പ്രതീക്ഷ നല്കി റബർവിലയിൽ ചലനം, ചുക്കുവില താഴേക്ക്
പ്രതീക്ഷ നല്കി റബർവിലയിൽ ചലനം, ചുക്കുവില താഴേക്ക്
Sunday, October 16, 2016 10:30 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: തുലാവർഷം കാർഷികമേഖലയ്ക്ക് ആശ്വാസം പകരുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ. നേരത്തേ കാലവർഷം ദുർബലമായത് തോട്ടം മേഖലയ്ക്കു കനത്ത തിരിച്ചടിയായി. ടോക്കോമിൽ റബർ മികവിനു ശ്രമം തുടരുന്നു. കുരുമുളക് ഇറക്കുമതി ഉയർന്നു, കയറ്റുമതി ചുരുങ്ങി. ആഭ്യന്തര–വിദേശ ഓർഡറുകളുടെ അഭാവം ചുക്കിന് തിരിച്ചടിയായി. ദീപാവലി പ്രതീക്ഷയിൽ മില്ലുകാർ വെളിച്ചെണ്ണയിൽ പിടിമുറുക്കി. സ്വർണവിലയിൽ നേരിയ ചാഞ്ചാട്ടം.


തുലാവർഷം പതിവിനേക്കാൾ അല്പം നേരത്തേ സംസ്‌ഥാനത്ത് പ്രവേശിച്ചത് കാർഷികമേഖലയ്ക്ക് ആശ്വാസമായി. ഇക്കുറി സംസ്‌ഥാനത്ത് കാലവർഷം ദുർബലമായത് കർഷകരിൽ സമ്മർദമുളവാക്കിയിരുന്നു. മുഖ്യവിളകൾ പലതും നിലനില്പു ഭീഷണിയെ അഭിമുഖീകരിച്ച അവസരത്തിലാണ് വാരാവസാനം പല ഭാഗത്തും മഴ ലഭ്യമായത്.

റബർ

പുലർച്ചെ തോട്ടംമേഖലയിൽ അനുഭവപ്പെട്ട മഴ റബർ ടാപ്പിംഗ് തടസപ്പെടുത്തിയെങ്കിലും വരുംദിനങ്ങളിൽ മരങ്ങളുടെ ഉത്പാദനം ഉയരാൻ കാലാവസ്‌ഥാമാറ്റം ഉപകരിക്കും. കൊച്ചി, കോട്ടയം, മലബാർ മേഖലകളിൽനിന്നുള്ള റബർ വരവ് നാമമാത്രമാണ്. ഇതിനിടെ ആഭ്യന്തര റബർ അവധിനിരക്കുകൾ നിക്ഷേപതാത്പര്യത്തിൽ ഉയർന്നു. ഇതോടെ ടയർ കമ്പനികൾ ആർഎസ്എസ് നാലാം ഗ്രേഡ് 11,500ൽനിന്ന് 11,800ലേക്ക് ഉയർത്തി. അഞ്ചാം ഗ്രേഡിന് 400 രൂപ വർധിച്ച് 11,400 രൂപയായി. ചെറുകിട വ്യവസായികൾ ലാറ്റക്സ് വില 7,000ൽനിന്ന് 7,400 രൂപയാക്കി.

അന്താരാഷ്ട്ര വിപണിയിൽ റബർ ശക്‌തമായ പ്രകടനം കാഴ്ചവച്ചു. ഒരാഴ്ച നീണ്ട ഉത്സവാഘോഷങ്ങൾ കഴിഞ്ഞ് ചൈനീസ് വ്യവസായികൾ രംഗത്ത് തിരിച്ചെത്തിയത് ഷാങ്ഹായിൽ മാത്രമല്ല, ടോക്കോം, സീക്കോം എക്സ്ചേഞ്ചുകളിലും റബർവില ഉയർത്തി. ടോക്കോമിൽ റബർ ഡിസംബർ അവധി കിലോ 173 യെന്നിൽനിന്ന് 184 യെൻ വരെ കയറി. റബർ മുൻവാരം സൂചിപ്പിച്ച 189 യെൻ വരെ ഉയരാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെ ആഗോള ക്രൂഡ് ഓയിൽ ഉത്പാദനം എട്ടു വർഷത്തെ ഉയർന്ന തലത്തിലാണെന്ന ഒപ്പെക്കിന്റെ വെളിപ്പെടുത്തൽ നിക്ഷേപകരെ എണ്ണയിൽനിന്ന് മാത്രമല്ല റബറിൽനിന്നും അല്പം പിന്തിരിപ്പിച്ചു.


