വിദേശനാണ്യ ശേഖരത്തിൽ ഗണ്യമായ ഇടിവ്
വിദേശനാണ്യ ശേഖരത്തിൽ ഗണ്യമായ ഇടിവ്
Saturday, October 15, 2016 11:41 AM IST
മുംബൈ: ഒക്ടോബർ ഏഴിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ ഗണ്യമായ ഇടിവ്. 434 കോടി ഡോളറിന്റെ ഇടിവാണ് ഒരാഴ്ചകൊണ്ടു സംഭവിച്ചത്. ഇതോടെ വിദേശനാണ്യശേഖരം 36,764 കോടി ഡോളറായി കുറഞ്ഞു.

രണ്ടു കാരണങ്ങളാണ് ഈ അസാധാരണ താഴ്ചയ്ക്കുള്ളത്. യൂറോ, പൗണ്ട് തുടങ്ങിയ നാണയങ്ങളുടെ നിരക്ക് താണതുമൂലം ആ കറൻസികളിലുള്ള നിക്ഷേപങ്ങളുടെ വില കുറഞ്ഞു. രണ്ടാമത്തെ കാരണം, രൂപയുടെ നിരക്ക് പിടിച്ചുനിർത്താൻ ഡോളർ വിറ്റതും.

ഡിസംബർ വരെയുള്ള കാലത്തിനിടെ 2600 കോടി ഡോളറിന്റെ പ്രവാസിനിക്ഷേപം പിൻവലിക്കും. ഇതു രൂപയുടെ വിനിമയനിരക്ക് കുറയ്ക്കുമെന്ന കണക്കുകൂട്ടലിൽ വിദേശനാണയ വിപണിയിൽ പലരും ഊഹക്കച്ചവടം നടത്തുന്നുണ്ട്. ഇതു പ്രതിരോധിക്കാനും ഡോളർ ചെലവായിട്ടുണ്ട്.

അമേരിക്ക നവംബറിൽ അല്ലെങ്കിൽ ഡിസംബറിൽ പലിശനിരക്ക് കൂട്ടും എന്ന വിലയിരുത്തലും രൂപയെ ബാധിക്കുന്നുണ്ട്. വിദേശനിക്ഷേപകർ ഇവിടെനിന്നു നിക്ഷേപം പിൻവലിച്ച് അമേരിക്കയിലേക്കു കൊണ്ടുപോകുമെന്നാണ് ഭയപ്പാട്. പ്രവാസികളോടൊപ്പം വിദേശ നിക്ഷേപകരും പണം പിൻവലിക്കുന്നത് രൂപയ്ക്കു ദോഷം ചെയ്യുമെന്നു പലരും കണക്കാക്കുന്നു. അമേരിക്ക പലിശ കൂട്ടുന്നതിനെ രണ്ടുവർഷമായി കമ്പോളം പ്രതീക്ഷിക്കുന്നതാണെങ്കിലും നിക്ഷേപങ്ങൾ ഗണ്യമായി പിൻവലിക്കുന്ന ഒരു സാഹചര്യം നേരിടാൻ ആരുംതന്നെ ഒരുങ്ങിയിട്ടില്ല.


ഇതേസമയം, ക്രൂഡ് ഓയിൽ വില കയറുകയും ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു മാറുന്നതിനെച്ചൊല്ലിയുള്ള ആശങ്കകൾ വർധിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ വലിയ ഐടി കമ്പനികൾ വിദേശത്തുനിന്നുള്ള ഓർഡറുകൾ കുറയുമെന്നു മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

ടിസിഎസ് വ്യാഴാഴ്ചയും ഇൻഫോസിസ് ടെക്നോളജീസ് വെള്ളിയാഴ്ചയും ഈ മുന്നറിയിപ്പു നൽകി. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ഇൻഫോസിസിന് നല്ല റിസൾട്ട് ഉണ്ട്. അറ്റാദായം 3.8 ശതമാനം വർധിച്ച് 53.9 കോടി ഡോളറായി. മൊത്തവരുമാനത്തിൽ 8.2 ശതമാനം വളർച്ചയുണ്ട്.

എന്നാൽ, അടുത്ത ത്രൈമാസങ്ങളിൽ വിദേശത്തുനിന്ന് ഓർഡർ കുറയുമെന്നാണ് ഇൻഫോസിസ് പറയുന്നത്. ബ്രെക്സിറ്റും യുഎസ് തെരഞ്ഞെടുപ്പും ഉയർത്തുന്ന അനിശ്ചിതത്വങ്ങളാണു കാരണം. ഇതും രൂപയുടെ വിനിമയനിരക്കിനെ ബാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.