തിരുവനന്തപുരം ലുലു മാൾ ശിലാസ്‌ഥാപനം ഇന്ന്
തിരുവനന്തപുരം ലുലു മാൾ ശിലാസ്‌ഥാപനം ഇന്ന്
Friday, August 19, 2016 11:38 AM IST
തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ വരുന്ന ലുലു മാളിന്റെ ശിലാസ്‌ഥാപന കർമം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരടക്കം രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുക്കും. തിരുവനന്തപുരം–കൊല്ലം ദേശീയപാതയിൽ ആക്കുളത്ത് നിർമിക്കുന്ന മാൾ ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ രണ്ടാമത്തേ താണ്.

2000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിക്കായി ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. സ്വകാര്യമേഖലയിൽ കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപമാണിത്. അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് പദ്ധതിയോടനുബന്ധിച്ചുണ്ടാകുന്നത്.

ഷോപ്പിംഗ് മാൾ കൂടാതെ ഹോട്ടൽ, അന്താരാഷ്ട്ര നിലവാരത്തിലുള്ള കൺവെൻഷൻ സെന്റർ എന്നിവയും പദ്ധതിക്കായി ഏറ്റെടുത്ത 20 ഏക്കറിലുണ്ടാകും. കൂടാതെ, 200ലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ, ലുലു ഹൈപ്പർ മാർക്കറ്റ്, ഫുഡ് കോർട്ട്, ഐസ് സ്കേറ്റിംഗ്, സിനിമ, കുട്ടികൾക്കായുള്ള വിനോദകേന്ദ്രങ്ങൾ എന്നിവയും മാളിലുണ്ടാകും. 3000 കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന വിശാലമായ പാർക്കിംഗ് സൗകര്യവും ഗതാഗതത്തിരക്ക് ഒഴിവാക്കാൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തും.


2018 ഓഗസ്റ്റോടെ ഷോപ്പിംഗ് മാളിന്റെയും 2019 മാർച്ചോടെ പഞ്ചനക്ഷത്ര ഹോട്ടലിന്റെയും കൺവെൻഷൻ സെന്ററിന്റെയും നിർമാണം പൂർത്തിയാകുമെന്നും ലുലു ഗ്രൂപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.