ആഗോള പ്രതിഭാസത്തിൽ ആടിയുലഞ്ഞ് ഇന്ത്യൻ കമ്പോളം
ആഗോള പ്രതിഭാസത്തിൽ ആടിയുലഞ്ഞ് ഇന്ത്യൻ കമ്പോളം
Sunday, September 25, 2016 11:17 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

മുംബൈ: ആഗോള ഓഹരിവിപണികളിലെ ചലനങ്ങൾ ഇന്ത്യൻ മാർക്കറ്റിനെ സ്വാധീനിച്ചെങ്കിലും നേരിയ പ്രതിവാര നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത് ബുൾ ഇടപാടുകാരുടെ ആത്മവിശ്വാസത്തിന് തിളക്കം പകർന്നു. അതേസമയം വിപണി സാങ്കേതിക വശങ്ങളിലെ ദുർബലാവസ്‌ഥയിലാണ്. വ്യാഴാഴ്ച സെപ്റ്റംബർ സീരീസ് സെറ്റിൽമെന്റായതിനാൽ കവറിംഗിന് ഓപ്പറേറ്റർമാർ നീക്കം നടത്തിയാൽ വൻ ചാഞ്ചാട്ടത്തിന് ഇടയാകും.

യുഎസ് ഫെഡറൽ റിസർവ് വായ്പാ അവലോകനത്തിൽ പലിശയിൽ മാറ്റം വരുത്താഞ്ഞത് ഫോറെക്സ് മാർക്കറ്റിൽ പ്രമുഖ കറൻസികൾക്കു മുന്നിൽ ഡോളറിനു കരുത്തായി. ബാങ്ക് ഓഫ് ജപ്പാനും പലിശനിരക്കിൽ ഭേദഗതി വരുത്തിയില്ല. അതേസമയം സാമ്പത്തികമേഖലയെ പുഷ്ടിപ്പെടുത്താൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടും വിനിമയവിപണിയിൽ യെന്നിന് മികവ് കാഴ്ചവയ്ക്കാനായില്ല. ഈ വാരം ആർബിഐ വായ്പാ അവലോകനത്തിനായി ഒത്തുചേരും. കേന്ദ്രബാങ്ക് പലിശനിരക്കിൽ ഇളവുകൾ വരുത്തുമെന്ന പ്രതീക്ഷയിലാണു നിക്ഷേപമേഖല.

കഴിഞ്ഞ വാരം സെൻസെക്സിനു സൂചിപ്പിച്ച 28,834ലെ പ്രതിരോധം ഭേദിച്ച് 28,837 വരെ കയറി. വ്യാപാരാന്ത്യം സൂചിക 28,668ലാണ്. സെൻസെക്സിന് ഈ വാരം ആദ്യ പ്രതിരോധം 28,843 പോയിന്റിലാണ്. ഇത് മറികടക്കാനുള്ള കരുത്ത് ലഭിച്ചാൽ ലക്ഷ്യം 29,019–29,201ലേക്കു തിരിയും. അതേസമയം, ലാഭമെടുപ്പിന് ഇടപാടുകാർ മുതിർന്നാൽ 28,485 പോയിന്റിൽ സപ്പോർട്ടുണ്ട്. ഇത് നഷ്ടമായാൽ വിപണി 28,301–28,127ലേക്കു തിരിയാം.

സൂചികയുടെ മറ്റ് സാങ്കേതികവശങ്ങളും സെല്ലിംഗ് മൂഡിലാണ്. പാരാബോളിക് എസ്എആർ, എംഎസിഡി, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ദുർബലാവസ്‌ഥയെ സൂചിപ്പിക്കുന്നു. അതേസമയം, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക് ഒരു പുൾബാക്ക് റാലിക്കുള്ള ശ്രമത്തിലാണ്. ആർഎസ്ഐ –14 ന്യൂട്ടറൽ റേഞ്ചിലാണ്.


നിഫ്റ്റി സൂചിക 8,757ൽനിന്ന് 8,880 വരെ കയറി. വാരാന്ത്യ ക്ലോസിംഗ് നടക്കുമ്പോൾ സൂചിക 8,831ലാണ്. ഫ്യൂച്ചേഴ്സ് ആൻഡ് ഒപ്ഷൻസിലെ സെറ്റിൽമെന്റിനു മുന്നോടിയായി ഷോട്ട് കവറിംഗിന് ഓപ്പറേറ്റർമാർ തിരക്കിട്ട നീക്കങ്ങൾ നടത്തിയാൽ 8,886–8,942 ലെ പ്രതിരോധം തകർത്ത് 9,004 വരെ മുന്നേറാം. എന്നാൽ, പ്രോഫിറ്റ് ബുക്കിംഗിന് നിക്ഷേപകർ രംഗത്തിറങ്ങിയാൽ 8,768–8,706ലേക്ക് നീങ്ങാം. ഇന്ത്യാ–പാക് അതിർത്തിയിലെ സംഘർഷാവസ്‌ഥയ്ക്ക് അയവുണ്ടായില്ലെങ്കിൽ സൂചിക 8,650 റേഞ്ചിലേക്ക് ഒക്ടോബറിൽ സഞ്ചരിക്കാം.

വിദേശഫണ്ടുകൾ പിന്നിട്ടവാരം 720.81 കോടി രൂപയുടെ വില്പന നടത്തി. വിദേശ ഓപ്പറേറ്റർമാർ ഈ മാസം ഇതിനകം 9,500 കോടിയുടെ ഓഹരികൾ ശേഖരിച്ചു. ജൂലൈ–ഓഗസ്റ്റിൽ അവർ 25,904 കോടി രൂപയുടെ നിക്ഷേപം നടത്തി. വിനിമയവിപണിയിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 66.98ൽനിന്ന് 66.66ലേക്ക് ശക്‌തിപ്രാപിച്ചു.

ഏഷ്യൻ മാർക്കറ്റുകൾ പലതും തളർച്ചയിലാണ്. അമേരിക്കയിൽനിന്നുള്ള വാർത്തകളും ജാപ്പനീസ് കേന്ദ്രബാങ്കിന്റെ നീക്കങ്ങളുമെല്ലാം നിക്ഷേപകരെ അല്പം പിന്തിരിപ്പിച്ചു. യൂറോപ്യൻ മാർക്കറ്റുകളും നഷ്ടത്തിലാണ്. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക 18,261 പോയിന്റിലും നാസ്ഡാക് 5,305ലും എസ്ആൻഡ് പി 2,164 പോയിന്റിലുമാണ്.

അമേരിക്കൻ വിപണിയിൽ പെട്രോളിയം ഓഹരികൾക്ക് ഒരു ശതമാനം ഇടിവ് നേരിട്ടു. ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കുന്നത് സംബന്ധിച്ച് ഒപെക് പുതിയ നിർദേശങ്ങൾ ഒന്നും പുറത്തുവിട്ടില്ല. അതേസമയം സൗദി അറേബ്യയും ഇറാനും എണ്ണ ഉത്പാദനം കുറയ്ക്കുന്നതു സംബന്ധിച്ച് വ്യത്യസ്ത നിലപാടിലാണ്. ന്യൂയോർക്കിൽ ക്രൂഡ് ഓയിൽ വില 3.97 ശതമാനം കുറഞ്ഞ് ബാരലിന് 44.48 ഡോളറായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.