നടുവൊടിഞ്ഞ് കാർഷികമേഖല; സ്വർണത്തിനു നേട്ടം
Sunday, October 23, 2016 11:08 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: വിദേശ കുരുമുളകിന്റെ കടന്നുകയറ്റം ഉത്സവവേളയിലും മലബാർ മുളകിന്റെ മുന്നേറ്റത്തിനു തടസമായി. ടോക്കോമിൽ റബർ സാങ്കേതികമായി തളർന്നു, ഉത്പാദകർ കരുതലോടെ നീക്കം നടത്തിയില്ലെങ്കിൽ വ്യവസായികൾ വിപണിയെ വീണ്ടും അമ്മാനമാടും. ചുക്കിന്റെ വിലത്തകർച്ച തുടരുന്നു. ദീപാവലി അടുത്തിട്ടും വെളിച്ചെണ്ണ വിപണി നിർജീവം. സ്വർണവില ഉയർന്നു.

സ്വർണം

സ്വർണവില ഉയർന്നു. ആഭരണവിപണികളിൽ പവൻ 23,560 രൂപയിൽനിന്ന് 22,680 രൂപയായി. ഒരു ഗ്രാമിന്റെ വില 2,835 രൂപ. ന്യൂയോർക്കിൽ ഒരൗൺസ് സ്വർണം 1257 ഡോളറിൽനിന്ന് 1265 ഡോളറായി.

കുരുമുളക്

കുരുമുളക് വിപണിയിലെ മാന്ദ്യം കർഷകരെയും സ്റ്റോക്കിസ്റ്റുകളെയും പിരിമുറുക്കത്തിലാക്കി. ദീപാവലി അടുത്തിട്ടും ഉത്തരേന്ത്യൻ അന്വേഷണങ്ങൾ കുറഞ്ഞതാണ് കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. സാധാരണ ഉത്സാഘോഷവേളയിൽ കറുത്ത പൊന്നിന്റെ തിളക്കം വർധിക്കാറുണ്ട്. എന്നാൽ, ഒരു മാസമായി കുരുമുളകിനു കാര്യമായ ചലനം അനുഭവപ്പെട്ടില്ല. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണങ്ങൾ ഉത്തരേന്ത്യയിലെ ഗോരാസ്പുറിൽ ചെന്നെത്തി. കുരുമുളകിന്റെ വലിയോരു വിപണിയാണവിടം.

വിയറ്റ്നാം, ശ്രീലങ്ക, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള കുരുമുളക് നേപ്പാളിന്റെ ആവശ്യത്തിനായി നികുതിരഹിതമായി കോൽക്കത്ത തുറമുഖത്ത് ഇറക്കുമതി നടത്തുന്നുണ്ട്. തുറമുഖത്തുനിന്ന് ലോറി മാർഗം നീങ്ങുന്ന ചരക്ക് പാതി വഴിയിൽ ഉത്തരേന്ത്യൻ വിപണികളിൽ എത്തുന്നു. ആയിരക്കണക്കിന് ടൺ കുരുമുളക് ഇത്തരത്തിൽ ഇറക്കുമതി നടത്തി. ഇന്ത്യൻ മുളകുവിലയേക്കാൾ ടണ്ണിന് 3,000 ഡോളർ വരെ വില കുറവാണ് വിദേശ ചരക്കിന്. കോൽക്കത്ത തുറമുഖത്ത് ഒരു വർഷത്തിനിടെ എത്ര കണ്ടെയ്നർ കുരുമുളക് ഇറക്കുമതി നടത്തിയെന്ന കണക്കുകൾ പുറത്തു വന്നാൽ മാത്രമേ വ്യവസായ ഭീമന്മാർ കേരളത്തിലെയും കർണാടകത്തിലെയും കർഷകരോടു കാണിച്ച ക്രൂരതയുടെ യഥാർഥ ചിത്രം വ്യക്‌തമാകൂ. രാജ്യത്ത് കുരുമുളകുത്പാദനം ഈ വർഷം കുറഞ്ഞതിനാൽ ദീപാവലി വേളയിൽ ഉത്പന്നം സർവകാല റിക്കാർഡ് പ്രകടനം കാഴ്ചവയ്ക്കേണ്ടതായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ മലബാർ മുളകുവില ടണ്ണിന് 11,000 ഡോളർ. ഇന്തോനേഷ്യയും ബ്രസീലും വിയറ്റ്നാമും പുതിയ കുരുമുളക് 7500 ഡോളറിനു വരെ ഷിപ്മെന്റ് നടത്താൻ ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 71,100 രൂപ.


