ബാങ്കുകൾ വിശ്വാസ്യത ഉറപ്പാക്കണം: സ്പീക്കർ
ബാങ്കുകൾ വിശ്വാസ്യത ഉറപ്പാക്കണം: സ്പീക്കർ
Saturday, October 22, 2016 11:37 AM IST
കൊച്ചി: ബാങ്കുകളുടെ പ്രവർത്തനത്തിൽ പൊതുവിശ്വാസ്യത ഉറപ്പുവരുത്താൻ കഴിയണമെന്നു നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സാഹചര്യങ്ങൾ വിലയിരുത്തിയിട്ടാവണം ബാങ്കുകൾ മത്സരത്തിൽ ഏർപ്പെടുന്നതെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷന്റെ കേരളാ ഘടകം ജനറൽ ബോഡി യോഗം കലൂർ ഐഎംഎ ഹാളിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കവേ സ്പീക്കർ ചൂണ്ടിക്കാട്ടി.

സമൂഹത്തിന്റെ സാമ്പത്തിക ചലനങ്ങളെ പ്രചോദിപ്പിക്കുന്ന സാമൂഹികശക്‌തിയായി ബാങ്കുകൾ മാറണം. ലോകത്തിലെ പരീക്ഷണശാലകളിലൊന്നു ബാങ്കിംഗ് മേഖലയാണ്. കൃത്യമായ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തിയതാണ് ആഗോള മാന്ദ്യകാലത്ത് ഇന്ത്യൻ ബാങ്കുകൾ പിടിച്ചുനിന്നത്. പുതുതലമുറ ബാങ്കുകളുടെ അപക്വമായ വെല്ലുവിളികളോടു മത്സരിക്കുന്നതു പൊതുമേഖല സ്‌ഥാപനങ്ങളുടെ തകർച്ച കൂട്ടുമെന്നും ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി.പി. കൃഷ്ണാനന്ദൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി വി. മുരളീധരൻ സ്വാഗതം പറഞ്ഞു. എസ്ബിഐ ചീഫ് ജനറൽ മാനേജർ എസ്. വെങ്കിട്ടരാമൻ, ഡി.ടി. ഫ്രാങ്കോ, വി.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഓഫീസേഴ്സ് അസോസിയേഷൻ സംസ്‌ഥാനതലത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയിച്ചവർക്കു സ്പീക്കർ പുരസ്കാരങ്ങൾ വിതരണംചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.