മേക്ക് ഇൻ കേരള; കേരള ചേംബറും സൈനും ധാരണയായി
മേക്ക് ഇൻ കേരള; കേരള ചേംബറും സൈനും ധാരണയായി
Tuesday, August 30, 2016 11:30 AM IST
കൊച്ചി: കേരള വികസനം ലക്ഷ്യമിട്ടു നടപ്പാക്കുന്ന ‘മേക്ക് ഇൻ കേരള പദ്ധതിയിൽ കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (കെസിസിഐ) സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ (സൈൻ) എന്ന സന്നദ്ധ സംഘടനയും ധാരണാപത്രം ഒപ്പുവച്ചു.

റോഡ്, തുറമുഖം, ഉൾനാടൻ ജലഗതാഗതം, ഊർജം തുടങ്ങിയ അടിസ്‌ഥാന സൗകര്യങ്ങൾ, നഗരത്തിലെ അടിസ്‌ഥാനസൗകര്യ വികസനം, കൃഷിയും ഭക്ഷ്യ സംസ്കരണവും, എംഎസ്എംഇ, ഐടി, ഐടി അനുബന്ധ വ്യവസായം, ഇലക്ട്രോണിക്സ്, ക്ലസ്റ്ററുകൾ, ആരോഗ്യം, എച്ച്ആർ, വിദ്യാഭ്യാ സം, നൈ പുണ്യ വികസനം, ടൂറിസം, ഹോസ്പിറ്റാലിറ്റി, മീഡിയ എന്റർടെയ്ൻമെന്റ്, ലോജിസ്റ്റിക്സ്, ക്ലീൻ ആൻഡ് ഗ്രീൻ പദ്ധതികൾ തുടങ്ങിയ മേഖലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ മേക്ക് ഇൻ ഇന്ത്യയുടെ ചുവടു പിടിച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി അടുത്ത വർഷം പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിച്ച് കേരളത്തിൽ മെഗാ ഉച്ചകോടി സംഘടിപ്പിക്കും. ഇതിനു മുന്നോടിയായി ഒക്ടോബറിൽ വിദേശരാജ്യങ്ങളിൽ റോഡ് ഷോകൾ സംഘടിപ്പിക്കുമെന്ന് കെസിസിഐ, സൈൻ ഭാരവാഹികൾ പത്രസമ്മേളത്തിൽ അറിയിച്ചു.


പദ്ധതിയുടെ ആദ്യഘട്ടത്തിൽ മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന ജൻ ഔഷധി സ്റ്റോറുകൾ സംസ്‌ഥാനത്ത് ആരംഭിക്കാനും 47 മെഗാ തൊഴിൽ മേളകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആദ്യ തൊഴിൽമേളയിൽ 8000ത്തിൽപ്പരം പേർ പങ്കെടുത്തു. ഇതിൽ 3000–ത്തോളം പേർക്ക് തൊഴിൽ ലഭിച്ചു.

രാഷ്ട്രത്തിന്റെ സമഗ്ര വികസനമെന്ന ലക്ഷ്യത്തോടെ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് പ്രകാരം രൂപീകൃതമായ സംഘടനയാണ് സൈൻ.

പത്രസമ്മേളനത്തിൽ സൈൻ സിഇഒ കമ്മഡോർ എം.ആർ. അജയ് കുമാർ, പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ഡയറക്ടർ ആൻഡ് സെക്രട്ടറി ടി.പി. മുരളീധരൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.