നിർമാണ മേഖലയ്ക്ക് ഇരുട്ടടി; സിമന്റ് വില വീണ്ടും കൂട്ടാൻ നീക്കം
നിർമാണ മേഖലയ്ക്ക് ഇരുട്ടടി; സിമന്റ് വില വീണ്ടും കൂട്ടാൻ നീക്കം
Saturday, August 20, 2016 11:26 AM IST
<ആ>സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്‌ഥാനത്തു സിമന്റ് വില വീണ്ടും കൂടും. നിലവിൽ 50 കിലോഗ്രാം വരുന്ന ചാക്കിന് 390 രൂപ മുതൽ 400 രൂപവരെയാണു വിലയെങ്കിൽ അടുത്ത വിലവർധനയോടെ ഇത് 400 കടക്കും. ഓണത്തിനു ശേഷം സിമന്റിന്റെ വില വീണ്ടും കൂടുമെന്നാണ് വിവിധ സ്വകാര്യ കമ്പനികൾ വിതരണക്കാരെ അറിയിച്ചിരിക്കുന്നത്. 330 രൂപയിൽനിന്ന് അടുത്തകാലത്താണ് സിമന്റ് വില 390ലേക്കെത്തിയത്. മഴക്കാലം തുടങ്ങിയതോടെ സിമന്റ് വില്പന 60 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. ഈ നഷ്‌ടം നികത്തുകയാണു വിലവർധനയിലൂടെ ലക്ഷ്യമിടുന്നത്.

സംസ്‌ഥാന ബജറ്റിലെ പദ്ധതികളും പൊതുമരാമത്ത് പ്രവൃത്തികളും സെപ്റ്റംബർ മാസം മുതൽ സജീവമാകാനിരിക്കേയാണു വില കൂട്ടാൻ നീക്കം. വിലവർധന കരാറടിസ്‌ഥാനത്തിൽ നിർമാണജോലികൾ ഏറ്റെടുത്തവരെയാണു കൂടുതൽ ബാധിക്കുക. കരാർ തുകയ്ക്കു നിശ്ചിത പ്രവൃത്തി ചെയ്തു തീർക്കാൻ സാധിക്കില്ലെന്നതാണു കാരണം. നിലവിൽ ഒരു ചാക്കിന് 350 രൂപ എന്ന നിരക്കിലാണു പല കരാറുകാരും ജോലികൾ ഏറ്റെടുത്തിരിക്കുന്നത്. അതായത്, നിലവിലെ അവസ്‌ഥയിൽതന്നെ ഒരു ചാക്ക് സിമന്റിന് 50 രൂപയോളം അധികച്ചെലവ് വരുമെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര ‘ദീപികയോടു പറഞ്ഞു.


തമിഴ്നാട്ടിലെ സിമന്റ് നിർമാണ കമ്പനികൾ ഉത്പാദനം കുറച്ചതാണു വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നതെങ്കിലും സ്വകാര്യ കമ്പനികളുടെ ഇടപെടലുകളാണു കാരണമെന്നു ഡീലർമാർ തന്നെ പറയുന്നു. കൃത്രിമക്ഷാമം സൃഷ്‌ടിച്ച് വില കൂട്ടാനുള്ള ശ്രമമാണു നടക്കുന്നത്. തമിഴ്നാട്ടിലേതപോലെ കേരള സർക്കാർ സിമന്റ് ഉത്പാദക കമ്പനികളുമായി കരാറിൽ ഒപ്പിട്ടാൽ സംസ്‌ഥാനത്തെ ടാക്സും 12.5 ശതമാനം വാറ്റും അതിനൊപ്പം ഇറക്കുമതിക്കൂലിയും വാഹനക്കൂലിയും നൽകിയാലും സംസ്‌ഥാനത്ത് 200–250 രൂപയ്ക്ക് സിമന്റ് ഇറക്കുമതി ചെയ്യാൻ കഴിയുമെന്നാണു വിതരണക്കാർ പറയുന്നത്. ടാക്സ് ഇനത്തിൽ കിട്ടുന്ന വിഹിതത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നതുകൊണ്ടാണ് സർക്കാർ കരാർ ഒപ്പിടാൻ മടിക്കുന്നതെന്നും ഇവർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.