ഹോളണ്ട് ആൻഡ് ഷെറി ഇന്ത്യയിലേക്ക്
ഹോളണ്ട് ആൻഡ് ഷെറി ഇന്ത്യയിലേക്ക്
Tuesday, October 18, 2016 11:19 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെഴുതിയ വിവാദ സ്യൂട്ടിന്റെ ഇംഗ്ലണ്ടിലെ തുണിനിർമാതാക്കളായ ഹോളണ്ട് ആൻഡ് ഷെറി കമ്പനി ഇന്ത്യയിൽ വിപണനം ആരംഭിച്ചു. മീറ്ററിന് 15 ലക്ഷം രൂപ വരെയുള്ള സ്യൂട്ട് തുണിത്തരങ്ങളാണ് ഇന്ത്യയിൽ വിപണനം ചെയ്യുന്നതെന്ന് കമ്പനി അറിയിച്ചു. ഏറ്റവും കുറഞ്ഞതിന്റെ വില മീറ്ററിന് പതിനായിരം രൂപയാണ്.

രാഷ്ട്രീയം, ബിസിനസ്, സിനിമ, ഫാഷൻ രംഗങ്ങളിലെ പണക്കാരെ ലക്ഷ്യമിട്ടാണു പ്രശസ്തമായ ഹോളണ്ട് ആൻഡ് ഷെറി ഇന്ത്യയിലും വിപണനം ആരംഭിച്ചത്. ഡിഗ്ജാം സ്യൂട്ടിംഗ്സിന്റെ ഉടമസ്‌ഥരായ എസ്.കെ. ബിർള കമ്പനിയുമായി സംയുക്‌ത സംരംഭമായാണ് ഇന്ത്യൻ കമ്പനി തുടങ്ങിയതെന്ന് ഹോളണ്ട് ആൻഡ് ഷെറി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഫ്രാങ്ക് ഓനെലിയും ബിർല ഗ്രൂപ്പ് ചെയർമാൻ സിദ്ധാർഥ് ബിർളയും പത്രസമ്മേളനത്തിൽ അറിയിച്ചു. ബ്രിട്ടീഷ് കമ്പനിക്കാണ് 51 ശതമാനം ഓഹരി. 1936ൽ ലണ്ടനിൽ ആരംഭിച്ച കമ്പനിയുടെ 180–ാമതു വാർഷികം പ്രമാണിച്ചാണ് ഇന്ത്യൻ വിപണിയിലേക്കു പ്രവേശിച്ചതെന്ന് ഫ്രാങ്ക് പറഞ്ഞു. എങ്കിലും തുണി ഉത്പാദനം തുടർന്നും പൂർണമായി ബ്രിട്ടനിലായിരിക്കും.


ആഡംബര വസ്ത്രനിർമാണത്തിൽ മാത്രമാണു ഹോളണ്ട് ആൻഡ് ഷെറി (എച്ച് ആൻഡ് എസ്) ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 10,000, 20,000, 50,000 മുതൽ ഒരു ലക്ഷവും രണ്ടു ലക്ഷവും പത്തു ലക്ഷവും 15 ലക്ഷവും വരെയാണു മീറ്ററിന് തുണി വില. ഒരാൾക്കു സ്യൂട്ട് തയ്ക്കുന്നതിന് 3.25 മീറ്റർ തുണി വേണമെന്നും തയ്യൽക്കൂലി വേറെയാണെന്നും കമ്പനി വിശദീകരിച്ചു. പ്രത്യേകമായി ഓർഡർ ചെയ്താൽ രണ്ടു മുതൽ നാലു വരെ ദിവസത്തിനകം ഇറക്കുമതി ചെയ്തു തുണി എത്തിക്കുകയും ചെയ്യും. ഇന്ത്യയിൽ ഡിഗ്ജാം സ്യൂട്ടിംഗ്സ് വിൽക്കുന്ന നൂറിലേറെ വിപണനകേന്ദ്രങ്ങളിൽ എച്ച് ആൻഡ് എസ് ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.