കമ്പോളങ്ങളിൽ ആശ്വാസം
കമ്പോളങ്ങളിൽ ആശ്വാസം
Thursday, June 23, 2016 10:57 AM IST
മുംബൈ/ലണ്ടൻ: ബ്രെക്സിറ്റ് (ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു പിന്മാറുന്നത്) ഉണ്ടാകില്ലെന്ന ബോധ്യത്തിൽ ഓഹരി–കറൻസി വിപണികൾ. ഒടുവിലത്തെ അഭിപ്രായ സർവേയിൽ 55 ശതമാനം യൂണിയനിൽ തുടരാനും 45 ശതമാനം പിന്മാറാനും ആഗ്രഹിക്കുന്നു എന്നാണു കാണുന്നത്. 51–49 എന്ന തോതിലുള്ള സർവേയും ഇന്നലെ പുറത്തുവന്നു.

വാതുവയ്പുകാർ ബ്രിട്ടൻ യൂണിയനിൽ തുടരുന്നതിനുള്ള സാധ്യത 88 ശതമാനമാണെന്നു സൂചിപ്പിച്ചു. ഇതു കമ്പോളങ്ങളെ ആശ്വസിപ്പിച്ചു.

യൂറോപ്യൻ, ബ്രിട്ടീഷ് ഓഹരികൾ തുടർച്ചയായ അഞ്ചാം ദിവസവും കയറി. ബ്രിട്ടീഷ് പൗണ്ടിന്റെ വില കഴിഞ്ഞ ഡിസംബറിനുശേഷമുള്ള ഏറ്റവും കൂടിയ നിലയിലായി. ഒരു പൗണ്ടിന് 1.49 ഡോളറായി ഇന്നലെ.


ഇന്ത്യൻ ഓഹരികളും രൂപയും ഇന്നലെ കുതിച്ചു. സെൻസെക്സ് 236.57 പോയിന്റ് കയറി 27,002.22 ആയി. രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയാണിത്. നിഫ്റ്റി 66.75 പോയിന്റ് കയറി 8,270.45–ൽ ക്ലോസ് ചെയ്തു.

ഡോളറിന് ഇന്നലെ 22 പൈസ നഷ്ടമായി. ഡോളർ നിരക്ക് 67.25 രൂപയായി താണു.

ബ്രിട്ടീഷ് പൗണ്ട് 100.21 രൂപയിലേക്കു കയറി. യൂറോയ്ക്കും നേട്ടമുണ്ടായി. ഒരു യൂറോയ്ക്ക് 76.58 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.