ബ്രെക്സിറ്റ് നഷ്‌ടം നികത്തി ഓഹരി കമ്പോളം
ബ്രെക്സിറ്റ് നഷ്‌ടം നികത്തി ഓഹരി കമ്പോളം
Thursday, June 30, 2016 12:38 PM IST
മുംബൈ/ലണ്ടൻ/ഹോങ്കോംഗ്: ബ്രെക്സിറ്റ് നഷ്‌ടങ്ങൾ നികത്തി ഇന്ത്യൻ ഓഹരി വിപണി. രൂപയും കരുത്തു കാണിച്ചു. മറ്റ് ഏഷ്യൻ ഓഹരിവിപണികളിലും കയറ്റം.

മുംബൈ ഓഹരിവിപണിയുടെ സെൻസെക്സ് 27,000 പോയിന്റിനു തൊട്ടുതാഴെയാണു ക്ലോസ് ചെയ്തത്. 259.33 പോയിന്റ് കയറിയ സെൻസെക്സ് 26,999.72ൽ ക്ലോസ് ചെയ്തു. ബ്രെക്സിറ്റ് തീരുമാനം വന്ന ദിവസത്തെ ക്ലോസിംഗിനേക്കാൾ 602.01 പോയിന്റ് ഉയരത്തിലാണിത്.

നിഫ്റ്റി 8300 കടന്നെങ്കിലും ക്ലോസ് ചെയ്തത് 8,287.75ലാണ്. ഉയർച്ച 83.75 പോയിന്റ്.

ബ്രെക്സിറ്റ് വൈകുമെന്നും അമേരിക്ക ഉടനെയൊന്നും പലിശനിരക്ക് കൂട്ടില്ലെന്നുമുള്ള ഉറപ്പാണു കമ്പോളത്തെ സഹായിച്ച ഒരു ഘടകം. ശമ്പളപരിഷ്കാരം വഴി ഒരു ലക്ഷം കോടി രൂപ ജനങ്ങളുടെ പക്കലെത്തുന്നതും നല്ല കാലവർഷവും സാമ്പത്തികവളർച്ചയ്ക്കു വഴിതെളിക്കുമെന്നും കമ്പനികളുടെ വിറ്റുവരവ് കൂടുമെന്നും വിപണി പ്രതീക്ഷിക്കുന്നു.


രൂപ ഇന്നലെ വീണ്ടും നില മെച്ചപ്പെടുത്തി. ഡോളറിനു 16 പൈസ കുറഞ്ഞ് 67.52 രൂപയായി. ബ്രിട്ടീഷ് പൗണ്ടിനു മൂന്നു പൈസ കുറഞ്ഞ് 90.87 രൂപയിലെത്തി. യൂറോ അതേസമയം 75.19 രൂപയിലേക്കു കയറി.

ക്രൂഡ് ഓയിൽ ബ്രെന്റ് ഇനം വീപ്പയ്ക്കു 50 ഡോളറിനു മുകളിൽ കയറിയിട്ടു വീണ്ടും താണു. സ്വർണം ഔൺസിന് 1,320 ഡോളറിനു താഴെയെത്തി. മുംബൈയിൽ സ്വർണം 10 ഗ്രാമിന് 75 രൂപ കുറഞ്ഞു. കേരളത്തിൽ പവന് 80 രൂപ താണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.