ഇലക്ട്രോണിക് സ്റ്റാർട്ടപ്പുകൾക്കായി മത്സരം
Tuesday, October 18, 2016 11:19 AM IST
കൊച്ചി: ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിർമാണത്തിലെ സാങ്കേതികമികവും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ ‘ബോഷ് ഡിഎൻഎ ഗ്രാൻഡ് ചലഞ്ച്’ മത്സരം സംഘടിപ്പിക്കുന്നു. കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾക്കു പങ്കാളിത്തമുള്ള കൊച്ചി മേക്കർ വില്ലേജും പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ ബോഷും ചേർന്ന് 20 നാണു മത്സരം സംഘടിപ്പിക്കുന്നത്.

കളമശേരിയിലെ കിൻഫ്രാ ഹൈടെക് പാർക്കിൽ നടക്കുന്ന മത്സരത്തിൽ യുവ സംരംഭകർ ഇലക്ട്രോണിക്സ് ഉത്പന്ന രൂപകല്പന, വികസനം എന്നിവയിൽ മാറ്റുരയ്ക്കുമെന്നു സംഘാടകർ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതി നിർദേശങ്ങൾ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, വെയറബിൾസ്, റോബോട്ടിക്സ്, എംബഡഡ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നീ അഞ്ചു വിഷയങ്ങളിലെ പരീക്ഷകളാണ് മത്സരാർഥികൾക്ക് നൽകുന്നത്.


മികച്ച ആശയത്തെ മേക്കർ വില്ലേജിൽ മൂന്നു മാസത്തെ പ്രീ ഇൻകുബേഷൻ പ്രക്രിയയിൽ ഉൾപ്പെടുത്തും. ബോഷാണു സ്പോൺസർ. വിജയികൾക്കു ഒരു ലക്ഷം രൂപ സമ്മാനവും അടുത്ത 12 മാസത്തേക്ക് മേക്കർ വില്ലേജിൽ സൗജന്യ ഇൻകുബേഷൻ പ്രവർത്തനത്തിനുള്ള അവസരവും നൽകുമെന്നു മേക്കർ വില്ലേജ് ചീഫ് കൺസൾട്ടന്റ് പ്രഫ. എസ്. രാജീവ് പറഞ്ഞു. മത്സരത്തിൽ പങ്കെടുക്കാനായി https://goo.gl /forms/xhI55h7UC9zWTWDI2 ൽ രജിസ്റ്റർ ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.