കമ്പോളങ്ങൾ ഉലഞ്ഞു: ഓഹരി താണു; സ്വർണം കുതിച്ചു
കമ്പോളങ്ങൾ ഉലഞ്ഞു: ഓഹരി താണു; സ്വർണം കുതിച്ചു
Friday, June 24, 2016 11:37 AM IST
മുംബൈ/ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകാൻ (ബ്രെക്സിറ്റ്) തീരുമാനിച്ചെങ്കിലും കമ്പോളങ്ങൾ തകർന്നടിഞ്ഞില്ല. കഴിഞ്ഞ ഒരാഴ്ചയിലെ നേട്ടങ്ങൾ നഷ്‌ടപ്പെടുത്തിയതാണ് ഇന്ത്യൻ ഓഹരിവിപണിയിൽ കണ്ടത്. എന്നാൽ, കറൻസി വിപണിയിലും കടപ്പത്ര വിപണിയിലും കാര്യമായ ഇടിവുണ്ടായി. ഇന്ത്യയുടെ റിസർവ് ബാങ്ക് അടക്കം എല്ലാ രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ ജാഗ്രത പുലർത്തിയതിനാൽ ഒരു കറൻസിപോലും നിയന്ത്രണം വിട്ടുപോയില്ല.

ഓഹരിവിപണികളിൽ ഇന്നലത്തെ ആഗോളനഷ്‌ടം 135 ലക്ഷം കോടി രൂപ (രണ്ടു ലക്ഷംകോടി ഡോളർ) വരും. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) ത്തോളം വരുന്ന തുകയാണത്.

ധനകാര്യ കമ്പോളങ്ങളിലെ തകർച്ച ചെറുതായിരുന്നതിനാൽ സുരക്ഷിത നിക്ഷേപമായ സ്വർണത്തിന്റെ ഉയർച്ചയും മിതമായിരുന്നു. ക്രൂഡ് ഓയിൽ വീപ്പയ്ക്കു രണ്ടു ഡോളർ (ഏകദേശം നാലു ശതമാനം) കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ അതു തിരിച്ചു കയറാനാണ് ഇട.

ഇന്ത്യൻ ഓഹരി സൂചിക സെൻസെക്സ് ഒരവസരത്തിൽ 1100 പോയിന്റിലേറെ താഴെ പോയെങ്കിലും ഒടുവിൽ വെറും 604.51 പോയിന്റ് (2.24 ശതമാനം) നഷ്‌ടത്തിലാണു ക്ലോസ് ചെയ്തത്. 25911.33 വരെ താണിട്ട് ക്ലോസിംഗ് ആയപ്പോൾ 26397.71 ആയി. നിഫ്റ്റി 181.85 പോയിന്റ് (2.2 ശതമാനം) നഷ്‌ടത്തിൽ 8086.6ൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ധനകാര്യ സ്‌ഥാപനങ്ങൾ വിപണിയിൽ വലിയ തുക ഇറക്കിയതാണു തകർച്ച ഒഴിവാക്കിയത്. ഓഹരികളുടെ വിപണി മൂല്യത്തിൽ 1.79 ലക്ഷം കോടി രൂപ ഇന്നലെ നഷ്‌ടപ്പെട്ടു.

രൂപ ആദ്യം കുത്തനെ ഇടിഞ്ഞെങ്കിലും റിസർവ് ബാങ്ക് ഡോളർ ഇറക്കിയതോടെ കയറി. ഒടുവിൽ 71 പൈസ മാത്രമാണു വിനിമയ നിരക്കിൽ കുറഞ്ഞത്. ഡോളർ തലേന്നത്തെ 67.25 രൂപയിൽനിന്ന് 67.96 രൂപയിലേക്കു കയറി. ഒരവസരത്തിൽ 68.21 രൂപ വരെ ഡോളർ കയറിയതാണ്. 2015 ഓഗസ്റ്റ് 24നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്നലത്തേത്. 1.06 ശതമാനം വീഴ്ചയേ രൂപയ്ക്കുണ്ടായുള്ളു. എന്നാൽ, രൂപ കുറേക്കൂടി താഴുന്നതിലാണു ഗവൺമെന്റിനും കയറ്റുമതിക്കാർക്കും ഐടി മേഖലയ്ക്കും താത്പര്യം.


ബ്രിട്ടീഷ് പൗണ്ടിനാണ് ഏറ്റവും വലിയ വീഴ്ച. എല്ലാവരും അതു പ്രതീക്ഷിച്ചതാണെങ്കിലും വേണ്ടത്ര കരുതൽ എടുക്കാത്തവർക്കു വലിയ നഷ്‌ടം നേരിട്ടു. തലേന്നു പൗണ്ടിനു 100.2 രൂപയായിരുന്നത് ഇന്നലെ 93.13 രൂപയായി. പൗണ്ടിനെതിരേ രൂപയ്ക്ക് ഏഴര ശതമാനം കയറ്റം ഉണ്ടായി. യൂറോയോടും രൂപയ്ക്കു നേട്ടം. 76.57 രൂപയിൽനിന്ന് 74.8 രൂപയിലേക്കു യൂറോ താണു. അതേസമയം, ജാപ്പനീസ് യെൻ 100 യെനിന് 63.61 രൂപയിൽനിന്ന് 66.26 രൂപയിലേക്കു കയറി.

വിദേശ വിപണിയിൽ ഡോളറിനോടുള്ള ബ്രിട്ടീഷ് പൗണ്ടിന്റെ നിരക്ക് 10 ശതമാനം താണു. പൗണ്ട് 1.3229 ഡോളർ എന്ന 1985ലെ നിലയിലേക്കു താണു. പിന്നീട് 1.36 ലേക്കു കയറി. യൂറോ ഡോളർ നിരക്കിൽ 2.4 ശതമാനം ഇടിവ് യൂറോയ്ക്കുണ്ടായി. ഒരു യൂറോയ്ക്ക് 1.11 ഡോളറായി ഇന്നലെ.

ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും ഓഹരികൾ കുത്തനേ ഇടിഞ്ഞു. ശരാശരി അഞ്ചുശതമാനമാണ് ഓഹരിവിപണികളിലെ ഇടിവ്.

സ്വർണവിപണി വലിയ ചാഞ്ചാട്ടം കാണിച്ചു. രാവിലെ ഔൺസിന് 1246.11 ഡോളർ ആയിരുന്ന വില ബ്രെക്സിറ്റ് വിധി വ്യക്‌തമായതോടെ 1355.01 ഡോളറിലേക്കു കയറി. പിന്നീടു സാവധാനം താണ് ഇന്ത്യൻ സമയം രാത്രി 10 മണി ആയതോടെ 1315 ഡോളർ ആയി. 4.3 ശതമാനം കയറ്റമാണിത്.

കേരളത്തിൽ പവന് 480 രൂപ വർധിച്ച് 22400 രൂപയായി. മുംബൈയിൽ സ്റ്റാൻഡാർഡ് സ്വർണം 10 ഗ്രാമിന് 1225 രൂപ കൂടി 30755 രൂപയായി. വെള്ളി കിലോഗ്രാമിന് 1575 രൂപ കയറി 42930 രൂപയായി. തിങ്കളാഴ്ചയോടെ കമ്പോളങ്ങൾ സ്‌ഥിരത കൈവരിക്കുമെന്നു നിരീക്ഷകർ കരുതുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.