കൊച്ചിൻ ഷിപ്യാർഡ് എൽഎൻജി വാഹിനികൾ നിർമിക്കും
കൊച്ചിൻ ഷിപ്യാർഡ് എൽഎൻജി വാഹിനികൾ നിർമിക്കും
Tuesday, October 18, 2016 11:19 AM IST
കൊച്ചി: ചെറുകിട എൽഎൻജി വാഹിനികൾ രൂപകല്പന ചെയ്യാനും നിർമിക്കാനും കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡും എൻജിനിയേഴ്സ് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവച്ചു. കൊച്ചിൻ ഷിപ്യാർഡിൽ നടന്ന ചടങ്ങിൽ ഇരുസ്‌ഥാപനങ്ങളിലെയും ചെയർമാന്മാർ, മാനേജിംഗ് ഡയറക്ടർമാർ, മുതിർന്ന ഉദ്യോഗസ്‌ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കേന്ദ്ര ഗവൺമെന്റിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ഈ സംരംഭം ചെറുകിട എൽഎൻജി വാഹിനികൾ സംയുക്‌തമായി രൂപകല്പന ചെയ്യുന്നതിനും നിർമിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്. ഇതുവഴി എൻജിനിയേഴ്സ് ഇന്ത്യയുടെ എൻജിനിയറിംഗ് ഘടനയിലും കാര്യക്രമത്തിലുമുള്ള വൈദഗ്ധ്യവും പരമാവധി ഉപയോഗിക്കാൻ ലക്ഷ്യമുണ്ട്. കേന്ദ്രഗവൺമെന്റിന്റെ സാഗർമാല സ്വപ്നപദ്ധതിയോടും ഉൾനാടൻ ജലഗതാഗത വികസന നടപടികളോടും ഈ സംരംഭം ചേർന്നുപോകുന്നു.


വാണിജ്യ വികസനത്തിനുള്ള വിദഗ്ധ തൊഴിലാളികളുടെ യോഗ്യതാ നിർണയ പ്രക്രിയകൾക്കും ഈ കൂട്ടായ സംരംഭം സഹായകരമാകും. എൽഎൻജി വാഹിനികളുടെ നിർമാണ സാങ്കേതികത സ്വായത്തമാക്കുന്നതിന് കഴിഞ്ഞ രണ്ടു വർഷമായി കൊച്ചിൻ ഷിപ്യാർഡ് ഗണ്യമായി മുൻകൈ എടുത്തിട്ടുണ്ട്. വൻകിട ചരക്കുഗതാഗത എൽഎൻജി വാഹിനികൾ നിർമിക്കുന്നതിനായി ഫ്രാൻസിൽനിന്നും ജിടിടി അംഗീകാരവും കൊച്ചിൻ ഷിപ്യാർഡ് നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.