ഫാക്ടറി ഉത്പാദനത്തിലും വാഹനവില്പനയിലും ഇടിവ്
ഫാക്ടറി ഉത്പാദനത്തിലും വാഹനവില്പനയിലും ഇടിവ്
Thursday, December 1, 2016 1:21 PM IST
മുംബൈ: കറൻസി പിൻവലിക്കൽ നടപടി രാജ്യത്തെ ഫാക്ടറി ഉത്പാദനത്തിൽ കുറവുവരുത്തിയതായി സൂചന. വ്യാവസായിക പ്രവർത്തനങ്ങളുടെ വേഗം കണക്കാക്കുന്ന പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) നവംബറിൽ 54.4ൽനിന്ന് 52.3 ലേക്കു താണു. 2013 മാർച്ചിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.

സൂചിക 50നു മുകളിലായതിനാൽ വ്യവസായമേഖലയിൽ മാന്ദ്യമില്ല. പകരം ഉത്പാദന വളർച്ചയുടെ തോത് താഴോട്ടു പോവുകയാണു ചെയ്തത്.

കറൻസി പ്രശ്നം വാഹനവിപണിയെ ബാധിച്ചു. കാർവില്പനയിൽ വലിയ ഇടിവുണ്ടായില്ലെങ്കിലും മിനി ട്രക്കുകൾ, ട്രാക്ടറുകൾ തുടങ്ങിയവയ്ക്കു വലിയ തിരിച്ചടി നേരിട്ടു.

കാർ വിപണിയിലെ ഒന്നാമനായ മാരുതി സുസുകിക്ക് നവംബറിലെ ആഭ്യന്തര വില്പന 14.2 ശതമാനം വർധിച്ചു. 1,10,599ൽനിന്ന് 1,26,325 ലേക്ക്. തലേവർഷം നവംബറിനെ അപേക്ഷിച്ചാണ് ഈ വർധന. എന്നാൽ തലേ മാസത്തെ അപേക്ഷിച്ചു 2.1 ശതമാനം വർധനയേ ഉള്ളൂ.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 24.89 ശതമാനം കുറവായി വില്പന. ആഭ്യന്തരവില്പന 39,383ൽനിന്ന് 29,814 ആയി താണു. സ്കോർപിയോ, എക്സ്യുവി, സൈലോ, ബൊലേറോ, വേറിറ്റോ എന്നിവയുൾപ്പെട്ട യാത്രാവാഹനങ്ങളുടെ വില്പന 33 ശതമാനം ഇടിഞ്ഞു. 19,662ൽനിന്ന് 13,217ലേക്ക്. വാണിജ്യവാഹന വില്പനയിൽ 15 ശതമാനമാണ് ഇടിവ്.


മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ട്രാക്ടർ വില്പന 24 ശതമാനമാണു താണത്. 20,819ൽനിന്ന് 15,918 ലേക്ക്.

ഫോക്സ്വാഗണ് വില്പന ഇരട്ടിയിലേറെയായി. തലേ നവംബറിലെ 1,942ൽനിന്ന് 4,014ലേക്ക്. കഴിഞ്ഞവർഷം പുകത്തട്ടിപ്പിനെ തുടർന്നു വില്പന കുത്തനേ ഇടിഞ്ഞിരുന്നു.

ടൊയോട്ട കിർലോസ്കർ 10 ശതമാനം വളർച്ച നേടി. ഫോർഡ് 22.19 ശതമാനം കൂടി.

വാണിജ്യ വാഹന നിർമാതാക്കളായ ഐഷറിനു വില്പന 12.7 ശതമാനം കുറഞ്ഞു. 3,639ൽനിന്ന് 3,176ലേക്ക്.

അശോക് ലേലൻഡിന് മൊത്തം വില്പന ഏഴു ശതമാനം കൂടിയപ്പോൾ മിനിട്രക്കുകളുടെ (എൽസിവി) വില്പന ഒരുശതമാനം കുറഞ്ഞു.

റെനോയ്ക്കു വില്പന 23 ശതമാനം കൂടി. ക്വിഡ് ആണു വില്പനയിൽ മുന്നിൽനിന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.