ടാറ്റ: ഇനി നിയമയുദ്ധം
ടാറ്റ: ഇനി നിയമയുദ്ധം
Tuesday, October 25, 2016 11:45 AM IST
ന്യൂഡൽഹി/മുംബൈ: ടാറ്റാ ഗ്രൂപ്പിലെ പോര് കോടതികളിലേക്കും. ഇരുപക്ഷവും സുപ്രീംകോടതി മുതൽ കമ്പനി നിയമ ട്രൈബ്യൂണൽ വരെ കേവിയറ്റുകൾ സമർപ്പിച്ചു. എതിർപക്ഷം ഏകപക്ഷീയവിധി സമ്പാദിക്കാതിരിക്കുന്നതിനുവേണ്ടിയാണ് കേവിയറ്റുകൾ. ഇരുപക്ഷവും നീണ്ട നിയമയുദ്ധത്തിനുള്ള തയാറെടുപ്പിലാണ്.

ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഉടമസ്‌ഥത നിയന്ത്രിക്കുന്ന ടാറ്റാ സൺസിന്റെ ചെയർമാൻസ്‌ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയ സാഹചര്യത്തിലാണു നിയമപോരാട്ടം. മിസ്ത്രിക്കു പകരം നാലു മാസത്തേക്ക് ഇടക്കാല ചെയർമാനായി മുൻ ചെയർമാൻ രത്തൻ ടാറ്റയെ നിയമിച്ചിരുന്നു. ടാറ്റ ഇന്നലെ ഗ്രൂപ്പ് ആസ്‌ഥാനമായ ബോംബെ ഹൗസിൽ എത്തി ഗ്രൂപ്പിലെ വിവിധ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവുമാരുമായി ചർച്ച നടത്തി. നാലു മാസത്തിനകം പുതിയ സ്‌ഥിരം ചെയർമാൻ ഉണ്ടാകുമെന്നും അതുവരെ യാതൊന്നും സംഭവിക്കാത്ത മട്ടിൽ കമ്പനികൾ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റാ സൺസിൽ 18.5 ശതമാനം ഓഹരിയുണ്ട് മിസ്ത്രി ഉൾപ്പെട്ട ഷാപ്പൂർജി പല്ലോൺജി കുടുംബത്തിന്. ടാറ്റാമാരുടെ വിവിധ ട്രസ്റ്റുകൾക്കാണ് 65 ശതമാനം ഓഹരി.

നാലുവർഷം മുൻപ് സാരഥിയായ മിസ്ത്രിയുടെ സമീപനങ്ങളിലുള്ള വിയോജിപ്പാണ് സ്‌ഥാനമാറ്റത്തിനു കാരണമെന്നു പറയപ്പെടുന്നു. ലാഭം മാത്രം നോക്കി ഗ്രൂപ്പിൽ വലിയ അഴിച്ചുപണിക്ക് മിസ്ത്രി ഒരുങ്ങുകയായിരുന്നു. ടാറ്റാ സ്റ്റീൽ ഇംഗ്ലണ്ടിൽ വാങ്ങിയ കോറസ് സ്റ്റീൽ വിൽക്കാൻ നീക്കം തുടങ്ങി. ഇന്ത്യൻ ഹോട്ടൽസിന്റെ ചില വിദേശ ഹോട്ടലുകൾ വിറ്റു.

ലാഭക്ഷമത ഉറപ്പാക്കുമ്പോൾത്തന്നെ ലാഭം കുറഞ്ഞവയെല്ലാം വിറ്റൊഴിയുന്നതു ശരിയല്ലെന്നാണു രത്തൻ ടാറ്റയും ടാറ്റാ കുടുംബത്തിലെ അംഗങ്ങളും കരുതുന്നതെന്നു പറയുന്നു. മിസ്ത്രിയുടെ ലാഭമാത്ര വാദവും ഇതുമായി പൊരുത്തപ്പെട്ടില്ല.


മിസ്ത്രിക്ക് പിൻഗാമിയായി അര ഡസനിലേറെപ്പേരുടെ പട്ടിക പ്രചരിക്കുന്നുണ്ട്. പെപ്സികോ മേധാവി ഇന്ദ്രനൂയി, ടാറ്റാ ഗ്രൂപ്പിന്റെ റീട്ടെയിൽ ശൃംഖല നയിക്കുന്ന അർധസഹോദരൻ നോയൽ ടാറ്റ, വോഡഫോണിന്റെ മുൻ മേധാവി അരുൺ സരിൻ, ബെയിൻ കാപ്പിറ്റലിന്റെ അമിത് ചന്ദ്ര, ടിസിഎസ് മേധാവി എൻ. ചന്ദ്രശേഖരൻ, ടാറ്റാ സ്റ്റീലിന്റെ മുൻ വൈസ് ചെയർമാൻ ബി. മുത്തുരാമൻ, ടാറ്റാ ഗ്രൂപ്പ് ഫിനാൻസ് ഡയറക്ടർ ഇഷാത് ഹുസൈൻ തുടങ്ങിയവരാണു പട്ടികയിലുള്ളത്. രത്തൻ ടാറ്റ അടങ്ങുന്ന അഞ്ചംഗ കമ്മിറ്റിക്കാണ് പുതിയ സാരഥിയെ കണ്ടെത്തുന്ന ചുമതല.

ഏഴു ലക്ഷം കോടിയോളം രൂപ വിറ്റുവരവുള്ള ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾക്ക് ഇന്നലെ കമ്പോളത്തിൽ വിലയിടിഞ്ഞു. ഇന്നലെ മാത്രം 10,700 കോടി രൂപയുടെ വിപണിമൂല്യം നഷ്ടമായി. മൊത്തം എട്ടര ലക്ഷം കോടി രൂപയാണ് ടാറ്റാ കമ്പനികളുടെ വിപണിമൂല്യം.

ഇതിനിടെ ടാറ്റാ സൺസിന്റെ ഡയറക്ടർബോർഡിലേക്ക് ടിസിഎസ് മേധാവി എൻ. ചന്ദ്രശേഖരനെയും ജഗ്വാർ ലാൻഡ് റോവർ സിഇഒ റാൾഫ് സ്പെത്തിനെയും നിയമിച്ചു. ഇതോടെ ബോർഡിൽ 11 അംഗങ്ങളായി.

സൈറസ് മിസ്ത്രി നിയമിച്ച ഗ്രൂപ്പ് എക്സിക്യൂട്ടീവ് കൗൺസിൽ പിരിച്ചുവിട്ടു. കൗൺസിൽ അംഗങ്ങളിൽ ഹരീഷ് ഭട്ടിനും മുകുന്ദ് രാജനും വേറേ പദവികൾ നൽകും. മറ്റുള്ളവരെ ഒഴിവാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.