കാർഷികമേഖല കുതിപ്പു തുടരുന്നു; സ്വർണം തളർച്ചയിൽത്തന്നെ
കാർഷികമേഖല കുതിപ്പു തുടരുന്നു; സ്വർണം തളർച്ചയിൽത്തന്നെ
Sunday, December 4, 2016 11:21 AM IST
വിപണിവിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: ക്രിസ്മസ് ആവശ്യങ്ങൾ മുൻനിർത്തി കർഷകർ ഉത്പന്നങ്ങൾ വിപണികളിലേക്കു നീക്കിത്തുടങ്ങി. രാജ്യാന്തര റബർ മാർക്കറ്റിൽ സാങ്കേതിക തിരുത്തൽ, ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കുന്നത് റബറിന്റെ ഭാവി ശോഭനമാക്കും. ഏലക്ക വീണ്ടും സുഗന്ധം പരത്തി. മാസാരംഭ ഡിമാൻഡിൽ വെളിച്ചെണ്ണ പ്രതീക്ഷ നിലനിർത്തി. അന്തരീക്ഷം മൂടിക്കെട്ടിയതിനാൽ മൂപ്പു കുറഞ്ഞ കുരുമുളകിന്റെ വിളവെടുപ്പ് തടസപ്പെട്ടു. സ്വർണവില വീണ്ടും കുറഞ്ഞു.

റബർ

ക്രിസ്മസ് ആവശ്യങ്ങൾക്കായി ചെറുകിട കർഷകർക്കൊപ്പം വൻകിടക്കാരും റബർ വില്പനയ്ക്കുള്ള നീക്കത്തിൽ. ഉത്സവദിനങ്ങൾക്കു മാറ്റുകൂട്ടാൻ ഉത്പാദകർ ചരക്കിറക്കിയതോടെ വ്യവസായികൾ ഒരിക്കൽകൂടി സംഘടിതരായി. ഷീറ്റിന്റെ വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ മാത്രമല്ല വിപണിയുടെ ദിശയിലും മാറ്റം വരുത്താൻ അവർ ശ്രമിച്ചു. വാരാരംഭത്തിൽ വിദേശത്തെ വിലക്കയറ്റം കണ്ട് ഇന്ത്യൻ ടയർ കമ്പനികൾ നിരക്കുയർത്തി. ഒരവസരത്തിൽ 13,100 രൂപയിൽ കൈമാറിയ നാലാം ഗ്രേഡ് കൂടുതൽ മികവ് കാണിക്കുമെന്ന് സ്റ്റോക്കിസ്റ്റുകൾ കണക്കുകൂട്ടി. ഇതിനിടെ രാജ്യാന്തരവിപണിയിൽ നിക്ഷേപകർ പ്രോഫിറ്റ് ബുക്കിംഗിന് തയാറായത് ടോക്കോമിലും സിക്കോമിലും സാങ്കേതിക തിരുത്തലിനു കാരണമായി. ടോക്കോമിൽ ഒന്നര വർഷത്തിനിടെ ആദ്യമായി കിലോ 243 യെൻ വരെ ഉയർന്ന റബർ വില വാരാന്ത്യം 230ലാണ്. ഓപ്പറേറ്റർമാരുടെ ലാഭമെടുപ്പ് വിപണിയെ സാങ്കേതികമായി അല്പം ദുർബലമാക്കിയെങ്കിലും ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കുമെന്ന ഒപ്പെക്കിന്റെ വെളിപ്പെടുത്തൽ ആഗോള റബർ ഉത്പാദക രാജ്യങ്ങൾക്ക് അനുകൂലമാണ്.

മികച്ച കാലാവസ്‌ഥ തുടരുന്നതിനാൽ കേരളത്തിൽ റബർ ടാപ്പിംഗ് പൂർണതോതിൽ മുന്നേറുന്നു. ഡിസംബറിലാണ് മരങ്ങളിൽനിന്നുള്ള യീൽഡ് ഏറ്റവും ഉയരുന്നത്. ഉത്പാദകമേഖലകളിൽനിന്ന് കനത്തതോതിൽ ലാറ്റക്സ് ചെറുകിട വിപണികളിലേക്ക് നീങ്ങി. നാലാം ഗ്രേഡ് 12,800 രൂപയിലാണ്.

