ഹമ്മറിനോട് സാദൃശ്യം ഇത് മഹീന്ദ്ര ടിയുവി300
ഹമ്മറിനോട് സാദൃശ്യം ഇത് മഹീന്ദ്ര ടിയുവി300
Saturday, September 17, 2016 11:37 AM IST
<ആ>അജിത് ടോം

ഓട്ടോമോട്ടീവ് മേഖലയിൽ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ് മഹീന്ദ്ര. ഏതു നിരത്തിനെയും അനായാസം കീഴടക്കാൻ സാധിക്കുന്നതിൽ മഹീന്ദ്രയുടെ മികവ് മറ്റ് ഇന്ത്യൻ കമ്പനികൾക്കു വിദൂരസ്വപ്നമാണ്.

മഹീന്ദ്രയിൽനിന്നു പുറത്തിറങ്ങിയ മറ്റു വാഹനങ്ങൾ ജനപ്രിയമായിരുന്നെങ്കിലും ജനങ്ങൾ മഹീന്ദ്രയെ ഏറ്റെടുത്തത് സ്കോർപിയോയിലൂടെയാണ്. പിന്നീടങ്ങോട്ട് പുതുമകൾ നിറച്ച നിരവധി മോഡലുകളാണ് നിരത്തിൽ ചീറിപ്പാഞ്ഞത്. ഇതിൽ എക്സ്യുവി, ബൊലേറോ തുടങ്ങിയ മോഡലുകൾ ഇപ്പോൾ ശക്‌തമായ സാന്നിധ്യമാണ്. ഈ വിജയത്തിന്റെ ചുവടുപറ്റിയാണ് ടിയുവി300 നിരത്തിൽ ശക്‌തമാകുന്നത്. പുറമെ റഫ് ലുക്കും അകത്ത് ലാളിത്യമുള്ളതുമായ രൂപകല്പനയാണ് ടിയുവിയുടെ പ്രത്യേകത. പുറത്തിറങ്ങിയിട്ട് ഒരു വർഷമായെങ്കിലും ഇന്നും മികച്ച പ്രതികരണമാണ് ടിയുവിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഴകും മികവും സമന്വയിപ്പിച്ചിരിക്കുന്ന മഹീന്ദ്ര ടിയുവി300ന്റെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളിലേക്ക്...

അടുത്തിടെ പുറത്തിറങ്ങിയ മറ്റെല്ലാ കോംപാക്ട് എസ്യുവികളെക്കാളും തലയെടുപ്പോടെയാണ് ടിയുവി എത്തിയിരിക്കുന്നത്. എക്സ്റ്റീരിയറിന്റെ ഭംഗിയാണ് നമ്മെ വാഹനത്തിലേക്ക് അടുപ്പിക്കുന്നത്. എന്നാൽ, എക്സ്റ്റീരിയറിന് റഫ് ലുക്ക് നല്കി ഇന്റീരിയർ മനോഹരമാക്കാനാണ് ടിയുവി ശ്രമിച്ചത്.

<ആ>ഹമ്മറിന്റെ സൗന്ദര്യം

വാഹനപ്രേമികളെ ഏറ്റവും ആകർഷിച്ചിട്ടുള്ള വിദേശവാഹനമാണ് ഹമ്മർ. അതുകൊണ്ടുതന്നെയായിരിക്കാം ഹമ്മറിന്റെ മുഖച്ഛായ തന്നെ ടിയുവിക്കും നല്കിയിരിക്കുന്നത്. ഉയർന്ന മുൻഭാഗവും ക്രോം ഫിനീഷിംഗ് എഡ്ജുകളുള്ള വലിയ ഗ്രില്ലുമാണ് ഹമ്മറിലും ടിയുവിയിലുമുള്ള സമാനത. മറ്റു കോംപാക്ട് എസ്യുവികളിൽനിന്നു വ്യത്യസ്തമായ ഹെഡ്ലാമ്പാണ് ടിയുവിയുടേത്. സാധരണ ലൈറ്റുകൾക്കു പുറമേ സ്റ്റേറ്റ് ബെൻഡിംഗ് ലൈറ്റ് നല്കിയിരിക്കുന്നതിനാൽ സൈഡുകളിലേക്ക് കൂടുതൽ പ്രകാശം നല്കുന്നു. വലിയ എയർ ഡാമുകളും ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പുകളും മുൻവശത്തെ പ്രധാന ആകർഷണമാണ്.

