ഓഹരികൾക്കു കുതിപ്പ്
ഓഹരികൾക്കു കുതിപ്പ്
Tuesday, October 18, 2016 11:19 AM IST
മുംബൈ: അമേരിക്കയിലെ ഫാക്ടറി ഉത്പാദന സൂചികയിലുണ്ടായ ഇടിവ് ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഓഹരിവിലകൾ കൂട്ടി. ഇന്ത്യയിൽ സെൻസെക്സ് 520.91 പോയിന്റ് കുതിച്ചു. അഞ്ചുമാസത്തിനുള്ളിലെ ഏറ്റവും വലിയ ഏകദിന ഉയർച്ചയാണിത്. 1.89 ശതമാനം ഉയർന്ന സെൻസെക്സ് 28050.88–ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 157.5 പോയിന്റ് (1.85 ശതമാനം) കയറി 8677.90 –ൽ ക്ലോസ് ചെയ്തു.

എസാർഗ്രൂപ്പ് തങ്ങളുടെ പെട്രോളിയം വ്യവസായം വിറ്റു കടങ്ങൾ കുറയ്ക്കുന്നതു തുടർച്ചയായ രണ്ടാംദിവസവും ഐസിഐസിഐ ബാങ്കിനും ആക്സിസ് ബാങ്കിനും നേട്ടമായി. രണ്ടുദിവസം കൊണ്ട് ഐസിഐസിഐ ബാങ്കിന് ഏഴു ശതമാനവും ആക്സിസിനു നാലരശതമാനവും നേട്ടമുണ്ടായി. എസാർ ഗ്രൂപ്പിനു ഗണ്യമായി കടം കൊടുത്തിട്ടുണ്ട് ഈ ബാങ്കുകൾ.


ജിഎസ്ടി കൗൺസിൽ യോഗം ഇന്നലെ ആരംഭിച്ചതും കമ്പോളത്തെ സന്തോഷിപ്പിച്ചു. വ്യാഴാഴ്ചയോടെ ജിഎസ്ടിയുടെ പൊതുനിരക്ക് സംബന്ധിച്ചു ധാരണയാകുമെന്നാണു പ്രതീക്ഷ.

കമ്പോളത്തിലെ ആവേശം കറൻസി വിപണിയിലും ദൃശ്യമായി. ഡോളറിനു 16 പൈസ കുറഞ്ഞ് 66.72 രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.