ബ്രെക്സിറ്റ്: ആശങ്കയോടെ ഐടി മേഖല
ബ്രെക്സിറ്റ്: ആശങ്കയോടെ ഐടി മേഖല
Saturday, June 25, 2016 11:31 AM IST
ന്യൂഡൽഹി: യൂറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ പുറത്തുപോകുന്നതു രാജ്യത്തെ ഐടി മേഖലയിൽ ആശങ്ക വളർത്തി. ഐടി മേഖലയിലെ കമ്പനികളിലെ 10,000 കോടി ഡോളറോളം വരുന്ന വരുമാനത്തിൽ 30 ശതമാനത്തിന്റെ ഉറവിടം യൂറോപ്യൻ വിപണിയാണ്.

യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകാനുള്ള ബ്രിട്ടന്റെ തീരുമാത്തെ തുടർന്ന് ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യത്തിൽ പത്ത് ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ ബ്രിട്ടീഷ് കമ്പനികൾ തമ്മിലുള്ള പല ബിസിനസ് കരാറുകളും പുതുക്കി എഴുതേണ്ടിവരുമെന്ന ആശങ്കയും ഐടി മേഖലയിൽ നിലനില്ക്കുന്നുണ്ട്.

പൗണ്ടിന്റെ മൂല്യം കുറഞ്ഞ സാഹചര്യത്തിൽ നിലവിൽ നല്കുന്നതിലും അധികം തുക ബ്രിട്ടൻ നല്കേണ്ടിവരും. ഇതുസംബന്ധിച്ച തർക്കങ്ങൾ ഭാവിയിൽ ഉണ്ടാകുമെന്നാണ് ആശങ്കയ്ക്കു കാരണം.

എന്നാൽ, രണ്ടു വർഷത്തിനുള്ളിൽ ഐടി മേഖലയിൽ യാതൊരു അനിശ്ചിതത്വത്തിനും സാധ്യതയില്ലെന്ന് ആസ്റ്റൺ ബിസിനസ് സ്കൂളിലെ ഗവേഷകനായ സഞ്ജയ് സെൻ അഭിപ്രായപ്പെട്ടു. ഈ കാലയളവിനുള്ളിൽ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ പകരം കരാർ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

<ആ>നിക്ഷേപങ്ങൾക്കു കാലതാമസം നേരിടും

ബ്രെക്സിറ്റ് മൂലം വിദേശരാജ്യങ്ങളുമായി ഇന്ത്യക്കുള്ള വാണിജ്യ സേവന കയറ്റുമതിക്കു കാലതാമസം നേരിടാൻ സാധ്യതയുള്ളതായി ഐസിആർഎയിലെ സാമ്പത്തിക വിദഗ്ധനായ അതിഥി നായർ അഭിപ്രായപ്പെട്ടു. കൂടാതെ വിദേശ നിക്ഷേപങ്ങൾ കുറയാൻ സാധ്യതയുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.


ആഗോള സമ്പദ്ഘടനയിലുണ്ടായ ചാഞ്ചാട്ടത്തിന്റെയും യൂറോപ്യൻ യൂണിയനിലെ രാഷ്ട്രീയ പ്രശ്നങ്ങളുടെയും പ്രതിഫലനം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്‌ഥയിലുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഹ്രസ്വകാലയളവിൽ ബ്രെക്സിറ്റ് ഇന്ത്യൻ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കും. എന്നാൽ, ഈ പ്രശ്നങ്ങൾ ഇന്ത്യയുടെ സാമ്പത്തിക ഭരണ കർത്താക്കൾ പരിഹാരം കാണുമെന്നും യെസ് ബാങ്ക് സിഇഒ റാണ കപൂർ പറഞ്ഞു.

ബ്രെക്സിറ്റ് ഇന്ത്യയുടെ സമ്പദ്ഘടനയെ ഗുണകരമായും ദോഷകരമായും ബാധിച്ചിട്ടുണ്ട്. ദുർബലമായ ആഗോള സാമ്പദ്ഘടനയെ ബ്രെക്സിറ്റ് വീണ്ടും കുഴപ്പത്തിലാക്കുകയാണു ചെയ്തിരിക്കുന്നത്.

എന്നാൽ, ബ്രെക്സിറ്റ് മൂലം ആഗോള ഉൽപന്ന വില കുറയ്ക്കാൻ സമർദ്ദം ഏറുന്നത് ഇന്ത്യയെ സംബന്ധിച്ച് ഗുണകരമാണെന്നും ഇന്ത്യ റേറ്റിംഗ് ആൻഡ് റിസർച്ചിലെ പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ് സുനിൽ കുമാർ സിൻഹ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.