ആസ്ക് മീ പ്രവർത്തനം മതിയാക്കുന്നു; 4,000 ജീവനക്കാർ പ്രതിസന്ധിയിൽ
ആസ്ക് മീ പ്രവർത്തനം മതിയാക്കുന്നു; 4,000 ജീവനക്കാർ പ്രതിസന്ധിയിൽ
Friday, August 19, 2016 11:38 AM IST
ന്യൂഡൽഹി: കൺസ്യൂമർ ഇന്റർനെറ്റ് പ്ലാറ്റ്ഫോം ആയ ആസ്ക് മീ പ്രവർത്തനം മതിയാക്കുന്നു. ഇതോടെ 4000 ജീവനക്കാരുടെ തൊഴിൽ നഷ്‌ടപ്പെടും. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

ഗുരുഗ്രാം ആസ്‌ഥാനമായുള്ള കമ്പനിയുടെ ഇ–കൊമേഴ്സ് പ്ലാറ്റ് ഫോം ഇപ്പോളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, പുതിയ ഓർഡറുകളൊന്നും സ്വീകരിക്കുന്നില്ല. മുന്നറിയിപ്പില്ലാതെ മുഖ്യ നിക്ഷേപക ഗ്രൂപ്പായ ആസ്ട്രോ ഹോൾഡിംഗ്സ് പിന്മാറിയതാണ് മുന്നറിയിപ്പില്ലാതെ ആസ്ക് മീ പ്രവർത്തനം നിർത്താൻ കാരണം.

മലേഷ്യൻ ശതകോടീശ്വരനായ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള ആസ്ട്രോ ഗ്രൂപ്പ് കഴിഞ്ഞ മാസമാണ് ആസ്ക് മീ ഗ്രൂപ്പിൽനിന്ന് പന്മാറിയത്. ആസ്ക് മീയുടെ 97 ശതമാനം ഓഹരികളും കൈയാളിയിരുന്നത് ആസ്ട്രോ ഗ്രൂപ്പാണ്. കഴിഞ്ഞ മാസം 150 കോടി രൂപയുടെ നിക്ഷേപമായിരുന്നു ആസ്ട്രോ ഗ്രൂപ്പ് നടത്തിയത്. പ്രതിസന്ധി രൂക്ഷമായതിനാൽ 650ലധികം ജീവനക്കാർ ആസ്ക് മീയിൽനിന്ന് രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ട്.


പരസ്യ സൈറ്റായി 2010ലാണ് ആസ്ക് മീ ഡോട്ട് കോം പ്രവർത്തനമാരംഭിച്ചത്. പിന്നീട് 2012ൽ ആസ്ക് മീ ബസാർ എന്ന പേരിൽ ഷോപ്പിംഗ് പോർട്ടൽ ആരംഭിച്ചു. 2013ൽ ഗെറ്റ് ഇറ്റിനെ ആസ്ക് മീ ഏറ്റെടുത്തു.

70 നഗരങ്ങളിലായി 12,000 വ്യാപാരികൾ ആസ്ക് മിയുമായി സഹകരിച്ചിരുന്നു. രണ്ടു കോടി ഡോളറിന്റെ നിക്ഷേപവുമായി മേബെൽ കാർട്ട് എന്ന ഫർണീച്ചർ സംരംഭത്തിന് ആസ്ക് മീ തുടക്കം കുറിച്ചത് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.