റബർ

അന്താരാഷ്ട്ര റബർ വിപണി ഉയർന്ന നിലവാരത്തിൽനിന്ന് തിരുത്തലിന്റെ പാതയിലേക്ക്. ക്രൂഡ് ഓയിൽവിലയിലെ തളർച്ചയും ജാപ്പനീസ് യെന്നിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും ഓപ്പറേറ്റർമാരെ റബറിൽ ലാഭമെടുപ്പിനു പ്രേരിപ്പിച്ചു. ഓഗസ്റ്റിലെ താഴ്ന്ന വിലയായ 148 യെന്നിൽനിന്ന് റബർ 24 ശതമാനം നേട്ടവുമായി 185 യെൻ വരെ കയറിയതിനിടയിലാണ് ഓപ്പറേറ്റർമാർ ലാഭമെടുപ്പു നടത്തിയത്. ഇതിനിടയിൽ ഊഹക്കച്ചവടക്കാർ വില്പനക്കാരായി മാറുകയാണ്. ഇത് വിപണിയുടെ ദിശതന്നെ മാറ്റിമറിക്കാം. ഇന്ത്യൻ വ്യവസായികളുടെ നീക്കങ്ങളാണ് ഇനി നിരീക്ഷിക്കേണ്ടത്. 11,800ൽനിന്ന് നാലാം ഗ്രേഡ് 11,600 രൂപയായി. വാരാന്ത്യം ലാറ്റക്സ് 7,300 രൂപയിലാണ്.

ചുക്ക്

ചുക്കിനു സംഭവിച്ച വിലത്തകർച്ച ഉത്പാദകരെ പ്രതിസന്ധിയിലാക്കി. കേരളത്തിലും കർണാടകത്തിലും ചുക്കിന്റെ ലഭ്യത ഉയർന്നതും ആഭ്യന്തര ഡിമാൻഡ് ചുരുങ്ങിയതും തിരിച്ചടിയായി. ശൈത്യകാലമാതിനാൽ ഉത്തരേന്ത്യയിൽ പുതിയ ആവശ്യക്കാരെത്തുമെന്ന നിഗമനത്തിലാണ് വ്യാപാരികൾ. വിവിധയിനം ചുക്ക് വില 13,750–15,250 രൂപയിൽനിന്ന് 12,500–14,000 രൂപയായി.

ഏലം

ദീപാവലി ഡിമാൻഡ് ഏലത്തിനു നേട്ടമായി. ലേലത്തിനു വന്ന പുതിയ ഏലക്ക ശേഖരിക്കാൻ ഉത്തരേന്ത്യക്കാർ മത്സരിച്ചു. ഏലത്തോട്ടങ്ങളിൽ വിളവെടുപ്പ് ഊർജിതമായതോടെ പുതിയ ചരക്ക് വൻതോതിൽ വില്പനയ്ക്കിറങ്ങി. കഴിഞ്ഞ വാരം വിവിധ ലേലങ്ങളിലായി ഏകദേശം 750 ടൺ ചരക്കു വന്നു. മികച്ചയിനങ്ങൾ കിലോഗ്രാമിന് 1267 രൂപ വരെ ഉറപ്പ് വരുത്താനായി.

വെളിച്ചെണ്ണ

നാളികേരോത്പന്നങ്ങളുടെ വിലയിൽ മൂന്നാഴ്ചയായി മാറ്റമില്ല. ദീപാവലി അടുത്തിട്ടും വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരില്ല. മുൻകാലങ്ങളിൽ ദീപാവലി വേളയിൽ കൊച്ചിയിൽ പ്രതിവാരം 4000 ക്വിന്റൽ വരെ എണ്ണയുടെ കൈമാറ്റം നടന്നിരുന്നു. ഉത്തരേന്ത്യയുടെ എല്ലാ ഭാഗങ്ങളിൽനിന്നും അന്ന് വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരുണ്ടായിരുന്നു. എന്നാൽ, കാലം മാറിയതോടെ പാം ഓയിൽ അടക്കമുള്ള വിദേശ ഭക്ഷ്യയെണ്ണകൾ വൻതോതിൽ എത്തിയത് നാളികേരോത്പന്നങ്ങൾക്ക് തിരിച്ചടിയായി. പ്രദേശിക വിപണികളിൽ പോലും വെളിച്ചെണ്ണ പിടിച്ചുനിൽക്കാൻ ക്ലേശിക്കുന്നു. കൊച്ചിയിൽ എണ്ണ 9,100 രൂപയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.