മിസ്ത്രിയുടെ സ്വാതന്ത്ര്യം ആരും നിഷേധിച്ചില്ല: ടാറ്റാ സൺസ്
മിസ്ത്രിയുടെ സ്വാതന്ത്ര്യം ആരും നിഷേധിച്ചില്ല: ടാറ്റാ സൺസ്
Thursday, October 27, 2016 11:34 AM IST
മുംബൈ: ചെയർമാനു പ്രവർത്തനസ്വാതന്ത്ര്യം അനുവദിച്ചില്ലെന്ന ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ ആരോപണം ശരിയല്ലെന്നു ടാറ്റാ സൺസ്. വസ്തുനിഷ്ഠമല്ലാത്ത അവകാശവാദങ്ങളും ദുരുപദിഷ്‌ടമായ ആരോപണങ്ങളുമാണു മിസ്ത്രി പുറത്തുവിട്ട കത്തിൽ എന്നു ടാറ്റാ സൺസ് പ്രസ്താവിച്ചു.

2006 മുതൽ ടാറ്റാ സൺസ് ബോർഡിലുള്ളയാളാണു മിസ്ത്രി. വിവാദപരമെന്നു മിസ്ത്രി പറയുന്ന എല്ലാ തീരുമാനങ്ങളും അദ്ദേഹംകൂടി പങ്കാളിയായ ബോർഡ് കൈക്കൊണ്ടതാണ്. ഇപ്പോൾ അവയെ തള്ളിപ്പറയുന്നതു മര്യാദകേടാണ്– ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സൺസിന്റെ വക്‌താവ് പറഞ്ഞു. 2011ൽ ഡെപ്യൂട്ടി ചെയർമാനും 2012ൽ ചെയർമാനുമായ മിസ്ത്രിയെ നീക്കിയത് ബോർഡിന്റെ കൂട്ടായ തീരുമാനപ്രകാരമാണ്. കമ്പനിക്കെതിരേ ദുരാരോപണങ്ങൾ പരസ്യപ്പെടുത്തിയ മിസ്ത്രിയുടെ നടപടി അക്ഷന്തവ്യമായ അപരാധമായി ടാറ്റാ സൺസ് വിശേഷിപ്പിച്ചു. പരസ്യമായ ഒരു ആരോപണയുദ്ധത്തിനു ടാറ്റാ ഗ്രൂപ്പ് ഇല്ലെന്നും അതു തങ്ങളുടെ രീതിയല്ലെന്നും നിലവാരത്തിനു ചേരാത്തതാണെന്നും പ്രസ്താവനയിൽ പറയുന്നു. ആവശ്യം വരുമ്പോൾ ഉചിതമായ വേദികളിൽ വിവരങ്ങൾ പരസ്യപ്പെടുത്തും.

രത്തൻ ടാറ്റയ്ക്കും ഗ്രൂപ്പിനുമെതിരേ നിരവധി ആരോപണങ്ങൾ സൈറസ് മിസ്ത്രി ഉന്നയിച്ചിരുന്നു.

ടാറ്റാ ഗ്രൂപ്പിന്റെ വിശദീകരണം: നേതൃത്വസിദ്ധി കണ്ടില്ല; മിസ്ത്രിയെ പുറത്താക്കി

മുംബൈ: വേണ്ടത്ര നേതൃത്വസിദ്ധി കാണിക്കാൻ സൈറസ് മിസ്ത്രിക്കു കഴിയാതെപോയതാണ് അദ്ദേഹത്തെ ടാറ്റാ സൺസ് ചെയർമാൻ സ്‌ഥാനത്തുനിന്നു മാറ്റാൻ കാരണമെന്നു ടാറ്റാ ഗ്രൂപ്പ്. ഗ്രൂപ്പിലെ ഉള്ളുകളികൾ അറിയുന്നവരെന്ന് അവകാശപ്പെടുന്നവരാണ് ഇതു സൂചിപ്പിച്ചത്.

2011ൽ മിസ്ത്രിയെ രത്തൻ ടാറ്റായുടെ പിൻഗാമിയായി നിശ്ചയിച്ച തീരുമാനം തെറ്റായി എന്ന ഏറ്റുപറച്ചിലാണ് ഇതിൽ കാണുന്നത്.


മിസ്ത്രി മാന്യനായിരുന്നു, കഠിനാധ്വാനംചെയ്തു. പക്ഷേ ടാറ്റാ സൺസ് ചെയർമാൻ എന്ന നിലയിലേക്ക് ഉയർന്നില്ല– ഒരു മുതിർന്ന വ്യക്തി പറഞ്ഞു.

രാജിവച്ചു മാറാൻ ഒന്നിലേറെ അവസരം നൽകിയതാണെന്നും ഇതേ വ്യക്‌തി ഒരു ടിവി ചാനലിനോടു പറഞ്ഞു. മിസ്ത്രി അതിനു വഴങ്ങിയില്ലത്രേ.

48 വയസുള്ള മിസ്ത്രി വരുംദിവസങ്ങളിൽ ടാറ്റാ ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ ചെയർമാൻസ്‌ഥാനം രാജിവയ്ക്കേണ്ടതുണ്ട്. ടാറ്റാ സൺസ് നോമിനി എന്ന നിലയിലാണ് അദ്ദേഹം ഗ്രൂപ്പ് കമ്പനികളിൽ ഡയറക്ടറും ചെയർമാനുമായിരിക്കുന്നത്. ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടേഴ്സ്, ടിസിഎസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെയൊക്കെ ചെയർമാൻ മിസ്ത്രിയാണ്.

ടാറ്റാ ഓഹരികൾക്കു നഷ്ടം 26,000 കോടി

മുംബൈ: ടാറ്റാ സൺസ് ചെയർമാൻ സൈറസ് മിസ്ത്രിയെ നീക്കംചെയ്തശേഷം ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലയിലുണ്ടായ ഇടിവ് 26,000 കോടി രൂപ മാത്രം. എട്ടര ലക്ഷം കോടി രൂപ വിപണിമൂല്യമുണ്ട് എല്ലാ ടാറ്റാ കമ്പനികൾക്കുംകൂടി. ഇതിൽ പകുതിയിലേറെ ടിസിഎസ് കമ്പനിയുടേതാണ്. അതിന്റെ ഓഹരിവില കുറയാത്തതാണ് നഷ്ടം കുറവാകാൻ കാരണം.

ഈ ദിവസങ്ങളിൽ വില താഴ്ന്ന ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ പവർ, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റാ ടെലി സർവീസസ് എന്നിവയൊക്കെ മാസങ്ങളായി വിലയിടിഞ്ഞു നിൽക്കുന്നവയാണ്.

ടാറ്റാ കമ്പനികൾ വൻ നഷ്‌ടത്തിലേക്കു പോകുകയാണെന്ന മിസ്ത്രിയുടെ പ്രസ്താവനയെപ്പറ്റി സ്റ്റോക്ക് എക്സ്ചേഞ്ചുകൾ കമ്പനികളുടെ വിശദീകരണം തേടിയിരുന്നു. പുതിയ ഒരു കാര്യവും അറിയിക്കാനില്ലെന്നാണു കമ്പനികൾ നൽകിയ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.