കാർഷിക വിളകൾക്കു കുതിപ്പിന്റെ വാരം
കാർഷിക വിളകൾക്കു കുതിപ്പിന്റെ വാരം
Sunday, August 21, 2016 11:05 AM IST
<ആ>വിപണി വിശേഷം / കെ.ബി. ഉദയഭാനു

കൊച്ചി: ഹൈറേഞ്ചിനെ മോഹിപ്പിച്ച് സുഗന്ധറാണി ലേല കേന്ദ്രങ്ങളിൽ തിളങ്ങി. വിയറ്റ്നാം അടുത്ത സീസണിൽ രണ്ട് ലക്ഷം ടൺ കുരുമുളക് വിളയിക്കുമെന്ന വെളിപ്പെടുത്തൽ ഇതര ഉത്പാദന രാജ്യങ്ങളുടെ ഉറക്കം കെടുത്തും. ചിങ്ങം പിറന്നതോടെ വെളിച്ചെണ്ണ വിലയിൽ മുന്നേറ്റം. ലാറ്റക്സ് വരവ് കണ്ട് ടയർ ലോബി ഷീറ്റ് വില കുറച്ചു. വിവാഹ സീസൺ ആഭരണ കേന്ദ്രങ്ങളിൽ സ്വർണത്തിന്റെ തിളക്കം വർധിപ്പിച്ചു.

ഏലം കർഷകരുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരിച്ചു പിടിക്കാൻ ഉപകരിക്കുംവിധം ലേല കേന്ദ്രങ്ങളിൽ ഉത്പന്ന വില കുതിച്ചു. ആഭ്യന്തര വിദേശ വാങ്ങലുകാരിൽ നിന്നുള്ള ശക്‌തമായ ഡിമാണ്ടിൽ മികച്ചയിനങ്ങളുടെ വില കിലോഗ്രാമിന് 1500 രൂപയിലേക്ക് അടുത്തു. തൊട്ട് മുൻവാരം കിലോ 1200 രൂപയ്ക്ക് മുകളിൽ ഇടം കണ്ടെത്തിയ ഏലക്ക കഴിഞ്ഞവാരം ആദ്യം 1300ലേക്കും അവിടെനിന്ന് 1495ലേക്കും കയറി. ലഭ്യത ചുരുങ്ങിയതും ഉത്സവ ഡിമാണ്ടും ഏലത്തിന് കരുത്തു സമ്മാനിച്ചു. ഓരോ മണി ഏലക്കയും സ്വന്തമാക്കാൻ ഇടപാടുകാർ മത്സരിച്ചത് ലേല കേന്ദ്രങ്ങളിൽ വീറും വാശിയും ഉയർത്തി. പല ദിവസങ്ങളിലും ലേലത്തിന് വെച്ച ചരക്ക് പുർണമായി ലേലംകൊണ്ടു.

ഹൈറേഞ്ചിൽ ഏലക്ക സ്റ്റോക്ക് ചുരുങ്ങിയതിനാൽ കിട്ടുന്ന ചരക്ക് ശേഖരിക്കാൻ ഇടപാടുകാർ രംഗത്തുണ്ട്. അഷ്ടമി രോഹിണി വേളയിലെ വിൽപ്പന മുന്നിൽ കണ്ട് ഒരു വിഭാഗം തിരക്കിട്ട് ചരക്ക് എടുത്തു. ഓണം അടുത്തതിനാൽ സംസ്‌ഥാനത്ത് ഇക്കുറി ഏലത്തിന് പതിവിലും ഡിമാണ്ട് പ്രതീക്ഷിക്കാം. അറബ് രാജ്യങ്ങളിൽനിന്നു ഏലത്തിന് ആവശ്യക്കാരുണ്ട്. ഇതിനിടയിൽ നേരത്തെ അനുഭവപ്പെട്ട വരൾച്ച മൂലം അടുത്ത സീസണിൽ വിളവ് ചുരുങ്ങുമെന്ന ആശങ്കയും വിലക്കയറ്റത്തിന് വേഗത പകർന്നു. ഓണാഘോഷങ്ങൾ കഴിയുന്നതോടെ ഏലത്തോട്ടങ്ങളിൽ വിളവെടുപ്പ് ഊർജിതമാക്കാം.

വിയറ്റ്നാം അടുത്ത വർഷം രണ്ട് ലക്ഷം ടൺ കുരുമുളക് ഉത്പാദിപ്പിക്കുമെന്ന് അന്താരാഷ്ട്ര കുരുമുളക് സമൂഹ യോഗത്തിൽ വ്യക്‌തമാക്കി. വിയറ്റ്നാമിന്റെ വെളിപ്പെടുത്തൽ ഇതര ഉത്പാദന രാജ്യങ്ങളുടെ ഉറക്കം കെടുത്താം. ബംബർ വിളവ് വില തകർച്ചയ്ക്ക് ഇടയാക്കാം. അതുകൊണ്ടു തന്നെ വിളവെടുപ്പ് നടക്കുന്ന ഇന്തോനേഷ്യ പുതിയ ചരക്ക് വിറ്റഴിക്കാൻ തിടുക്കം കാണിക്കാം. ഓഫ് സീസണായതിനാൽ ഇന്ത്യയിൽ ലഭ്യത കുറവാണ്.

