ജയ്റ്റ്ലിയെ കൊച്ചാക്കി സ്വാമി; പട്ടേലും ദാസും പുതിയ ഇരകൾ
ജയ്റ്റ്ലിയെ കൊച്ചാക്കി സ്വാമി; പട്ടേലും ദാസും പുതിയ ഇരകൾ
Thursday, June 23, 2016 10:57 AM IST
ന്യൂഡൽഹി: സുബ്രഹ്മണ്യൻ സ്വാമി അടങ്ങുന്നില്ല. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും ബിജെപിയും സ്വാമിയെ തള്ളിപ്പറഞ്ഞിട്ടും സ്വാമി ആക്രമണവുമായി മുന്നോട്ടു തന്നെ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനെ മാത്രമല്ല ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ സെക്രട്ടറി ശക്‌തി കാന്തദാസിനെയും സ്വാമി ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നു. ഒടുവിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കു നേരേയും തിരിഞ്ഞു.

അരവിന്ദ് സുബ്രഹ്മണ്യൻ ഇന്ത്യയുടെ താത്പര്യങ്ങൾക്ക് എതിരായി അമേരിക്കയുടെ കൂടെ നിലയുറപ്പിച്ചു എന്ന ആക്ഷേപം സ്വാമി ഇന്നലെ ആവർത്തിച്ചു. ഇതു രാജ്യസ്നേഹമാണെന്നു ഗവൺമെന്റ് പറഞ്ഞാൽ താൻ എതിർപ്പ് നിർത്താമെന്നു സ്വാമി പരിഹസിച്ചു. ഔഷധകമ്പനികളുടെ പേറ്റന്റ് വിഷയത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യൻ അമേരിക്കൻ കമ്പനികളുടെ പക്ഷത്തുനിന്നത്. 2013–ലാണു സംഭവം. അന്ന് ഇന്ത്യയുടെ മേൽ സമ്മർദം ചെലുത്താൻ യുഎസ് ഗവൺമെന്റിന് സുബ്രഹ്മണ്യൻ ഉപദേശം നല്കി. ഐഎംഎഫിൽ ഉദ്യോഗസ്‌ഥനായിരുന്നു സുബ്രഹ്മണ്യൻ അന്ന്.

വൈകുന്നേരമായപ്പോൾ ജയ്റ്റ്ലിയെ നേരിട്ടാക്രമിച്ച് സ്വാമി രംഗത്തുവന്നു. അരവിന്ദ് സുബ്രഹ്മണ്യനെപ്പറ്റി ജയ്റ്റ്ലി എന്തും പറഞ്ഞോട്ടെ. ഞാൻ അതു വകവയ്ക്കുന്നില്ല. എനിക്കു പാർട്ടി പ്രസിഡന്റിനോടും പ്രധാനമന്ത്രിയോടും പറയാനറിയാം എന്നാണു സ്വാമി ട്വീറ്റ് ചെയ്തത്.


സോണിയാഗാന്ധിയെയും മറ്റും ആക്രമിക്കുന്നതിനു പ്രതിഫലമായി സ്വാമി ധനമന്ത്രിപദം ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണു റിസർവ് ബാങ്ക് ഗവർണറെയും മറ്റും ആക്രമിച്ചതെന്നു സ്വാമിയുടെ യഥാർഥ ലക്ഷ്യം അരുൺ ജയ്റ്റ്ലിയാണെന്നും കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ദിഗ്വിജയ്സിംഗ് പറഞ്ഞിരുന്നു. അതു ശരിവയ്ക്കും വിധമാണു സ്വാമിയുടെ പുതിയ നീക്കം.

സാമ്പത്തികകാര്യ സെക്രട്ടറി ശക്‌തികാന്ത ദാസ്, മുൻ കോൺഗ്രസ് മന്ത്രി പി. ചിദംബരം ഉൾപ്പെട്ട ഒരു ഭൂമി കൈയടക്കൽ കേസിൽ പ്രതിയായതിനാൽ അദ്ദേഹത്തെ റിസർവ് ബാങ്ക് ഗവർണർ സ്‌ഥാനത്തേക്കു പരിഗണിക്കരുതെന്നു സ്വാമി ട്വീറ്റ് ചെയ്തിരുന്നു. അച്ചടക്കമുള്ള ഒരു ഉദ്യോഗസ്‌ഥനെതിരേ സ്വാമി അന്യായമായി കുറ്റാരോപണം നടത്തുകയാണെന്നു ജയ്റ്റ്ലി ഇതിനു മറുപടിയായി ട്വീറ്റ് ചെയ്തു.

റിസർവ് ബാങ്കിന്റെ മുൻ ഡെപ്യൂട്ടി ഗവർണർ ഊർജിത് പട്ടേലിനെതിരേയും സ്വാമി ആരോപണമുന്നയിച്ചു. അദ്ദേഹത്തെയും റിസർവ് ബാങ്ക് ഗവർണർ സ്‌ഥാനത്തേക്ക് പരിഗണിക്കരുതെന്നാണ് ആവശ്യം.

അരവിന്ദ് സുബ്രഹ്മണ്യൻ, ശക്‌തികാന്ത ദാസ്, ഊർജിത് പട്ടേൽ എന്നിവർ ഗവർണർ സ്‌ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരിലുണ്ട്. ഹാർവാഡിൽനിന്നു ധനശാസ്ത്ര പിഎച്ച്ഡി എടുത്ത സ്വാമിയുടെ യഥാർഥലക്ഷ്യം ആർക്കും വ്യക്‌തമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.