സ്വാതന്ത്ര്യം തന്നില്ല; വിശദീകരണം ഇല്ലാതെ പുറത്താക്കി: മിസ്ത്രി
സ്വാതന്ത്ര്യം തന്നില്ല; വിശദീകരണം ഇല്ലാതെ പുറത്താക്കി: മിസ്ത്രി
Wednesday, October 26, 2016 11:55 AM IST
മുംബൈ: സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ല. എങ്ങും തടസങ്ങൾ മാത്രം. എന്നിട്ട് ഒരു വിശദീകരണവും കൂടാതെ പുറത്താക്കി. വിശദീകരണം ചോദിച്ചുമില്ല.

രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റായുടെ ചെയർമാൻ സ്‌ഥാനത്തുനിന്നു പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രിയുടെ പരാതി.

ടാറ്റാസൺസ് ഡയറക്ടർമാർക്ക് ഇ–മെയിലായി അയച്ച കത്തിലാണു 48 വയസുള്ള മിസ്ത്രിയുടെ കുറ്റാ രോപണം. നാലുവർഷം ടാറ്റാസൺസ് ചെയർമാനായിരുന്ന മിസ്ത്രിയെ തിങ്കളാഴ്ചയാണു നീക്കം ചെയ്തത്.

മുൻഗാമി രത്തൻ ടാറ്റയ്ക്കെതിരേയാണ് ആരോപണങ്ങൾ. രത്തൻ തന്നെയാണു മിസ്ത്രിക്കു പകരം ഇടക്കാല ചെയർമാനായിരിക്കുന്നത്.

മിസ്ത്രിയുടെ കത്തിനെപ്പറ്റി ടാറ്റ ഗ്രൂപ്പ് ഒന്നും പ്രതികരിച്ചില്ല.

പുറത്താക്കലിനെ നിയമപരമായി നേരിടുമെന്നു കത്തു വ്യക്‌തമാക്കുന്നു. കത്തിലെ പ്രധാന വാദമുഖങ്ങൾ:

പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പു നൽകിയാണ് 2012 ഡിസംബറിൽ ചെയർമാനാക്കിയത്. പക്ഷേ, താമസിയാതെ കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനും മറ്റും ഭേദഗതി ചെയ്തു. ഇതുപ്രകാ രം ടാറ്റയുടെ കുടുംബട്രസ്റ്റുകൾക്കു കൂടുതൽ അധികാരം നൽകി.

രത്തൻ ടാറ്റ ഒട്ടേറെ പ്രശ്നങ്ങൾ ഗ്രൂപ്പിന് ഉണ്ടാക്കിവച്ചു. വലിയ ക ടബാധ്യത അതിലൊന്നാണ്. അതു തീർക്കാൻ ഞാൻ നടത്തിയ ശ്രമങ്ങൾക്കു രത്തൻ എതിരുനിന്നു.

നഷ്‌ടമുണ്ടാക്കിപ്പോന്ന നാനോ കാർ പദ്ധതി നിർത്തലാക്കാൻ സമ്മതിച്ചില്ല. വൈകാരിക കാരണങ്ങൾക്കൊപ്പം ടാറ്റായുടെ വ്യാപാരതാത്പര്യവും അതിനു പിന്നിലുണ്ടായി. ടാറ്റായ്ക്കു പങ്കുള്ള ഒരു ഇലക്ട്രിക് കാർ പദ്ധതിക്കുള്ള നാനോ ഗ്ലൈ ഡറുകൾ നിർമിക്കുന്നതു മു ടങ്ങും എന്നതാണ് ആ താത്പര്യം.


എയർ ഏഷ്യയുമായും സിംഗപ്പൂർ എയർലൈൻസുമായും ചേർന്നു വിമാനസർവീസുകൾ തുടങ്ങാനുള്ള തീരുമാനം രത്തൻടാറ്റ ഉണ്ടാക്കി എന്റെമേൽ കെട്ടിഏൽപ്പിച്ചു. പ്രതീക്ഷിച്ചതിലും കൂടുതൽ മൂലധനമുടക്ക് വേണ്ടിവന്നു അവയ്ക്ക്.

നഷ്‌ടത്തിലോടുന്ന അഞ്ചു ബിസിനസുകൾമൂലം ടാറ്റാ ഗ്രൂപ്പിന് 1.18 ലക്ഷം കോടി രൂപ എഴുതിത്തള്ളേണ്ടിവരും. ഇന്ത്യൻ ഹോട്ടൽസ് കമ്പനി, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീലിന്റെ യൂറോപ്യൻ ബിസിനസ്, ടാറ്റാ മുന്ദ്രാ പവർ, ടെലികോം കമ്പനി എന്നിവ നഷ്‌ടത്തിലാണ്. വിദേശ കമ്പനികൾ ഏറ്റെടുത്തതു വലിയ കടബാധ്യത ഉണ്ടാക്കി. ജഗ്വാർ ലാൻഡ് റോവറും ടെറ്റ്ലിയും മാത്രമേ അപവാദങ്ങൾ ഉള്ളൂ.

ഇന്ത്യൻ ഹോട്ടൽസിന്റെ പല വിദേശഹോട്ടലുകളും നഷ്‌ടത്തിലാണു വിറ്റത്. ടാറ്റാ കെമിക്കൽസിന്റെ ഇംഗ്ലണ്ടിലെയും കെനിയയിലെയും പ്രവർത്തനങ്ങൾ വൻ നഷ്‌ടത്തിലാണ്.

ടെലികോമിൽ തുടർന്നാലും പുറത്തുചാടിയാലും നഷ്‌ടമാണെന്നതാണു നില. ജപ്പാനിലെ ഡോകോമോയുമായി പിരിയുന്നതിലെ നഷ്‌ടപരിഹാരം വേറെയും.

കഴിഞ്ഞ മൂന്നുവർഷം ലാഭക്ഷമത വർധിപ്പിക്കാനാണു ശ്രമിച്ചത്. അതിൽ വിജയിച്ചു. നഷ്‌ടവ്യവസായങ്ങൾ വിറ്റ് കടബാധ്യത കുറയ്ക്കാനും ശ്രമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.