ഫെഡറൽ ബാങ്കിന്റെ അറ്റാദായം 201 കോടി
ഫെഡറൽ ബാങ്കിന്റെ അറ്റാദായം 201 കോടി
Tuesday, October 25, 2016 11:45 AM IST
കൊച്ചി: നടപ്പു സാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 24.77 ശതമാനം വർധനയോടെ 201.24 കോടി രൂപയായതായി ബാങ്ക് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. ഓഡിറ്റ് ചെയ്യാത്ത സാമ്പത്തികഫലങ്ങൾ അനുസരിച്ച് ബാങ്ക് 41.11 ശതമാനം വർധനയോടെ 474.93 കോടി രൂപയുടെ പ്രവർത്തനലാഭവും കൈവരിച്ചു. ആകെ വരുമാനം 24.93 ശതമാനം വർധിച്ച് 987.73 കോടി രൂപയും പലിശ ഇനത്തിലുള്ള അറ്റവരുമാനം 19.22 ശതമാനം വർധിച്ച് 725.24 കോടി രൂപയുമായി.

വായ്പകൾ 26.63 ശതമാനം വർധിച്ചു. ആകെ ഇടപാട് വാർഷികാടിസ്‌ഥാനത്തിൽ 21.13 ശതമാനം വളർച്ചയോടെ 1,50,986 കോടി രൂപയിലെത്തി. ആകെ വായ്പ 51,675.89 കോടിയിൽനിന്ന് 65439.31 കോടി രൂപയായി. മുൻവർഷം ഇതേ കാലയളവിൽ 73,783.20 കോടി രൂപയായിരുന്ന ആകെ നിക്ഷേപം 86,299.10 കോടി രൂപയിലുമെത്തി.


എൻആർഇ നിക്ഷേപങ്ങൾ 19.26 ശതമാനം വളർച്ച രേഖപ്പെടുത്തി 32,459.20 കോടി രൂപയിലെത്തിയപ്പോൾ കറന്റ്, സേവിംഗ്സ് അക്കൗണ്ടുകൾ 13.92 ശതമാനം ഉയർന്ന് 26,786.93 കോടി രൂപയായി. ബാങ്കിന്റെ വൻകിട വായ്പകൾ 47.01 ശതമാനം വർധിച്ച് 22,451.08 കോടിയായി. ചെറുകിട വായ്പകൾ 21.77 ശതമാനവും ഉയർന്നു. ഭവന വായ്പകൾ 13.85 ശതമാനം വർധനയോടെ 8,350.60 കോടി രൂപയായപ്പോൾ ചെറുകിട, ഇടത്തരം മേഖലകൾക്കുള്ള വായ്പ 17.01 ശതമാനം ഉയർന്ന് 16,235.37 കോടി രൂപയായി. ബാങ്കിന്റെ ആകെ നിഷ്ക്രിയ ആസ്തി ആകെ വായ്പകളുടെ 2.78 ശതമാനമെന്ന നിലയിൽ 1819.72 കോടി രൂപയും അറ്റ നിഷ്ക്രിയ ആസ്തി 1.61 ശതമാനമെന്ന നിലയിൽ 1039.74 കോടി രൂപയുമായതായി പത്രക്കുറിപ്പിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.