ഇൻഫോ പാർക്കിൽ മുത്തൂറ്റ് ഗ്രൂപ്പ് ഐടി പാർക്ക്
ഇൻഫോ പാർക്കിൽ മുത്തൂറ്റ് ഗ്രൂപ്പ് ഐടി പാർക്ക്
Friday, June 24, 2016 11:37 AM IST
തിരുവനന്തപുരം: ഇൻഫോപാർക്കിന്റെ രണ്ടാം ഘട്ടവികസനത്തിന്റെ ഭാഗമായി മുത്തൂറ്റ് ഗ്രൂപ്പ് 9.37 ഏക്കർ സ്‌ഥലത്ത് ഐടിപാർക്ക് വികസിപ്പിക്കും. മുഖ്യമന്ത്രിയും ഐടി മന്ത്രിയുമായ പിണറായി വിജയന്റെ ഓഫീസിൽ ഇൻഫോപാർക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഋഷികേശ് നായരും മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടറായ ജോർജ് അലക്സാണ്ടറും മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെയും സാന്നിധ്യത്തിൽ ഇതിനായുള്ള ഉടമ്പടി കൈമാറി.

ഉടമ്പടിപ്രകാരം ഇൻഫോപാർക്കിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ മുത്തൂറ്റ് ഗ്രൂപ്പ് 10 ലക്ഷം ചതുരശ്ര അടിയിൽ ഐടി, ഐടി അനുബന്ധ അടിസ്‌ഥാന സൗകര്യ വികസനം നടത്തും. വിശാലമായ പാർക്കിംഗ് സൗകര്യവും ലാൻഡ് സ്കേപിംഗും ഉൾക്കൊള്ളുന്ന രണ്ട് ഇരട്ട കെട്ടിട സമുച്ചയങ്ങളാണു മുത്തൂറ്റ് ഐടി പാർക്കിനായി വിഭാവനം ചെയ്യുന്നത്. രണ്ടു കെട്ടിടത്തിനും അഞ്ചു ലക്ഷം ചതുരശ്ര അടിയാണു വിസ്തൃതി. പണി പൂർത്തിയാകുമ്പോഴേക്കും 8,000 പേർക്കു തൊഴിൽ ലഭിക്കും.


മുത്തൂറ്റ് ഐടി പാർക്കിന്റെ വികസനത്തിനായി 450 കോടി രൂപയാണു മുതൽ മുടക്കുന്നതെന്നും 2020തോടെ പ്രവർത്തനം ആരംഭിക്കാനാണു പദ്ധതിയിട്ടിരിക്കുന്നതെന്നും മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ അറിയിച്ചു. തുടക്ക കമ്പനികളെ പ്രോത്സാഹിപ്പിക്കാനായി പാർക്കിൽ ഇൻകുബേഷൻ കേന്ദ്രം സ്‌ഥാപിക്കും. ഫുഡ്കോർട്ട് ഉൾപ്പെടെയുള്ള എല്ലാ അനുബന്ധ സൗകര്യങ്ങളും ഒരുക്കമെന്ന് അദ്ദേഹം പറഞ്ഞു.

മുത്തൂറ്റ് ഫിനാൻസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് ജേക്കബ്, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് വർഗീസ്, ഇൻഫോപാർക്ക് മാർക്കറ്റിംഗ് മാനേജർ അരുൺ രാജീവൻ തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.