ദസറ: ടൂറിസ്റ്റുകൾക്ക് ഡിസ്കൗണ്ടുമായി മൈസൂരുവിലെ ഹോട്ടലുടമകൾ
Monday, September 19, 2016 11:09 AM IST
മൈസൂരു: കാവേരി നദീജല തർക്കത്തിന്റെ പേരിൽ ഉടലെടുത്ത സംഘർഷത്തെത്തുടർന്ന് മാന്ദ്യത്തിലായ വിനോദസഞ്ചാരമേഖലയെ പുനരുജ്‌ജീവിപ്പിക്കുന്നതിനായി മൈസൂരുവിലെ ഹോട്ടലുടമകൾ രംഗത്ത്. ഇതിന്റെ ഭാഗമായി അയൽസംസ്‌ഥാനങ്ങളായ കേരളം തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനായി ഹോട്ടലുകളിൽ 30 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. മൈസൂരു ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നാരായണ ഗൗഡയാണ് ഇക്കാര്യം അറിയിച്ചത്.

അഡ്രസ് വ്യക്‌തമാക്കുന്ന ഏതെങ്കിലും തെളിവു ഹാജരാക്കിയാൽ തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നും എത്തുന്ന സഞ്ചാരികൾക്ക് മുറിവാടകയിൽ 30 ശതമാനം ഡിസ്കൗണ്ട് നൽകുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. സംഘടനയ്ക്കു കീഴിൽ മൈസൂരുവിൽ 270 ഹോട്ടലുകളുണ്ടെന്നും ലോഡ്ജിംഗിനു മാത്രമായിരിക്കും ഡിസ്കൗണ്ടെന്നും അദ്ദേഹം അറിയിച്ചു. രണ്ടു മാസത്തേയ്ക്കായിരിക്കും ഡിസ്കൗണ്ട്. പത്തു ദിവസം നീണ്ടുനിൽക്കുന്ന ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷം അടുത്ത മാസം ഒന്നിന് ആരംഭിക്കും. ഇതിനു പിന്നാലെ ഇതാദ്യമായി ഈ മാസം 24 മുതൽ നവംബർ അഞ്ചുവരെ രണ്ടു മാസം നീണ്ടുനിൽക്കുന്ന മൈസൂരു ഷോപ്പിംഗ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്.


കാവേരി നദീജല തർക്കത്തിന്റെ പേരിൽ ഉടലെടുത്ത സംഘർഷാവസ്‌ഥ മൈസൂരുവിലെ വിനോദസഞ്ചാരമേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. രണ്ടാഴ്ചയായി മൈസൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ആളുകൾ തീരെ കുറവാണ്. ദസറ ആഘോഷം അടുത്തിരിക്കെ സഞ്ചാരികളുടെ എണ്ണം വർധിക്കേണ്ട സമയത്തുണ്ടായിരിക്കുന്ന പ്രതിസന്ധി ഹോട്ടലുടമകളെയാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. സമരക്കാരും കർഷകരും റോഡുകൾ ഉപരോധിക്കുന്നതും സംഘർഷാവസ്‌ഥ കണക്കിലെടുത്ത് തമിഴ്നാട്ടിലേക്കുള്ള അതിർത്തിറോഡുകളെല്ലാം അടച്ചതുമാണ് സഞ്ചാരികളുടെ സന്ദർശനത്തിനു തടസമായിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.