റെയിൽ മെട്രോയ്ക്കൊപ്പം വാട്ടർ മെട്രോ; ആദ്യനഗരമാകാൻ കൊച്ചി
റെയിൽ മെട്രോയ്ക്കൊപ്പം വാട്ടർ മെട്രോ; ആദ്യനഗരമാകാൻ കൊച്ചി
Friday, July 22, 2016 10:26 AM IST
കൊച്ചി: കൊച്ചി മെട്രോ റെയിലിനോടനുബന്ധിച്ചുള്ള വാട്ടർ മെട്രോ പദ്ധതിയുടെ വായ്പാ വിനിയോഗം സംബന്ധിച്ച വിശദമായ ധാരണാപത്രത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെഎംആർഎൽ) അധികൃതരും ജർമൻ ധനകാര്യ സ്‌ഥാപനമായ ക്രെഡിറ്റൻ സ്റ്റാൾട്ട് ഫർ വെദർ വബു (കെഎഫ്ഡബ്ല്യു) അധികൃതരും ഒപ്പിട്ടു. ഇന്നലെ കെഎംആർഎൽ ആസ്‌ഥാനത്തു നടന്ന ചടങ്ങിൽ കെഎംആർഎൽ ഡയറക്ടർ ഫിനാൻസ് ഏബ്രഹാം ഉമ്മനും കെഎഫ്ഡബ്ല്യു നഗരവികസന വിഭാഗം തലവൻ ഫെലിക്സ് ക്ലൗഡയുമാണു ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

വായ്പാ ഗഡുക്കൾ സംബന്ധിച്ച വിശദമായ ഷെഡ്യൂൾ, നടപടിക്രമം തുടങ്ങിയവ അടക്കമുള്ള കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഡ്രോ ഡൗൺ എഗ്രിമെന്റ് എന്ന പേരിൽ അറിയപ്പെടുന്ന കരാറാണ് ഒപ്പുവച്ചത്. ഇന്ത്യയിലെ ജർമൻ അംബാസഡർ ഡോ. മാർട്ടിൻ നേയ്, കൊച്ചി മേയർ സൗമിനി ജെയിൻ, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

741.28 കോടി രൂപയുടേതാണ് പദ്ധതി. ഇത് ഫെറി സർവീസിനു രാജ്യത്ത് ഇതുവരെയുള്ളതിൽ ഏറ്റവും വലിയ മുതൽമുടക്കാണ്. ഇതിൽ 597 കോടി രൂപയാണ് ജർമൻ ഏജൻസിയായ കെഎഫ്ഡബ്ല്യു വായ്പ നൽകുന്നത്. 1.6 ശതമാനം പലിശ നിരക്കിൽ 15 വർഷത്തേക്കാണ് വായ്പ. മറ്റു നിബന്ധനളൊന്നുമില്ല. 102 കോടി രൂപയാണു സർക്കാർ വിഹിതം. 72 കോടി രൂപ സ്‌ഥലം ഏറ്റെടുപ്പിനു വേണ്ടിവരും.

കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടു വിവിധ ഗതാഗതമാർഗങ്ങളുടെ ഏകോപനം, സുസ്‌ഥിര ഗതാഗത സംവിധാനം, മാലിന്യ സംസ്കരണം, പാരമ്പര്യേതര ഊർജം, കൊച്ചിലെ കനാലുകളുടെയും ജലപാതകളുടെയും നവീകരണം തുടങ്ങിയ മേഖലകളിലാണു ജർമൻ വികസന ബാങ്ക് ശ്രദ്ധിക്കുന്നതെന്നു ഡോ. മാർട്ടിൻ നേയ് പറഞ്ഞു. പദ്ധതിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


കൊച്ചി വാട്ടർ മെട്രോയുടെ ബോട്ടുകൾ 2018ൽ നീറ്റിലിറങ്ങുമെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് പറഞ്ഞു. നഗരത്തിന്റെ സമീപപ്രദേശത്തുള്ള ദ്വീപുകളുടെ ഗതാഗത വികസനത്തിൽ വൻ പുരോഗതിയാണ് ജലമെട്രോ കൊണ്ടുവരുക. മെട്രോ റെയിലിന് അനുബന്ധമായി ജല മെട്രോയുള്ള ഇന്ത്യയിലെ ആദ്യ നഗരമാവുകയാണ് കൊച്ചി. കൊച്ചി നഗരത്തിന്റെയും സമീപത്തുള്ള ദ്വീപുകളുടെയും ഗതാഗത വികസനത്തിൽ നിർണായക പങ്കുവഹിക്കുന്നതാണു വാട്ടർ മെട്രോ. ആധുനിക സൗകര്യമുള്ള 36 ബോട്ടുജെട്ടികൾ, ദ്വീപുകളിൽനിന്നു ജെട്ടിയിലേക്കുള്ള റോഡുകളുടെ നവീകരണം തുടങ്ങി നിരവധി ഘടകങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു. ദ്വീപുകളിൽ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾക്ക് ജെട്ടിയിലേക്കെത്താൻ ഇലക്ട്രിക് വാഹനങ്ങളും ഏർപ്പെടുത്തും. അവിടെനിന്ന് എയർകണ്ടീഷൻ ഉൾപ്പെടെ ആധുനിക സൗകര്യമുള്ള കറ്റമരൻ ബോട്ടുകളിൽ കയറി നഗരത്തിൽ എത്താം. അവിടെനിന്ന് മെട്രോയിൽ യാത്ര തുടരാം. വാട്ടർ മെട്രോയിലും മെട്രോ റെയിലിലും യാത്ര ചെയ്യാൻ ഒറ്റ ടിക്കറ്റ് മതിയാവും.

50 മുതൽ 100 പേർക്കു വരെ യാത്ര ചെയ്യാവുന്ന രണ്ടുതരം ബോട്ടുകൾ സർവീസ് നടത്തും. ജെട്ടികളിൽ എടിഎം കൗണ്ടറുകൾ, മെഡിക്കൽ ഷോപ്പ്, വിശ്രമമുറി, കഫറ്റേരിയ തുടങ്ങിയവ ഉണ്ടാവും. ആകെ 76 കിലോമീറ്റർ ദൂരത്തിൽ 16 റൂട്ടുകളാണ് തീരുമാനിച്ചിട്ടുള്ളത്. പഞ്ചായത്തുകളുമായുള്ള ചർച്ചയ്ക്കു ശേഷമേ റൂട്ടുകൾ സംബന്ധിച്ചു തീരുമാനമെടു ക്കുകയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.