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വിയറ്റ്നാമിന്റെ വെളിപ്പെടുത്തൽ ആഘോഷമാ ക്കി. ക്രിസ്തുമസ്–ന്യൂ ഇയർ ആവശ്യത്തിന് ചരക്ക് സംഭരിക്കുകയാണ് ഇറക്കുമതി രാജ്യങ്ങൾ. നടപ്പു വർഷം വിയറ്റ്നാം ഏറ്റവും കുടുതൽ മുളക് കയറ്റുമതി നടത്തിയത് അമേരിക്കയിലേക്കും ഇന്ത്യയിലേക്കുമാണ്. യുഎസ് 27,000 ടൺ വിയറ്റ്നാം മുളക് ശേഖരിച്ചപ്പോൾ കൊച്ചി തുറമുഖം വഴി മാത്രം 9,000 ടണ്ണിന്റെ ഇറക്കുമതി നടന്നു. രാജ്യത്തെ മറ്റ് തുറമുഖങ്ങളിലും ഇറക്കുമതി നടന്നു. വിയറ്റ്നാമിൽ മാത്രമല്ല, അയൽ രാജ്യമായ കംബോഡിയയിലും കുരുമുളക് കൃഷി വ്യാപകമായെന്ന വിവരമാണ് ജക്കാർത്തയിൽ നടന്ന ഐപി സി യോഗത്തിൽ പുറത്തുവന്നത്. അടുത്ത വർഷം ഇന്ത്യയിൽ കുരുമുളക് ഉത്പാദനം 55,000 ടൺ കണക്കാക്കുന്നു. കേരളത്തെ അപേക്ഷിച്ച് കർണാടകയിൽ ബംബർ വിളവാണ് പ്രതീക്ഷിക്കുന്നത്.


രാജ്യാന്തര മാർക്കറ്റിൽ വിയറ്റ്നാം ടണ്ണിന് 8500 ഡോളറും ഇന്തോനേഷ്യ 9000 ഡോളറും രേഖപ്പെടുത്തി. സെപ്റ്റംബർ–ഒക്ടോബർ ഷിപ്പ്മെന്റിന് ബ്രസീൽ 8700 ഡോളർ രേഖപ്പെടുത്തി. ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 10,900 ഡോളർ. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,000 രൂപയിലും ഗാർബിൾഡ് മുളക് 72,000 രൂപയിലുമാണ്.

ഓണം പടിവാതുക്കൽ എത്തിയതോടെ നാളികേരോത്പന്ന വിപണി സജീവമായി. ഇക്കുറി ഓണ വേളയിൽ ബംബർ വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. പോയവാരം വെളിച്ചെണ്ണയ്ക്ക് 700 രൂപ ഉയർന്നു. രണ്ടാഴ്ച്ചക്കിടയിൽ വർധന 1200 രൂപ. വാരാന്ത്യം വെളിച്ചെണ്ണ 9300ലും കൊപ്ര 6330ലുമാണ്.

എണ്ണ മാർക്കറ്റിലെ ഉണർവ് മുൻ നിർത്തി ഉത്പാദകർ കാര്യമായി കൊപ്ര ഇറക്കിയില്ല. അൽപ്പം കാത്തിരുന്നാൽ ആകർഷകമായ വില ഉറപ്പ് വരുത്താനാവുമെന്ന പ്രതീക്ഷയിലാണവർ. ഇതിനിടയിൽ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് വ്യാപകമായി.

ടയർ കമ്പനികൾ റബർ ഷീറ്റ് സംഭരണം കുറച്ചത് വിലയെ ബാധിച്ചു. ഓണാവശ്യങ്ങൾ മുൻ നിർത്തിയാണ് കാർഷിക മേഖല പുതിയ ഷീറ്റ് വിൽപ്പനയ്ക്ക് ഇറക്കിയത്. മുഖ്യ വിപണികളിൽ ലാറ്റക്സ് വരവ് ശക്‌തിയാർജിച്ചത് വില ഇടിക്കാൻ ടയർ ലോബിയെ പ്രേരിപ്പിച്ചു. ലാറ്റക്സ് വില 8000 രൂപയായി താഴ്ന്നു. നാലാം ഗ്രേഡ് റബറിന് 500 രൂപ ഇടിഞ്ഞ് 13,800 രൂപയായി. അഞ്ചാം ഗ്രേഡ് 13,000ലേക്ക് താഴ്ന്നു. വിദേശത്ത് റബർ വില നേരിയ റേഞ്ചിൽ നീങ്ങി. റബർ അവധി നിരക്കുകളും കുറഞ്ഞു. കാലാവസ്‌ഥ അനുകൂലമായതിനാൽ റബർ ടാപ്പിംഗിന് രംഗം സജീവം.

ജാതിക്ക വില വാരാന്ത്യം ഉയർന്നു. ലഭ്യത ചുരുങ്ങിയത് വാങ്ങലുകാരെ നിരക്ക് ഉയർത്താൻ പ്രേരിപ്പിച്ചു. ജാതിക്ക തൊണ്ടൻ 200–225 രൂപയിലും പരിപ്പ് 400–450ലും ജാതിപത്രി 450–950 രൂപയിലുമാണ്. വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ വിലയിൽ വീണ്ടും മുന്നേറ്റം പ്രതീക്ഷിക്കാം. കാർഷിക മേഖലയിൽനിന്നുള്ള ചരക്ക് നീക്കം കുറവാണ്.

വിവാഹ സീസണിന് തുടക്കമായതോടെ ആഭരണ ഷോറുമുകളിൽ പതിവിലും തിരക്ക്. 23,240 രൂപയിൽ വിൽപ്പന തുടങ്ങിയ പവൻ വാരത്തിന്റെ രണ്ടാം പകുതിയിൽ 23,480ലേക്ക് കയറി. ഒരു ഗ്രാം സ്വർണം 2935 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണ വില 1341 ഡോളർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.