നാളികേരം

ദക്ഷിണേന്ത്യയിൽ വെളിച്ചെണ്ണ കരുത്തുനേടി. ഉത്പാദന മേഖലകളിൽനിന്ന് കൊപ്ര നീക്കം കുറഞ്ഞതു കണ്ട് മില്ലുകാർ വെളിച്ചെണ്ണ നീക്കം നിയന്ത്രിച്ചു. ക്വിന്റലിന് പതിനായിരം രൂപയ്ക്കു മുകളിലാണ് എണ്ണ മാർക്കറ്റിപ്പോൾ. പാചക എണ്ണകൾക്ക് ക്രിസ്മസ് വേളയിൽ ഡിമാൻഡ് ഉയരുമെന്നത് വെളിച്ചെണ്ണയ്ക്കും നേട്ടമാവും. വെളിച്ചെണ്ണ 10,200 രൂപയിലും കൊപ്ര 6,880ലുമാണ്.


ഏലം

ന്യൂ ഇയർ വേളയിൽ ഏലത്തിന് ആവശ്യം ഉയരുമെന്ന കണക്കുകൂട്ടലിലാണ് ഇടപാടുകാർ. ഇത് ലേലകേന്ദ്രങ്ങളിൽ വീറും വാശിയും ഉയർത്തി. മികച്ചയിനം ഏലക്ക കിലോ ഗ്രാമിന് 1,578 രൂപയിലെത്തി. വിദേശ ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാർ ചരക്ക് സംഭരിച്ചു. ഏലത്തിന് ഉത്തരേന്ത്യൻ ആവശ്യവും ഉയർന്നു. 400 ടൺ ഏലക്കയുടെ ഇടപാടുകൾ നടന്നു. വാരമധ്യത്തിലെ മഴ തോട്ടം മേഖലയ്ക്ക് ആശ്വാസമായി. തുടർ മഴ ലഭിച്ചാൽ ജനുവരിയിലും ഏലക്ക ഉത്പാദനം ഉയരാം.

കുരുമുളക്

തെക്കൻ കേരളത്തിൽ കുരുമുളക് വിളവെടുപ്പ് പുരോഗമിക്കവേ പകൽ താപനില താഴ്ന്നതും മൂടൽ മഞ്ഞും വിളവെടുപ്പിനെ ബാധിച്ചു. കാലാവസ്‌ഥ മാറ്റം കുരുമുളക് വിളവെടുപ്പ് മന്ദഗതിയിലാക്കി. ടെർമിനൽ മാർക്കറ്റിൽ വരവു ചുരുങ്ങിയതോടെ അന്തർസംസ്‌ഥാന വ്യാപാരികൾ ഉത്പന്നവില ഉയർത്തി. വാരാന്ത്യം 70,100ലാണ് ഗാർബിൾഡ് കുരുമുളക്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 11,000 ഡോളറാണ്.

ജാതിക്ക

ഔഷധ വ്യവസായികളുടെ വരവ് ജാതിക്ക, ജാതിപത്രി വിലകൾ ഉയർത്തി. മധ്യകേരളത്തിലെ വിപണികളിലേക്ക് ചരക്കുവരവ് കുറഞ്ഞ അളവിലായിരുന്നു. ആഭ്യന്തര ആവശ്യം ഉയർന്നാൽ വ്യാപാരരംഗം കൂടുതൽ സജീവമാക്കും. ജാതിക്ക കിലോ 225–245 രൂപയിലും ജാതിപരിപ്പ് 425–450 രൂപയിലും ജാതിപത്രി 500–875 രൂപയിലുമാണ്.

സ്വർണം

ആഭരണകേന്ദ്രങ്ങളിൽ സ്വർണവില താഴ്ന്നെങ്കിലും വില്പനത്തോത് ഉയർന്നില്ല. 21,920 രൂപയിൽനിന്ന് സ്വർണവില 320 രൂപ കുറഞ്ഞ് 21,600 രൂപയായി. ഒരു ഗ്രാമിന്റെ വില 2,700 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1,189 ഡോളറിൽനിന്ന് 1,162 വരെ ഇടിഞ്ഞു. വാരാന്ത്യം വില 1,178 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.