കുരുമുളക്

ദീപാവലി അടുത്തെങ്കിലും വിപണിയുടെ പ്രതീക്ഷയ്ക്കൊത്ത് കുരുമുളകിന് ആവശ്യം ഉയർന്നില്ല. രാജ്യത്ത് പ്രതിവർഷം അരലക്ഷം ടൺ കുരുമുളകിന്റെ ഡിമാൻഡ് നിലവിലുണ്ട്. ഇക്കുറി മൊത്തം ഉത്പാദനം 48,500 ടണ്ണിൽ ഒരുങ്ങി. ഇത് മുൻനിർത്തി വ്യവസായികൾ വിദേശചരക്ക് വൻതോതിൽ ഇറക്കുമതി നടത്തി. ജനുവരി–ഓഗസ്റ്റ് കാലയളവിൽ വിദേശ കുരുമുളക് ഇറക്കുമതി 16 ശതമാനം വർധിച്ച് 12,081 ടണ്ണായി. അതേസമയം കൊച്ചി തുറമുഖം വഴിയുള്ള കയറ്റുമതി 46 ശതമാനം ഇടിഞ്ഞ് 8,631 ടണ്ണിൽ ഒതുങ്ങി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കയറ്റുമതി 16,167 ടണ്ണായിരുന്നു. ഇതര ഉത്പാദക രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ വില ടണ്ണിന് 3,000 ഡോളർ ഉയർന്നതിനാൽ പുതിയ വിദേശ ഓർഡറുകളില്ല. മലബാർ കുരുമുളകുവില ടണ്ണിന് 11,200 ഡോളറിൽ നീങ്ങുമ്പോൾ ഇന്തോനേഷ്യയും ബ്രസീലും വിയറ്റ്നാമും 7,200–7,800 ഡോളറിന് ഉത്പന്നം കയറ്റുമതി നടത്തുന്നു. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 68,100 രൂപയിൽ തുടരുന്നു.



ഏലം

ഏലക്ക വിളവെടുപ്പ് പുരോഗമിച്ചതിനൊപ്പം പുതിയ ചരക്ക് ലേല കേന്ദ്രങ്ങളിലേക്കു നീക്കാൻ ഉത്പാദകർ ഉത്സാഹിച്ചു. വിവിധ ലേലങ്ങളിലായി ഏകദേശം 550 ടൺ ഏലക്കയുടെ ഇടപാടുകൾ നടന്നു. ദീപാവലി ബംബർ വില്പന മുന്നിൽ കണ്ട് രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിൽനിന്നും ഉത്പന്നത്തിന് ആവശ്യക്കാരുണ്ട്. മികച്ചയിനങ്ങൾ കിലോഗ്രാമിന് 1225–1270 രൂപയിൽ കൈമാറി.

നാളികേരം

നവരാത്രി ആഘോഷങ്ങൾ കഴിഞ്ഞതോടെ ഭക്ഷ്യയെണ്ണ വിപണികൾ അല്പം തളർച്ചയിലാണ്. പ്രദേശിക തലത്തിൽ പാചകയെണ്ണകളുടെ വില്പന ചുരുങ്ങിയത് വിലക്കയറ്റത്തിനു തടസമായി. കുറച്ച് കാത്തിരുന്നാൽ ദീപാവലി ഡിമാൻഡ് എണ്ണവിപണിയെ സജീവമാക്കുമെന്ന പ്രതീക്ഷയിലാണ് മില്ലുകൾ. തമിഴ്നാട്ടിലെയും കേരളത്തിലെയും കൊപ്രയാട്ട് മില്ലുകൾ സ്റ്റോക്ക് നീക്കം നിയന്ത്രിക്കുന്നുണ്ട്. കൊച്ചിയിൽ തുടർച്ചയായ രണ്ടാം വാരത്തിലും വെളിച്ചെണ്ണ 9,100 രൂപയിലും കൊപ്ര 6,205ലുമാണ്.

ഇഞ്ചി

ഇഞ്ചി കർഷകരും ചുക്ക് ഉത്പാദകരും സാമ്പത്തിക പ്രതിസന്ധിയിൽ. ഇഞ്ചി വിളവെടുപ്പിനു തുടക്കംകുറിച്ച വേള മുതൽ വിലത്തകർച്ചയുടെ പിടിയിലാണ് കർഷകർ. അധികം വൈകിയില്ല, വില ഇടിവ് ചുക്കിലേക്കും വ്യാപിച്ചതോടെ ആഭ്യന്തര വിദേശ വാങ്ങലുകാർ ചരക്ക് സംഭരണ നിരക്ക് പരമാവധി താഴ്ന്ന ശേഷം തുടങ്ങാമെന്ന നിലപാടിലേക്ക് തിരിഞ്ഞു. ഒരു മാസമായി വിലയിടിവ് നേരിടുന്ന ചുക്ക് വാരാവസാനം 13,750–15,250 രൂപയിലാണ്.


സ്വർണം

ആഭരണവിപണികളിൽ പവൻ 23,480 രൂപയിൽനിന്ന് 22,560 രൂപയായി. ഒരു ഗ്രാമിന്റെ വില 2,820 രൂപ. ന്യൂയോർക്കിൽ ഒരൗൺസ് സ്വർണം 1,257 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.