വേൾഡ് കാർ ഓഫ് ദി ഇയർ; സുസുകിയെ പ്രതിനിധീകരിച്ച് ബലേനോയും ഇഗ്നീസും
വേൾഡ് കാർ ഓഫ് ദി ഇയർ; സുസുകിയെ പ്രതിനിധീകരിച്ച് ബലേനോയും ഇഗ്നീസും
Monday, October 17, 2016 11:56 AM IST
ന്യൂഡൽഹി: ലോകത്തെ മികച്ച കാറിനെ തെരഞ്ഞെടുക്കുന്ന വേൾഡ് കാർ ഓഫ് ദി ഇയർ അവാർഡ്–2017ൽ മാരുതി സുസുക്കി ബലേനോ, ഇഗ്നീസ് എന്നീ മോഡലുകൾക്ക് നോമിനേഷൻ ലഭിച്ചു.

അടുത്തിടെ നടന്ന പാരീസ് മോട്ടോർ ഷോയിലാണ് വേൾഡ് കാർ ഓഫ് ദി ഇയർ അവാർഡ് നല്കാൻ തീരുമാനമായത്. ഇതേത്തുടർന്നാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുകി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ബലേനോ, ഇഗ്നീസ് എന്നീ മോഡലുകളെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. മത്സരത്തിലെ അർബൻ കാർ വിഭാഗത്തിൽ ഫോർഡിന്റെ സെക്കൻഡ് ജനറേഷൻ ഫിഗോയുൾപ്പെടെ പുതുതായി പുറത്തിറക്കിയ ആറ് മോഡലുകളുമായാണ് ബലേനോയും ഇഗ്നീസും മത്സരിക്കുക.

നാല് മീറ്ററിൽ താഴെ നീളമുള്ള കാറുകളെയാണ് ഈ വിഭാഗത്തിൽ പരിഗണിക്കുക. നഗരാന്തരീഷത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച രൂപകല്പന, കുറഞ്ഞത് രണ്ടു രാജ്യങ്ങളിൽ എങ്കിലുമുള്ള വിൽപ്പന എന്നിവയാണ് അർബൻ കാർ വിഭാഗത്തിൽ മത്സരിക്കുന്നതിലെ യോഗ്യതകൾ.


രാജ്യത്തുടനീളമുള്ള 73 ഓട്ടോമൊബൈൽ ജേർണലിസ്റ്റുകൾ അടങ്ങിയ ജൂറിയായിരിക്കും മികച്ച കാർ തെരഞ്ഞെടുക്കുക. വേൾഡ് കാർ ഓഫ് ദ ഇയർ, വേൾഡ് ലക്ഷ്വറി പെർഫോമൻസ് കാർ, വേൾഡ് അർബൻ കാർ വേൾഡ് ഗ്രീൻ കാർ, വേൾഡ് കാർ ഡിസൈൻ എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം നടക്കുക. 2017 ഏപ്രിലിൽ ന്യൂയോർക്കിൽ നടക്കുന്ന ഇന്റർനാഷണൽ ഓട്ടോ ഷോയിലായിരിക്കും ഫലപ്രഖ്യാപനം.

2015 ഒക്ടോബർ 26നാണ് ബലേനോ പുറത്തിറക്കിയത്. കഴിഞ്ഞ ഇന്ത്യൻ ഓട്ടോ എക്സ്പോയിലാണ് ഇഗ്നിസിന്റെ മോഡൽ അവതരിപ്പിച്ചത്. 2017ന്റെ തുടക്കത്തിൽ ഇഗ്നിസ് നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.