മുൻവശത്തുനിന്നുള്ള കാഴ്ചയിൽ എസ്യുവിയുടെ തലയെടുപ്പുണ്ടെങ്കിലും വശങ്ങളിലേക്കു വരുമ്പോൾ കോംപാക്ട് എസ്യുവിയുടെ ഭാവങ്ങളാണ് ടിയുവിയിൽ പ്രകടമാകുന്നത്. ഹെഡ്ലാമ്പ് മുതൽ ടെയ്ൽ ലാമ്പ് വരെ നീളുന്ന ലൈനാണ് ഇതിലെ പുതുമ. ബ്ലാക്ക് ഫിനീഷിംഗ് ബി പില്ലറുകളും 15 ഇഞ്ച് അലോയ് വീലിൽ വീതി കൂടിയ ടയറുമാണ് പ്രധാന ആകർഷണം.

മാറ്റു കാറുകളുമായി താരതമ്യമില്ലാത്ത രൂപകല്പനയാണ് ടിയുവിയുടെ പിൻഭാഗത്ത് വരുത്തിയിരിക്കുന്നത്. പക്ഷേ, മുൻഗാമിയായ ക്വാണ്ടോയുടേതിനു സമാനമായ രീതിയിലാണ് സ്റ്റെപ്പ്നി നിലയുറപ്പിച്ചിരിക്കുന്നത്. പ്രത്യേകതകളൊന്നും അവകാശപ്പെടാൻ ഇല്ലാത്ത ടെയ്ൽ ലാമ്പും പ്ലെയ്ൻ ബമ്പറും പിൻവശത്തിന് ലാളിത്യം പകരുന്നു.

<ആ>ദ്വിവർണ ഇന്റീരിയർ


ബ്ലാക്ക്, ഓഫ് വൈറ്റ് നിറങ്ങൾ ചേർന്നാണ് ടിയുവിയുടെ ഇന്റീരിയർ സ്റ്റൈലിഷ് ആക്കിയിരിക്കുന്നത്. ഡാഷ്ബോർഡ്, ഡോർ, സീറ്റ് എന്നിവയിൽ ഈ മൾട്ടികളർ ഫിനീംഷിംഗ് വിസ്മയം തീർക്കുന്നുണ്ട്. സ്കോർപിയോയുടേതിനു സമാനമായ സെന്റർ കൺസോളാണ് ടിയുവിയിലും. സിൽവർ ഫിനീഷിംഗിൽ ഹെക്സാജൻ ഷേപ്പിലാണ് സെന്റർ കൺസോളിന്റെ രൂപകല്പന. റിവേഴ്സ് സെൻസർ സ്ക്രീനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമാണ് ഇതിലെ ശ്രദ്ധാകേന്ദ്രം. കേവലം മ്യൂസിക് സിസ്റ്റത്തിനു പുറമേ ഡിജിറ്റൽ മീറ്ററിൽ തെളിയുന്ന വിവരങ്ങളെല്ലാം സിസ്റ്റത്തിലും കാണിക്കുന്നത് പ്രധാന പ്രത്യേകതയാണ്.

