ദേവാസ്–ആൻട്രിക്സ് ഇടപാട്: ഇസ്രോയ്ക്കു തിരിച്ചടി
ദേവാസ്–ആൻട്രിക്സ് ഇടപാട്: ഇസ്രോയ്ക്കു തിരിച്ചടി
Tuesday, July 26, 2016 10:54 AM IST
ബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഇസ്രോ) യുടെ വാണിജ്യവിഭാഗമായ ആൻട്രിക്സും ദേവാസ് മൾട്ടിമീഡിയയും തമ്മിലുള്ള കേസിൽ ഇസ്രോയ്ക്കു തിരിച്ചടി. ദേവാസിലെ നിക്ഷേപകർ നല്കിയ ഹർജി പരിഗണിച്ച ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണൽ ഇസ്രോയോടു നഷ്‌ടപരിഹാരം നല്കാൻ ആവശ്യപ്പെട്ടു. 100 കോടി ഡോളറെങ്കിലും നഷ്‌ടപരിഹാരമായി നല്കേണ്ടിവരുമെന്നാണ് സൂചന.

2011ൽ ദേശീയ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ദേവാസുമായുള്ള കരാർ ഇസ്രോ റദ്ദാക്കിയത്. ഇതിനെതിരേയാണ് ദേവാസ് കോടതിയെ സമീപിച്ചത്. ഇന്ത്യയുടെ ജിസാറ്റ്–6, ജിസാറ്റ്–6എ എന്നീ ഉപഗ്രഹങ്ങളിലെ എസ്– ബാൻഡ് സ്പെക്ട്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് 2005 ജനുവരി 28നാണ് ഇസ്രോ ദേവാസുമായി കരാറൊപ്പിട്ടത്. 12 വർഷത്തേക്കായിരുന്നു കരാർ. അനിയന്ത്രിത തോതിൽ സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം ദേവാസിനു ലഭിച്ചതിലൂടെ സർക്കാരിന് കനത്ത നഷ്‌ടമുണ്ടായതായി അക്കൗണ്ട്സ് ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) കണ്ടെത്തിയിരുന്നു. ആൻട്രിക്സ്–ദേവാസ് ഇടപാടിന് അനാവശ്യ തിടുക്കം കാട്ടിയെന്നും വേണ്ടത്ര ചർച്ച നടന്നിരുന്നില്ലെന്നും ഇതുവഴി 567 കോടി രൂപ സർക്കാരിനു നഷ്‌ടം വന്നുമെന്നുമായിരുന്നു സിഎജിയുടെ കണ്ടെത്തൽ. ഇസ്രോയിലെ മുൻ സയന്റിഫിക് സെക്രട്ടറി ഡോ. എം.ജി. ചന്ദ്രശേഖർ ചെയർമാനായി 2004ലാണ് ദേവാസ് മൾട്ടിമീഡിയ തുടങ്ങിയത്. ബംഗളൂരു ആയിരുന്നു ആസ്‌ഥാനം. ജി. മാധവൻ നായർ ബഹിരാകാശവകുപ്പിന്റെ സെക്രട്ടറിയും ഇസ്രോയുടെ ചെയർമാനും ആയിരിക്കെയായിരുന്നു കരാർ ഒപ്പിട്ടത്. ഇത് വിവാദമായതിനെത്തുടർന്ന് മാധവൻനായരെ ചെയർമാൻ സ്‌ഥാനത്തുനിന്ന് നീക്കി. മാധവൻനായർ ഉൾപ്പെടെ അഞ്ചു പേർക്കെതിരേയാണ് നടപടിയുണ്ടായത്.

നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് 2013ലാണ് ദേവാസ് അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നത്. കരാർ റദ്ദാക്കിയതിനെത്തുടർന്ന് ദേവാസിന് ഇസ്രോ 4,432 കോടി രൂപ നഷ്‌ടപരിഹാരം നല്കണമെന്ന് കോടതി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിധിച്ചിരുന്നു. അന്താരാഷ്ട്ര തർക്കപരിഹാര കോടതിയുടെ ഭാഗമായ അന്താരാഷ്ട്ര ചേംബർ ഓഫ് കൊമേഴ്സ് ആണ് വിധി പറഞ്ഞത്. നഷ്‌ടപരിഹാരം, പ്രതിവർഷം 18 ശതമാനം വച്ച് നാലു വർഷത്തെ പലിശ എന്നിവ കണക്കാക്കിയാണ് പിഴ നിശ്ചയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.