ഫേസ്ബുക്ക് വരുമാനത്തിൽ കുതിപ്പ്
ഫേസ്ബുക്ക് വരുമാനത്തിൽ കുതിപ്പ്
Friday, July 29, 2016 11:55 AM IST
വാഷിംഗ്ടൺ: ജനപ്രിയ സമൂഹമാധ്യമവും മൊബൈൽ ആപ്ലിക്കേഷനുമായ ഫേസ്ബുക്കിന്റെ ലാഭം ഉയർന്നു. വോൾ സ്ട്രീറ്റിന്റെ പ്രവചനങ്ങളെ മറികടന്നുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനനേട്ടമാണു ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത്. പുതിയ ആപ്ലിക്കേഷന്റെ പരസ്യങ്ങളിലൂടെ കൂടുതൽ പരസ്യദാതാക്കളെ ആകർഷിക്കുകയും നിലവിലുള്ളവരെ കൂടുതൽ പരസ്യം നല്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നിലവിലെ കണക്കനുസരിച്ച് പ്രതിമാസം 170 കോടി ഉപയോക്‌താക്കളാണ് ഫേസ്ബുക്ക് ആപ്പിനുള്ളത്. അതുകൊണ്ടുതന്നെ ഫേസ്ബുക്കിന്റെ മൂല്യത്തിലും വൻ വർധനയുണ്ട്. ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 5.4 ശതമാനം ഉയർന്ന് 130.01 ഡോളറിലെത്തി. 2012നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ ഫേസ്ബുക്ക് ഓഹരികൾക്ക്.

നിങ്ങൾക്ക് ഒരു പ്രതിഭയാകാനും പുരോഗതി കൈവരിക്കാനും കഴിയുമെന്ന് ഫേസ്ബുക്ക് തെളിയിച്ചെന്ന് മൂർ ഇൻസൈറ്റ് ആൻഡ് സ്ട്രാറ്റജിയുടെ നിരൂപകനായ പാറ്റ്ട്രിക് മൂർഹെഡ് പറഞ്ഞു. ഡെസ്ക്ടോപ്പിൽനിന്നു മൊബൈലിലേക്കുള്ള ഫേസ്ബുക്കിന്റെ അതിവേഗ പ്രയാണമാണ് ജനങ്ങൾ ഏറ്റെടുക്കാൻ പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്കിനൊപ്പം മികച്ച സംവിധാനങ്ങൾ ഒരുക്കാൻ സാധിക്കാതെ വന്നതാണ് പ്രധാന എതിരാളിയായ ട്വിറ്ററിനെ പിന്നോട്ടടിച്ചത്. അതിനാൽത്തന്നെ ട്വിറ്ററിന്റെ വരുമാനത്തിൽ മൂന്നു വർഷത്തെ ഏറ്റവും വലിയ ഇടിവുണ്ടായി.

ഫേസ്ബുക്കിന്റെ പരസ്യവരുമാനത്തിന്റെ 84 ശതമാനവും മൊബൈൽ പരസ്യങ്ങൾ വഴിയാണ്. കഴിഞ്ഞ വർഷം ഇത് 76 ശതമാനമായിരുന്നു. ഫേസ്ബുക്കിന്റെ പരസ്യവരുമാനം 63 ശതമാനം ഉയർന്ന് 624 കോടി ഡോളറായി. എന്നാൽ, ഫേസ്ബുക്ക് 580 കോടി ഡോളർ വരുമാനം നേടുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.

കൂടാതെ, ഫേസ് ബുക്ക് അനുബന്ധ ആപ്ലിക്കേഷനുകളായ മെസഞ്ചർ, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വൻ വർധനയുണ്ടായിട്ടുണ്ടെന്നു ചീഫ് എക്സിക്യൂട്ടീവ് മാർക്ക് സുക്കർബർഗ് കോൺഫറൻസിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.