിൽനിന്ന് ആറു ശതമാനമാക്കും എന്നാണു പ്രതീക്ഷ. ബാങ്കുകളുടെ മിച്ചം പണം സൂക്ഷിക്കുന്നതിനു നല്കുന്ന റിവേഴ്സ് റീപോ 5.5 ശതമാനമായി കുറയ്ക്കുമെന്നും പ്രതീക്ഷയുണ്ട്. അര ശതമാനം കുറവ് അടിസ്‌ഥാന പലിശയിൽ വരുത്തുമെന്നു പ്രതീക്ഷിക്കുന്നവരും ഇല്ലാതില്ല.

ഡോ. ഉർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണറായ ശേഷമുള്ള രണ്ടാമത്തെ പണനയ അവലോകനമാണിത്. എംപിസി ഉണ്ടായ ശേഷവും അങ്ങനെതന്നെ. ഒക്ടോബറിലെ അവലോകനത്തിൽ റീപോ കാൽ ശതമാനം കുറച്ചതാണ്.

കറൻസി പിൻവലിക്കലിനെ തുടർന്നു ബാങ്കുകളിൽ പത്തു ലക്ഷത്തിൽപരം കോടി രൂപയുടെ അധികനിക്ഷേപം വന്നിട്ടുണ്ട്. അതിനനുസരിച്ചു വായ്പ ആവശ്യമില്ല. ഇതു ബാങ്കുകൾക്കു വലിയ നഷ്ടമുണ്ടാക്കും.


ബാങ്കുകളിലെ സെപ്റ്റംബർ 16 മുതൽ നവംബർ 11 വരെയുള്ള അധികനിക്ഷേപം കരുതൽ പണ അനുപാത(സിആർആർ)മായി റിസർവ് ബാങ്കിൽ അടയ്ക്കാൻ ഏതാനും ദിവസം മുമ്പു റിസർവ് ബാങ്ക് ഉത്തരവിട്ടിരുന്നു. അതും ബാങ്കുകൾക്കു നഷ്ടമാണ്. കാരണം, സിആർആറിനു പലിശയില്ല.

ഇപ്പോൾ ആറു ലക്ഷം കോടി രൂപയുടെ മാർക്കറ്റ് സ്റ്റെബിലൈസേഷൻ ബോണ്ടുകൾ ഇറക്കാൻ റിസർവ് ബാങ്കിന് അനുമതി ലഭിച്ചിട്ടുണ്ട്. അതിനാൽ അധിക സിആർആർ പിൻവലിക്കുമോ എന്നു ബാങ്കുകൾ ഉറ്റുനോക്കുന്നുണ്ട്. അധിക സിആർആർ പിൻവലിച്ചാൽ ഈ ബോണ്ടുകളിൽ ആ പണം നിക്ഷേപിച്ചു പലിശ നേടാം.

കറൻസി പിൻവലിക്കലിനെ തുടർന്നു പല വായ്പകളുടെയും തിരിച്ചടവു മുടങ്ങി. ബാങ്കുകൾക്കാണെങ്കിൽ കടം തിരിച്ചുപിടിക്കുന്ന കാര്യത്തിൽ ശ്രദ്ധ ചെലുത്താനും പറ്റുന്നില്ല. ഈ സാഹചര്യത്തിൽ വായ്പകളെ തരംതാഴ്ത്തുന്ന വ്യവസ്‌ഥകളിൽ രണ്ടു മാസത്തെ ഇളവ് അനുവദിച്ചിരുന്നു. അത് ഏതാനും മാസംകൂടി നീട്ടണമെന്നു ബാങ്കുകൾ ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള അനുമതി ലഭിക്കുമോ എന്നും ഇന്നറിയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.