ഓഹരിയും സ്വർണവും കയറി; രൂപ നേടി
ഓഹരിയും സ്വർണവും കയറി; രൂപ നേടി
Friday, July 1, 2016 11:46 AM IST
മുംബൈ: ഇന്ത്യൻ ഓഹരികൾ എട്ടു മാസത്തിലേറെ ഏറ്റവും ഉയർന്ന നിലയിലേക്കു കയറി. ഈയാഴ്ചയാകട്ടെ സമീപകാലത്തെ ഏറ്റവും മെച്ചപ്പെട്ട പ്രതിവാര ഉയർച്ചയും ഉണ്ടായി. സ്വർണവിലയും കൂടി.

ആഗോളതലത്തിലെ ഉണർവിന്റെ തുടർച്ചയായാണ് ഇന്ത്യയിലേതും. സെൻസെക്സ് ഇന്നലെ 145.19 പോയിന്റ് കയറി 27,144.91ലെത്തി. നിഫ്റ്റി 40.6 കയറി 8,328.35ൽ ക്ലോസ് ചെയ്തു.

കുറച്ചു ദിവസങ്ങളായി വിട്ടുനിന്നിരുന്ന വിദേശനിക്ഷേപകർ വ്യാഴാഴ്ച തിരിച്ചുവന്നു. അന്ന് 1,107 കോടി രൂപയുടെ ഓഹരികൾ വിദേശനിക്ഷേപകർ വാങ്ങി. ഇന്നലെയും വിദേശികൾ ഉത്സാഹത്തിലായിരുന്നു.

രൂപ ഇന്നലെയും നേട്ടമുണ്ടാക്കി. ഡോളർ തലേന്നത്തെ 67.52 രൂപയിൽനിന്നു താണ് 67.32 രൂപയായി. ബ്രെക്സിറ്റ് പ്രഖ്യാപിച്ച കഴിഞ്ഞ വെള്ളിയാഴ്ച 67.96 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്. ഈയാഴ്ച ഡോളറിന് 64 പൈസ കുറഞ്ഞു. പൗണ്ടിന് 1.35 രൂപ കുറഞ്ഞ് 89.52 രൂപയായി. യൂറോ 30 പൈസ താണ് 74.89 രൂപയായി.


സ്വർണം 10 ഗ്രാമിന് 185 രൂപ കയറി 30,745 രൂപയിലെത്തി. വെള്ളി കിലോഗ്രാമിന് 1,520 രൂപ കൂടി 45,080 രൂപയായി. 2014 ഓഗസ്റ്റ് ഒന്നിനു ശേഷമുള്ള ഏറ്റവും കൂടിയ വിലയിലാണു വെള്ളി. കേരളത്തിൽ സ്വർണം പവന് 160 രൂപ കൂടി.

അന്താരാഷ്്ട്ര വിപണിയിൽ സ്വർണവില ഇന്നലെ കുതിച്ചു. 1.75 ശതമാനം വർധനയിലാണു ന്യൂയോർക്ക് വിപണി. ഒരൗൺസിന് (31.1 ഗ്രാം) 1,342 ഡോളറിലേക്കു സ്വർണം കയറി. തലേന്നത്തെക്കാൾ 22 ഡോളർ കൂടുതലാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.