ലളിതമായ രൂപകല്പനയാണ് സ്റ്റിയറിംഗ് വീലുകളിലുള്ളത്. വൺടച്ച് മ്യൂസിക് സിസ്റ്റവും ഫോൺ കൺട്രോളിംഗും സ്റ്റീയറിംഗിലുണ്ട്. സ്റ്റീയറിംഗിന്റെ പിൻഭാഗത്ത് ആകർഷകമായ മീറ്റർ കൺസോൾ. ഓവൽ ഷേപ്പിലുള്ള രണ്ട് അനലോഗ് മീറ്ററും അതിനു നടുവിൽ ചെറിയ ഡിജിറ്റൽ മീറ്റർ സ്ക്രീനുമാണ് മീറ്ററിനെ ആകർഷകമാക്കുന്നത്. രണ്ട് സൈഡിലും ഹാൻഡ് റെസ്റ്റുകൾ നല്കിയിരിക്കുന്ന സീറ്റുകളാണ് മുൻഭാഗത്ത്. മൂന്ന് പേർക്ക് വിശാലമായി ഇരിക്കാൻ കഴിയുന്ന സ്പേസാണ് മധ്യനിരയിലെ സീറ്റുകളിലും നല്കിയിരിക്കുന്നത്. സാധാരണയായി ചൈൽഡ് സീറ്റാണ് കോംപാക്ട് എസ്യുവികളുടെ പിൻനിരയിൽ നല്കുക. എന്നാൽ, ഹാൻഡ് റെസ്റ്റ് ഉൾപ്പെടെ വലിയ സീറ്റുകൾ തന്നെയാണ് ടിയുവിലുള്ളത്. അതുകൊണ്ടുതന്നെ ടിയുവിക്ക് 5+2 സീറ്റ് എന്നതിനേക്കാൾ സെവൻ സീറ്റർ എന്ന ഖ്യാതിയാണ് യോജിക്കുക. 324 ലിറ്റർ ബൂട്ട് സ്പേസാണ് സീറ്റുകൾ മടക്കി നേടാൻ കഴിയുന്നത്.

<ആ>കരുത്തു പകരാൻ എംഹോക് എൻജിൻ

മഹീന്ദ്രയുടെ സ്വന്തം രൂപകല്പനയായ എംഹോക് എൻജിനാണ് ടിയുവിയുടെ കരുത്ത്. മാന്വൽ ഗിയർ ബോക്സിൽ 1.5 ലിറ്റർ മൂന്ന് സിലിണ്ടർ എൻജിൻ 230 എൻഎം ടോർക്കിൽ 84 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക് എൻജിനായ എഎംടിയിൽ 230എൻഎം ടോർക്ക് 81 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്നു.

സുരക്ഷയുടെ കാര്യത്തിൽ മറ്റ് കോംപാക്ട് എസ്യുവികളേക്കാൾ ഒരുപടി മുമ്പിലാണ് ടിയുവി. എബിഎസ്, ഇബിഡി സിസ്റ്റത്തിനു പുറമെ കോർണർ ബ്രേക്കിംഗ് കൺട്രോളർ(സിബിസി) സംവിധാനവും ഇതിൽ നല്കിയിട്ടുണ്ട്.

18.49 കിലോമീറ്റർ മൈലേജാണ് ടിയുവി300ന് മഹീന്ദ്ര അവകാശപ്പെടുന്നത്.

8.65 മുതൽ 11.20 ലക്ഷം രൂപ വരെയാണ് ടിയുവി300ന്റെ കോട്ടയത്തെ ഓൺറോഡ് വില

ടിയുവിയിലെ എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനം ഓൺ ചെയ്തിട്ടുണ്ടെങ്കിൽ മൈക്രോ ഹൈബ്രീഡ് ടെക്നോളജിയിലൂടെ ന്യൂട്രർ ഗിയറിൽ ടയർ റൊട്ടേഷൻ നിലച്ചാൽ എൻജിൻ സൈലന്റ് മോഡിലേക്ക് പോകുന്നു. പിന്നീട് ക്ലച്ച് അമർത്തിയാൽ എൻജിൻ ആക്ടീവ് ആകുകയും ചെയ്യുന്നു. ഇന്ധനക്ഷമതയ്ക്കുവേണ്ടിയാണ് ഈ സംവിധാനം.

ടെസ്റ്റ് ഡ്രൈവ്: ടിവിഎസ് ആൻഡ് സൺസ്, കോട്ടയം. ഫോൺ: 9526607299
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.