ക്ഷേമപദ്ധതികൾക്കായി കേരളത്തിനു ലഭിച്ചത് നാലായിരം കോടി രൂപ
Monday, July 18, 2016 11:33 AM IST
ന്യൂഡൽഹി: വിവിധ ഗ്രാമീണ ക്ഷേമപദ്ധതികൾക്കായി കേന്ദ്രസർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4047,24,00,000 രൂപ കേരളത്തിന് നൽകി. എം.പി. വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര ഗ്രാമവിസകന മന്ത്രി രാംകൃപാൽ യാദവ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. 2188,40,00,000 രൂപ വിവിധ ഗ്രാമ പദ്ധതികൾക്കായി കേരളം ചെലാവാക്കുകയും ചെയ്തു.

മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി, ദീൻ ദയാൽ അന്ത്യോദയ പദ്ധതി, ദേശീയ സാമൂഹ്യ പദ്ധതി തുടങ്ങിയ ഗ്രാമീണ പദ്ധതികളിലാണ് കേന്ദ്രം കേരളത്തിനു തുക വകയിരുത്തിയത്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ വേതന വിതരണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനു കേരളം നടപ്പാക്കിയ ഇലക്ട്രോണിക് ഫണ്ട് മാനേജ്മെന്റ് ഉൾപ്പെടെ പല പുതിയ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.


പതിനൊന്നര ലക്ഷം ജനങ്ങൾക്കു കുടിവെള്ളം നൽകാനുള്ള ലോകബാങ്ക് സഹായത്തോടെയുള്ള 2412 കോടി ഡോളറിന്റെ ജലനീതി–2 പദ്ധതി കേരളത്തിൽ നടന്നു കൊണ്ടിരിക്കുകയാണെന്നു കേന്ദ്ര കുടിവെള്ള വകുപ്പ് സഹമന്ത്രി ആർ.സി. ജിഗജിനാഗി വീരേന്ദ്ര കുമാറിന്റെ ചോദ്യത്തിനു മറുപടിയായി വ്യക്‌തമാക്കി. പുതിയതായി കുടിവെള്ള ശുചീകരണ പദ്ധതികൾ സമർപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.