കയർ, കരകൗശല ഉത്പന്നങ്ങൾ ഉത്തർപ്രദേശ് വിപണിയിലേക്ക്
കയർ, കരകൗശല ഉത്പന്നങ്ങൾ ഉത്തർപ്രദേശ് വിപണിയിലേക്ക്
Monday, December 5, 2016 2:13 PM IST
തിരുവനന്തപുരം: കേരളത്തിലെ കയർ, കരകൗശല ഉത്പന്നങ്ങൾ ഇനി ഉത്തർപ്രദേശിലെ വിപണിയിലും. കയർ ഉത്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് സംസ്‌ഥാന കയർ കോർപറേഷൻ ലക്നോ കേന്ദ്രമായ ഉത്തർപ്രദേശ് കോ–ഓപറേറ്റീവ് ഫെഡറേഷനുമായി ധാരണാപത്രം ഒപ്പുവച്ചു.

മറ്റൊരു സംസ്‌ഥാനത്ത പൊതുമേഖലാ സ്‌ഥാപനവുമായി ഉത്പ്പന്ന വിപണനത്തിനായി കരാറിൽ ഏർപ്പെടുന്ന ആദ്യ സംരംഭമാണിതെന്നും ധാരണാപത്രം ഒപ്പുവച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.

ഇന്നലെ മന്ത്രിയുമായി കൂടിക്കാഴ്ചയിൽ കയർ കോർപറേഷനു വേണ്ടി മാനേജിംഗ് ഡയറക്ടർ ജി.എൻ നായരും ഉത്തർപ്രദേശ് കോ–ഓപ്പറേറ്റീവ് ഫെഡറേഷനു വേണ്ടി ജനറൽ മാനേജർ അശോക് കുമാർ യാദവും ധാരണാപത്രം ഒപ്പിട്ടു. ആദ്യപടിയായി ഒരുകോടി രൂപയ്ക്കുള്ള കയറുത്പന്നങ്ങൾക്ക് ഓർഡർ നൽകുമെന്ന് യുപി കോ–ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാൻ കർണസിംഗ് ചൗഹാൻ പറഞ്ഞു.

കയർ ഉത്ാദനം വർധിപ്പിക്കുന്നതിന് സ്വകാര്യ മേഖലയ്ക്കും സർക്കാർ സബ്സിഡി നൽകും. ഇതു പരമ്പരാഗത കയർ ഉത്പാദന മേഖലയെ ബാധിക്കുമെങ്കിലും തൊഴിലാളികൾക്ക് വർഷത്തിൽ 200 ദിവസത്തെ തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തും.


കയർഫെഡ് സംഭരിച്ച കയർ വിതരണം ചെയ്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ അംഗീകരിച്ച വിലയ്ക്ക് കയർ കോർപറേഷൻ വാങ്ങും. ഇപ്പോളിത് 10 ശതമാനം വില കുറച്ച് കയറ്റുമതിക്കാർക്കു നൽകുകയാണു ചെയ്യുന്നത്. ആഭ്യന്തരവിപണി ഇനിയും ഉപയോഗിക്കാതെ കിടക്കുകയാണ്. ഉത്പാദനവർധനയ്ക്കുള്ള പുതിയ പരിപാടിയിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള വിപണിയാണ് പുതിയ ഉടമ്പടിയിലൂടെ കണ്ടെത്തിയിരിക്കുന്നത്.

യുപി മാർക്കറ്റിംഗ് ഫെഡറേഷന്റെ ഉത്ന്നങ്ങളായ പയർവർങ്ങൾക്കും മറ്റും കേരളത്തിൽ വിപണി കണ്ടെത്താൻ സംഘം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സിവിൽ സപ്ലൈസ് കോർപറേഷന്റെ റേഷൻ കട വഴി ഇതു വില്പന നടത്താനാകും. ഇതിനു പക്ഷേ സർക്കാരിന്റെ നയപരമായ തീരുമനം വേണമെന്നും മന്ത്രി പറഞ്ഞു.

കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, കയർവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസ്, കയർ വികസന വകുപ്പ് ഡയറക്ടർ പത്മകുമാർ, കേന്ദ്ര വെയർഹൗസിംഗ് കോർപറേഷൻ ഡയറക്ടർ പ്രദീപ്കുമാർ, മാർക്കറ്റിംഗ് കൺസൾട്ടന്റ് മനോജ് കപൂർ എന്നിവരും സന്നിഹിതരാ യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.