കാത്തലിക് സിറിയൻ ബാങ്ക് നോട്ടമിട്ട് കാനഡയിലെ ഇന്ത്യൻ കോടീശ്വരൻ
കാത്തലിക് സിറിയൻ ബാങ്ക് നോട്ടമിട്ട് കാനഡയിലെ ഇന്ത്യൻ കോടീശ്വരൻ
Monday, November 28, 2016 11:03 AM IST
തൃശൂർ: തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കാത്തലിക് സിറിയൻ ബാങ്കിന്റെ നിയന്ത്രണം ലക്ഷ്യമിട്ട് കാനഡയിലെ വ്യവസായ പ്രമുഖൻ. ശതകോടീശ്വരൻ പ്രേം വത്സയുടെ ഉടമസ്‌ഥതയിലുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സാണു കാത്തലിക് സിറിയൻ ബാങ്കിന്റെ ഓഹരികൾ വാങ്ങിക്കൂട്ടാൻ റിസർവ് ബാങ്കിന്റെ അനുമതി തേടിയിട്ടുള്ളത്. വോട്ടവകാശമുള്ള പതിനഞ്ചു ശതമാനം ഓഹരികൾ വാങ്ങാനാണു റിസർവ് ബാങ്കിന്റെ അനുമതി ഇദ്ദേഹം തേടിയിട്ടുള്ളതെന്നു ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള ഇന്ത്യൻ വംശജനായ പ്രേം വത്സ ഫെയർഫാക്സ് ഇന്ത്യാ ഹോൾഡിംഗ് കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗമായ എച്ച്ഡിഎഫ്സി ബാങ്ക് ചെയർമാൻ ദീപക് പരേഖുമൊത്ത് ഇക്കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിനെ സന്ദർശിച്ചിരുന്നു. വിദേശ നിക്ഷേപകർക്കു ബാങ്കുകളിൽ പതിനഞ്ചു ശതമാനം വോട്ടവകാശം നൽകണമെങ്കിൽ കേന്ദ്ര ഗവൺമെന്റിന്റെയും റിസർവ് ബാങ്കിന്റെയും പ്രത്യേക അനുമതി വേണം. അനുമതി നൽകുകയാണെങ്കിൽ ബാങ്കിംഗ് രംഗത്തേക്കു കൂടുതൽ വിദേശ നിക്ഷേപകർ കടന്നുവരാൻ സാധ്യതയുണ്ട്. ഓഹരികൾ കൈമാറാനുള്ള ശ്രമങ്ങളെക്കുറിച്ചു പ്രതികരിക്കാൻ ബാങ്ക് അധികാരികളും ഫെയർഫാക്സ് അധികൃതരും റിസർവ് ബാങ്ക് വൃത്തങ്ങളും വിസമ്മതിച്ചു.

430 ശാഖകളുള്ള കാത്തലിക് സിറിയൻ ബാങ്കിന് ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തെ ലാഭം 53 കോടി രൂപയായിരുന്നു. ബാങ്കിന്റെ 96 വർഷത്തെ ചരിത്രത്തിൽ ഏറ്റവും മികച്ച ആദായമാണിത്. കഴിഞ്ഞ വർഷത്തെ അർധവാർഷിക റിപ്പോർട്ടനുസരിച്ചു 41 കോടി രൂപയുടെ നഷ്‌ടമായിരുന്നു.


റിസർവ് ബാങ്കിന്റെ മാനദണ്ഡമനുസരിച്ചു 9.63 ശതമാനം ഉണ്ടാകേണ്ട മൂലധന പര്യാപ്തത 10.55 ശതമാനത്തിൽനിന്നു 10.69 ശതമാനമായി വർധിപ്പിച്ചു. ബാങ്കിന്റെ 130 കോടി രൂപയുടെ ഓഹരി ഏഴു കമ്പനികൾ വാങ്ങാനുള്ള നടപടി പുരോഗമിക്കുന്നുണ്ട്. റിലയൻസ് കാപ്പിറ്റൽ, എച്ച്ഡിഎഫ്സി സ്റ്റാൻഡേർഡ് ലൈഫ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ്, ബജാജ് അലയൻസ്, ഭാരതി ലൈഫ് ഇൻഷ്വറൻസ്, ഇക്കണോമിക്സ് ടൈംസിന്റെയും ടൈംസ് ഓഫ് ഇന്ത്യയുടെയും ഉടമകളായ ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനി, ഡെൽവീസ് ടോക്കിയോ ലൈഫ് ഇൻഷ്വറൻസ് എന്നീ കമ്പനികളാണ് ഓഹരി വാങ്ങുന്നത്. റിലയൻസ് കാപിറ്റൽ 42.3 ലക്ഷം ഓഹരികൾ വാങ്ങും.

പത്തു രൂപ മുഖവിലയുള്ള ഓഹരികൾ നൂറു മുതൽ 120 രൂപയ്ക്കു വരെ വിൽക്കാമെന്നു ബാങ്കിന്റെ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം തീരുമാനിച്ചിരുന്നു. ലുലു ഗ്രൂപ്പ് സാരഥിയും പ്രമുഖ വിദേശ ഇന്ത്യൻ വ്യവസായിയുമായ എം.എ. യൂസഫലി നേരത്തെ 4.9 ശതമാനം ഓഹരി വാങ്ങിയിരുന്നു. ബാങ്കിന്റെ ഒരു ശതമാനത്തിലേറെ ഓഹരി കൈവശമുള്ള 21 ഓഹരിയുടമകളുണ്ട്.

പ്രേം വത്സയുടെ സ്‌ഥാപനങ്ങൾ ഇന്ത്യയിൽ 9,000 കോടിയോളം രൂപയുടെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ മാത്രം 2,149 കോടി രൂപയാണു നിക്ഷേപിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.