ആറന്മുള വിമാനത്താവളത്തിനായി കെജിഎസ് ഗ്രൂപ്പ് വീണ്ടും
ആറന്മുള വിമാനത്താവളത്തിനായി കെജിഎസ് ഗ്രൂപ്പ് വീണ്ടും
Monday, July 18, 2016 11:33 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആറന്മുള വിമാനത്താവളം പദ്ധതിക്ക് അനുമതി തേടി കെജിഎസ് ഗ്രൂപ്പ് വീണ്ടും കേന്ദ്ര വനം– പരിസ്‌ഥിതി മന്ത്രാലയത്തെ സമീപിച്ചു. പദ്ധതിക്കായി പാരിസ്‌ഥിതിക ആഘാത പഠനം നടത്താനുള്ള അനുമതിയാണ് പ്രാഥമികമായി കെജിഎസ് ഗ്രൂപ്പ് തേടിയിരിക്കുന്നത്. ഈ അപേക്ഷ കേന്ദ്ര വനം–പരിസ്‌ഥിതി മന്ത്രാലയത്തിനു കീഴിലുള്ള വിദഗ്ധ സമിതി ഈ മാസം 29നു പരിഗണിച്ചേക്കും. അതേസമയം, പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച് സംസ്‌ഥാന സർക്കാർ എടുക്കുന്ന നിലപാട് നിർണായകമാകുമെന്നാണു സൂചന.

ആറന്മുളയിൽ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിക്കു കേന്ദ്രസർക്കാർ നേരത്തേ അനുമതി നൽകിയിരുന്നെങ്കിലും അത് ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. പരിസ്‌ഥിതി ആഘാതപഠനം നടത്തിയ എൻവിറോ കെയർ എന്ന ഏജൻസിക്കു പഠനം നടത്തുന്നതിനു യോഗ്യതയില്ലെന്നു വിലയിരുത്തിയായിരുന്നു ട്രൈബ്യൂണലിന്റെ നടപടി. ഇതു സുപ്രീംകോടതിയും ശരിവച്ചിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കെജിഎസ് ഗ്രൂപ്പ് കേന്ദ്രസർക്കാരിനു വീണ്ടും അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിനായി നിർമിച്ച റൺവേ അതേപടി നിലനിർത്തണമെന്നും കൈത്തോടുകൾ പുനഃസ്‌ഥാപിക്കാൻ സാധിക്കില്ലെന്നും കെജിഎസ് ഗ്രൂപ്പ് നൽകിയ അപേക്ഷയിൽ വ്യക്‌തമാക്കുന്നു.


ട്രൈബ്യൂണൽ ഉത്തരവ് സുപ്രീംകോടതി ശരിവച്ചതിനു പിന്നാലെ കഴിഞ്ഞ ജൂണിലും കെജിഎസ് ഗ്രൂപ്പ് പരിസ്‌ഥിതി അനുമതിക്കായി പുതിയ അപേക്ഷ നൽകിയിരുന്നു. സംസ്‌ഥാന ബിജെപി ഘടകവും ആറന്മുള പൈതൃകസംരക്ഷണ സമിതിയും എതിർപ്പ് തുടരുന്നതിനിടെയായിരുന്നു കെജിഎസിന്റെ നീക്കം. വിമാനത്താവള പദ്ധതിയുടെ പരിസ്‌ഥിതി ആഘാതപഠനം നടത്താനുള്ള ടേംസ് ഓഫ് റെഫറൻസ് നിശ്ചയിക്കാനുള്ള നടപടികൾ കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി ആരംഭിച്ചെങ്കിലും സംഭവം വിവാദമായതോടെ പദ്ധതിക്ക് ഒരു അനുമതിയും നൽകിയിട്ടില്ലെന്നു വ്യക്‌തമാക്കി കേന്ദ്രസർക്കാർ തടിയൂരുകയായിരുന്നു. വിവാദങ്ങളുടെ അടിസ്‌ഥാനത്തിൽ കേന്ദ്ര പ്രതിരോധ, വ്യോമയാന മന്ത്രാലയങ്ങളും പദ്ധതിക്കു നേരത്തെ നൽകിയ അംഗീകാരം പിൻവലിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.